അനാവശ്യ നേട്ടവുമായി സഞ്ജു; നാണക്കേടില്‍ ചേട്ടന്റെ സ്ഥാനം ഇനി ഇന്ത്യന്‍ ക്യാപ്റ്റനൊപ്പം
Cricket
അനാവശ്യ നേട്ടവുമായി സഞ്ജു; നാണക്കേടില്‍ ചേട്ടന്റെ സ്ഥാനം ഇനി ഇന്ത്യന്‍ ക്യാപ്റ്റനൊപ്പം
ഫസീഹ പി.സി.
Friday, 22nd May 2026, 10:46 am

2026 ഐ.പി.എല്ലില്‍ നിന്ന് പുറത്തായിരിക്കുകയാണ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ്. കഴിഞ്ഞ ദിവസം നടന്ന ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടന്ന മത്സരത്തില്‍ 89 റണ്‍സിന് പരാജയപ്പെട്ടതിന് പിന്നാലെ ടീം പുറത്താവുകയായിരുന്നു.

ഗുജറാത്ത് ആദ്യം ബാറ്റ് ചെയ്ത് 230 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തിയിരുന്നു. ഇത് പിന്തുടര്‍ന്ന ചെന്നൈയ്ക്ക് കാലിടറി. 140 റണ്‍സില്‍ തന്നെ താരങ്ങളെല്ലാം കൂടാരം കയറിയതോടെ ചെന്നൈ തോല്‍വി വഴങ്ങുകയായിരുന്നു.

സഞ്ജു സാംസൺ. Photo: Shebas/x.com

മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. താരം നേരിട്ട ആദ്യ പന്തില്‍ ഗോള്‍ഡന്‍ ഡക്കായി തിരികെ നടന്നു. മുഹമ്മദ് സിറാജിന്റെ പന്തില്‍ ജോസ് ബട്‌ലറിന് ക്യാച്ച് നല്‍കി താരത്തിന്റെ മടക്കം.

ഇതോടെ ഒരു നാണക്കേടും സഞ്ജു തന്റെ പേരില്‍ കുറിച്ചു. ടി – 20യില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കായ രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന അനാവശ്യ നേട്ടമാണ് വിക്കറ്റ് കീപ്പര്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ ടി – 20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും മുന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിനും ഒപ്പം മലയാളി ബാറ്റര്‍ ഈ നേട്ടം പങ്കിടുന്നത്. മൂവരും 26 തവണയാണ് കുട്ടി ക്രിക്കറ്റില്‍ പൂജ്യത്തിന് പുറത്തായത്.

ഈ ലിസ്റ്റില്‍ ഒന്നാമത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും മുംബൈ ഇന്ത്യന്‍സ് താരവുമായ രോഹിത് ശര്‍മയാണ്. താരം 31 തവണയാണ് ടി – 20യില്‍ റണ്‍സൊന്നും നേടാതെ തിരികെ നടന്നത്.

ടി – 20യില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കായ ഇന്ത്യന്‍ താരങ്ങള്‍

(താരം – ഇന്നിങ്സ് – എണ്ണം എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – 458 – 31

സഞ്ജു സാംസണ്‍ – 327 – 26

സൂര്യകുമാര്‍ യാദവ് – 346 – 26

ദിനേശ് കാര്‍ത്തിക് – 367 – 26

അജിന്‍ക്യ രഹാനെ – 290 – 23

അമ്പാട്ടി റായിഡു – 279 – 21

സഞ്ജു സാംസണ്‍. Photo: IndianPremierLeague/x.com

ഈ സീസണില്‍ ഇത് ആദ്യമായാണ് സഞ്ജു പൂജ്യത്തിന് പുറത്തായത്. സീസണുടനീളം മലയാളി താരം മികച്ച പ്രകടങ്ങളാണ് കാഴ്ച്ചവെച്ചത്. 14 ഇന്നിങ്സുകളില്‍ കളിച്ച താരം 477 റണ്‍സ് നേടിയിട്ടുണ്ട്. ചെന്നൈയുടെ ടോപ് സ്‌കോററാവും ചേട്ടന്‍ തന്നെയാണ്.

രണ്ട് സെഞ്ച്വറികളാണ് ഈ സീസണില്‍ അടിച്ച് കൂട്ടിയത്. ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയും മുംബൈ ഇന്ത്യന്‍സിനെതിരെയുമായിരുന്നു ഈ സെഞ്ച്വറികള്‍. ദല്‍ഹിക്കെതിരെ പുറത്താവാതെ 115 റണ്‍സെടുത്തപ്പോള്‍ മുംബൈക്കെതിരെ അപരാജിത 101 റണ്‍സായിരുന്നു 31കാരന്റെ സമ്പാദ്യം.

Content Highlight: IPL 2026: Sanju Samson equals with Suryakumar Yadav and Dinesh Karthik in most ducks in T20s

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി