വേട്ട തുടരാന്‍ കോഹ്‌ലി; കിങ് താണ്ഡവമാടിയാല്‍ ചരിത്രം പിറക്കും!
Cricket
വേട്ട തുടരാന്‍ കോഹ്‌ലി; കിങ് താണ്ഡവമാടിയാല്‍ ചരിത്രം പിറക്കും!
ഫസീഹ പി.സി.
Sunday, 10th May 2026, 2:16 pm

ഐ.പി.എല്ലില്‍ ഇന്ന് ആരാധകര്‍ ഒരു സൂപ്പര്‍ ക്ലാഷിന് കൂടിയാണ് സാക്ഷിയാവുക. ഡബിള്‍ ഹെഡര്‍ സണ്‍ഡേയിലെ രണ്ടാം മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സുമാണ് നേര്‍ക്കുനേര്‍ വരുന്നത്. ന്യൂ റായ്പൂരിലെ ശഹീദ് വീര്‍ നാരായണ്‍ സിങ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ കാത്ത് ഒരു സൂപ്പര്‍ നേട്ടമുണ്ട്. ടി – 20യില്‍ 14000 റണ്‍സ് എന്ന മൈല്‍സ്റ്റോണാണ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിക്കുക. ഈ നേട്ടത്തിലെത്താന്‍ കിങ്ങിന് 78 റണ്‍സാണ് വേണ്ടത്.

വിരാട് കോഹ്‌ലി. Photo: iplt20.com

ടി – 20യില്‍ വിരാട് നിലവില്‍ 406 ഇന്നിങ്‌സുകളില്‍ കളിച്ച് 13922 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യ, ഇന്ത്യന്‍സ്, ദല്‍ഹി, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് താരം ഈ ഫോര്‍മാറ്റില്‍ കളത്തില്‍ ഇറങ്ങിയിട്ടുള്ളത്.

മത്സരത്തില്‍ 78 റണ്‍സ് നേടി ഈ നാഴികക്കല്ലിലെത്തിയാല്‍ ടി – 20യില്‍ 14000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും കോഹ്‌ലിയ്ക്ക് സ്വന്തമാക്കാം. ഇതിനൊപ്പം ലോകത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ താരം എന്ന നേട്ടവും കിങ്ങിന് നേടിയെടുക്കാന്‍ സാധിക്കും.

വിരാട് കോഹ്‌ലി. Photo: IndianPremierLeague/x.com

ക്രിസ് ഗെയ്ല്‍, കിറോണ്‍ പൊള്ളാര്‍ഡ്, അലക്സ് ഹെയ്ല്‍സ്, ഡേവിഡ് വാര്‍ണര്‍, ജോസ് ബട്‌ലര്‍ എന്നിവര്‍ മാത്രമാണ് ഇതുവരെ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

അതേസമയം, കോഹ്‌ലി ഈ സീസണില്‍ മികച്ച ഫോമിലാണ് ബാറ്റ് ചെയ്യുന്നത്. പത്ത് മത്സരങ്ങളില്‍ കളിച്ച് താരം ഇതുവരെ സ്‌കോര്‍ ചെയ്തത് 379 റണ്‍സാണ്. ഈ സീസണില്‍ മൂന്ന് അര്‍ധ സെഞ്ച്വറികളും താരം അടിച്ചിട്ടുണ്ട്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നേടിയ 81 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 47.38 ശരാശരിയിലും 164.06 സ്ട്രൈക്ക് റേറ്റിലുമാണ് താരത്തിന്റെ ബാറ്റിങ്.

Content Highlight: IPL 2026: RCB vs MI: Virat Kohli needs 78 runs to become first Indian to score 14000 T20 runs

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി