2026 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ പരാജയപ്പെടുത്തി ടീം നാലാം വിജയം സ്വന്തമാക്കിയിരുന്നു. ഗുവാഹത്തിയിലെ ബര്‍സപാര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു പരാഗും സംഘവും വിജയിച്ചത്.
ആര്‍.സി.ബി ഉയര്‍ത്തിയ 202 റണ്‍സിന്റെ വിജയലക്ഷ്യം പിങ്ക് ആര്‍മി 12 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ധ്രുവ് ജുറെലിന്റെയും വൈഭവ് സൂര്യവംശിയുടെയും കരുത്തിലാണ് ടീമിന്റെ വിജയം.

സന്ദീപ് ശർമ. Photo: iplt20.com
മത്സരത്തില്‍ സന്ദീപ് ശര്‍മ ഒരു വിക്കറ്റ് നേടിയിരുന്നു. നാല് ഓവറില്‍ 47 റണ്‍സ് വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ ഈ പ്രകടനം. ആര്‍.സി.ബി ക്യാപ്റ്റന്‍ രജത് പടിദാറിനെയാണ് പേസര്‍ വീഴ്ത്തിയത്.
ഈ വിക്കറ്റോടെ സന്ദീപ് ഐ.പി.എല്ലില്‍ 150 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനൊപ്പം തന്നെ ഒരു നേട്ടവും താരം സ്വന്തമാക്കി. ഐ.പി.എല്ലില്‍ ആര്‍.സി.ബിക്കെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമെന്ന നേട്ടമാണ് പേസര്‍ കുറിച്ചത്.
30 വിക്കറ്റുകള്‍ നേടിയാണ് സന്ദീപ് ഒന്നാമതെത്തിയത്. മുംബൈ ഇന്ത്യന്‍സ് ബൗളര്‍ ജസ്പ്രീത് ബുംറയെ മറികടന്നാണ് ഈ നേട്ടം. ബുംറ ആര്‍.സി.ബിക്കെതിരെ 29 വിക്കറ്റുകളാണ് പിഴുതിട്ടുള്ളത്.
ഐ.പി.എല്ലില്‍ ആര്‍.സി.ബിക്കെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം, വിക്കറ്റ്
സന്ദീപ് ശര്‍മ – 30
ജസ്പ്രീത് ബുംറ – 29
സുനില്‍ നരെയ്ന്‍ – 27
രവീന്ദ്ര ജഡേജ – 27
ആര്‍. അശ്വിന്‍ – 25
DAL BAATI CHOORMA
RAVI BHAI SA SOORMA 🔥 pic.twitter.com/GaLpMtDgZS— Rajasthan Royals (@rajasthanroyals) April 10, 2026
സന്ദീപിന് പുറമെ, രാജസ്ഥാനായി രവി ബിഷ്ണോയി, ബ്രിജേഷ് ശര്‍മ, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.
ഏപ്രില്‍ 13നാണ് രാജസ്ഥാന്‍ അടുത്ത മത്സരത്തിന് ഇറങ്ങുന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് എതിരാളികള്‍. എസ്.ആര്‍.എച്ചിന്റെ ഹോം ഗ്രൗണ്ടായ ഉപ്പല്‍ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.
Content Highlight: IPL 2026: RR vs RCB: Sandeep Sharma tops the list of most wickets against RCB in IPL by surpassing Jasprit Bumrah
