ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സ്വാപ് ഡീലുകളിലൊന്നിലൂടെയായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് സഞ്ജു സാംസണെ ചെപ്പോക്കിലെത്തിച്ചത്. രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരെ പകരം നല്‍കിയാണ് ആരാധകരുടെ ചേട്ടനെ ടീം സ്വന്തമാക്കിയത്.
രാജസ്ഥാന്‍ റോയല്‍സില്‍ ലെജന്‍ഡ് സ്റ്റാറ്റസ് സ്വന്തമാക്കിയതിന് ശേഷമായിരുന്നു സഞ്ജുവിന്റെ പടിയിറക്കം. ടീമിനെ കിരീടം ചൂടിക്കാന്‍ സാധിച്ചില്ലെങ്കിലും ഷെയ്ന്‍ വോണിന് ശേഷം ടീമിനെ ഫൈനലിലെത്തിച്ച ആദ്യ നായകനായിരുന്നു സഞ്ജു.
ഇതിനൊപ്പം ടീമിനായി ഏറ്റവുമധികം മത്സരങ്ങള്‍, ഏറ്റവുമധികം റണ്‍സ്, ഏറ്റവുമധികം വിജയം സ്വന്തമാക്കുന്ന ക്യാപ്റ്റന്‍ തുടങ്ങി പല റെക്കോഡുകളും തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്താണ് സഞ്ജു സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നിന്നും പടിയിറങ്ങിയത്.
ഇപ്പോള്‍ എന്തുകൊണ്ട് താന്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ടു എന്നതിനെ കുറിച്ച് സംസാരിക്കുകയാണ് സഞ്ജു. രാജസ്ഥാന്‍ റോയല്‍സില്‍ തന്റെ സമയം അവസാനിച്ചുവെന്ന് തോന്നിയതിനാലാണ് ടീം വിട്ടതെന്നാണ് സഞ്ജു പറയുന്നത്.
‘ഇതാദ്യമായാണ് ഞാന്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കളിക്കാനൊരുങ്ങുന്നത്. എന്നാല്‍ കളിക്കളത്തില്‍ ഒരിക്കലും ഞാന്‍ വൈകാരികമായി പെരുമാറില്ല. രാജസ്ഥാനില്‍ എന്റെ സമയം അവസാനിച്ചു എന്ന് തോന്നിയതുകൊണ്ടാണ് ഞാന്‍ ടീം വിട്ടത്. ഞാന്‍ എന്റെ ഏറ്റവും മികച്ച ക്രിക്കറ്റ് തന്നെ പുറത്തെടുക്കും,’ സഞ്ജു പറഞ്ഞു.
2013ലാണ് സഞ്ജു സാംസണ്‍ രാജസ്ഥാന്റെ ഭാഗമാകുന്നത്. ആദ്യ സീസണില്‍ തന്നെ എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം നേടിയാണ് സഞ്ജു വരവറിയിച്ചത്. അന്താരാഷ്ട്ര അരങ്ങേറ്റം നടത്തുമ്പോഴും ആദ്യമായി ലോകകപ്പില്‍ മുത്തമിടുമ്പോഴും സഞ്ജു രാജസ്ഥാന്റെ പിങ്ക് ജേഴ്‌സിയാണ് അണിഞ്ഞിരുന്നത്.
ടീമിന് വിലക്ക് ലഭിച്ച രണ്ട് സീസണുകളില്‍ ദല്‍ഹിക്കായി കളിച്ചതൊഴിച്ചാല്‍ രാജസ്ഥാന്‍ ക്യാമ്പില്‍ സഞ്ജു സ്ഥിരസാന്നിധ്യമായി തുടര്‍ന്നു.
ശിഖര്‍ ധവാനൊപ്പം ടോസിനിടെ
രാജസ്ഥാനായി ബാറ്റെടുത്ത 150 ഇന്നിങ്‌സില്‍ നിന്നും 4219 റണ്‍സാണ് സഞ്ജുവിന്റെ പേരിലുള്ളത്. 31.96 ശരാശരിയിലും 140.53 സ്‌ട്രൈക് റേറ്റിലും സ്‌കോര്‍ ചെയ്ത താരം രണ്ട് സെഞ്ച്വറിയും 26 അര്‍ധ സെഞ്ച്വറിയും രാജസ്ഥാനായി നേടിയിട്ടുണ്ട്.
പുതിയ സീസണില്‍ പുതിയ ടീമിനൊപ്പം കളത്തിലിറങ്ങുന്ന സഞ്ജു രാജസ്ഥാനെതിരായണ് ആദ്യ മത്സരത്തില്‍ ബാറ്റേന്തുക എന്നതും ശ്രദ്ധേയമാണ്. രാജസ്ഥാന്റെ രണ്ടാം ഹോം സ്‌റ്റേഡിയമായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയമാണ് വേദി.
Content Highlight: IPL 2026: Sanju Samson on why he left Rajasthan Royals