ഉദിച്ചുയര്‍ന്ന് കിങ് കോഹ്‌ലി; തിരുത്തികുറിച്ചത് സ്വന്തം റെക്കോഡ് തന്നെ
Cricket
ഉദിച്ചുയര്‍ന്ന് കിങ് കോഹ്‌ലി; തിരുത്തികുറിച്ചത് സ്വന്തം റെക്കോഡ് തന്നെ
ഫസീഹ പി.സി.
Sunday, 31st May 2026, 11:04 pm

അഹമ്മദാബാദ് നടക്കുന്ന ഐ.പി.എല്‍ 2026 ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടുകയാണ്. ആര്‍.സി.ബി 12 ഓവറുകള്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റിന് 116 റണ്‍സെടുത്തിട്ടുണ്ട്. അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയും ഒമ്പത് പന്തില്‍ 11 റണ്‍സെടുത്ത ടിം ഡേവിഡുമാണ് ക്രീസിലുള്ളത്.

കോഹ്‌ലി 26 പന്തുകള്‍ നേരിട്ട് 53 റണ്‍സാണ് നിലവില്‍ എടുത്തിട്ടുള്ളത്. രണ്ട് സിക്‌സറുകളും ഏഴ് ഫോറുകളുമാണ് താരത്തിന്റെ ഇന്നിങ്‌സില്‍ നിന്ന് പിറന്നത്. 192.86 സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ഇന്നിങ്സ്.

വിരാട് കോഹ്‌ലി.

ഇതോടെ ഒരു നേട്ടവും വിരാട് കുറിച്ചു. ഐ.പി.എല്ലില്‍ തന്റെ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ച്വറി എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. വെറും 25 പന്തുകള്‍ നേരിട്ടായിരുന്നു കിങ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ആര്‍.സി.ബിക്ക് വെങ്കടേഷ് അയ്യര്‍ (16 പന്തില്‍ 32), രജത് പടിദാര്‍ (13 പന്തില്‍ 15), ക്രുണാല്‍ പാണ്ഡ്യ (രണ്ട് പന്തില്‍ ഒന്ന്), ദേവ്ദത്ത് പടിക്കല്‍ (നാല് പന്തില്‍ ഒന്ന്) എന്നിവരെ നഷ്ടമായിട്ടുണ്ട്. റാഷിദ് ഖാന്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് സിറാജ്, കാഗീസോ റബാദ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 155 റണ്‍സ് എടുത്തിരുന്നു. ഗുജറാത്ത് നിരയില്‍ വാഷിങ്ടണ്‍ സുന്ദര്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. 37 പന്തില്‍ 50 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 18 പന്തില്‍ 20 റണ്‍സ് സ്‌കോര്‍ ചെയ്ത നിഷാന്ത് സിന്ധുവാണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും കാര്യമായി സംഭാവന ചെയ്യാന്‍ സാധിച്ചില്ല.

ആര്‍.സി.ബിക്കായി റാസിഖ് സലാം മൂന്ന് വിക്കറ്റുകള്‍ നേടി. ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരും രണ്ട് വിക്കറ്റുകള്‍ വീതമെടുത്തപ്പോള്‍ ക്രുണാല്‍ പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി.

Content Highlight: IPL 2026: RCB vs GT: Virat Kohli registered his fastest fifty in IPL

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി