വൈഭവിന്റെ സെഞ്ച്വറി വിഫലം; ഓറഞ്ച് ആര്‍മിയുടെ താണ്ഡവത്തില്‍ രാജസ്ഥാന്‍ ചാരം!
IPL
വൈഭവിന്റെ സെഞ്ച്വറി വിഫലം; ഓറഞ്ച് ആര്‍മിയുടെ താണ്ഡവത്തില്‍ രാജസ്ഥാന്‍ ചാരം!
ഫസീഹ പി.സി.
Saturday, 25th April 2026, 11:54 pm

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച് സണ്‍റൈസേഴ്സ് ഹൈദരബാദ്. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ടീമിന്റെ വിജയം. വൈഭവ് സൂര്യവംശിയുടെ സെഞ്ച്വറിക്ക് രണ്ട് അര്‍ധ സെഞ്ച്വറിയായിരുന്നു ഓറഞ്ച് ആര്‍മിയുടെ മറുപടി.

രാജസ്ഥാന്‍ ഉയര്‍ത്തിയ 229 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരബാദ് ഒമ്പത് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഇതോടെ ഉദയസൂര്യന്മാര്‍ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സിന് മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ യശസ്വി ജെയ്സ്വാളിനെ (എട്ട് പന്തില്‍ പത്ത്) നഷ്ടമായിരുന്നു. ഇഷാന്‍ മലിംഗക്കായിരുന്നു വിക്കറ്റ്. പിന്നാലെ വൈഭവ് സൂര്യവംശിയും ധ്രുവ് ജുറെലും ഒന്നിച്ചു. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡിലേക്ക് 112 റണ്‍സ് ചേര്‍ത്ത് പിരിഞ്ഞു.

35 പന്തില്‍ 51 റണ്‍സുമായി ജുറെല്‍ തിരികെ നടന്നതോടെയാണ് ഈ സഖ്യം പിരിഞ്ഞത്. അടുത്ത ഓവറില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ വൈഭവും കൂടാരം കയറി. 37 പന്തില്‍ 103 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. നിതീഷ് കുമാര്‍ റെഡ്ഡിയും സാകിബ് ഹുസൈനുമാണ് രാജസ്ഥാന് പ്രഹരമേല്പിച്ചത്.

വൈഭവ് സൂര്യവംശി.Photo: espncricinfo.com

പിന്നാലെ റിയാന്‍ പരാഗ് (ഒമ്പത് പന്തില്‍ ഏഴ്) പാറ്റ് കമ്മിന്‍സ് മുന്നിലും ഡൊണോവന്‍ ഫെരേര (16 പന്തില്‍ 33) മലിംഗക്ക് മുന്നിലും വീണു. ക്രീസിലെത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ 11 റണ്‍സെടുത്ത് പ്രഫുല്‍ ഹിംഗെയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി.

ജഡേജ മൂന്ന് പന്തില്‍ നാല് റണ്‍സെടുത്തും ജോഫ്ര രണ്ട് പന്തില്‍ റണ്‍സുമായും നിന്നതോടെ രാജസ്ഥാന് ആറ് വിക്കറ്റിന് 228 റണ്‍സ് എന്ന നിലയിലെത്തി.

മറുപടി ബാറ്റിങ്ങില്‍ ആദ്യ ഓവറില്‍ തന്നെ ആര്‍ച്ചര്‍ ട്രാവിസ് ഹെഡിനെ (അഞ്ച് പന്തില്‍ ആറ്) മടക്കി. അതോടെ ഒന്നിച്ച അഭിഷേക് ശര്‍മ ഇഷാന്‍ കിഷന്‍ സഖ്യം 132 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ആദ്യം 29 പന്തില്‍ 57 റണ്‍സുമായി അഭിഷേകും രണ്ട് ഓവറുകള്‍ക്ക് ശേഷം ഇഷാന്‍ കിഷന്‍ 31 പന്തില്‍ 74 റണ്‍സുമായും തിരികെ നടന്നു. യഥാക്രമം ഡൊണോവന്‍ ഫെരേര, ആര്‍ച്ചര്‍ എന്നിവര്‍ക്കായിരുന്നു ഈ വിക്കറ്റുകള്‍.

പിന്നീട് ഒരുമിച്ച നിതീഷ് – ക്ലാസന്‍ ജോഡി ടീം സ്‌കോര്‍ 200 കടത്തി. ഏറെ വൈകാതെ 18 പന്തില്‍ 36 റണ്‍സുമായി നിതീഷ് ബ്രിജേഷ് ശര്‍മയുടെ പന്തില്‍ പുറത്തായി. അതേ ഓവറില്‍ തന്നെ 24 പന്തില്‍ 29 റണ്‍സുമായി ക്ലാസനും മടങ്ങി.

അതോടെ ക്രീസിലെത്തിയ അനികേത് വര്‍മയെ (ഒരു പന്തില്‍ ഒന്ന്) കാഴചക്കാരനാക്കി സലീല്‍ അറോറ (മൂന്ന് പന്തില്‍ എട്ട്) സിക്‌സടിച്ച് ഹൈദരബാദിന് വിജയം സമ്മാനിച്ചു. ഇത് ഹൈദരാബാദിന്റെ ഈ സീസണിലെ അഞ്ചാം ജയമാണ്.

Content Highlight: IPL 2026: RR vs SRH: Sunrisers Hyderabad defeated Rajasthan Royals

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി