ചെയ്സ് മാസ്റ്റര്‍ ഓണ്‍ ഫയര്‍; രണ്ടാം വട്ടവും കിരീടം തൂക്കി ബെംഗളൂരു
Cricket
ചെയ്സ് മാസ്റ്റര്‍ ഓണ്‍ ഫയര്‍; രണ്ടാം വട്ടവും കിരീടം തൂക്കി ബെംഗളൂരു
ഫസീഹ പി.സി.
Sunday, 31st May 2026, 11:39 pm

ഐ.പി.എല്ലില്‍ കിരീടം നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ഗുജറാത്തിനെ തോല്‍പ്പിച്ചാണ് ടീമിന്റെ വിജയം. സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ അര്‍ധ സെഞ്ച്വറി മികവിലാണ് ടീം തുടര്‍ച്ചയായ കിരീടം സ്വന്തമാക്കിയത്.

ഗുജറാത്ത് ഉയര്‍ത്തിയ 156 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍.സി.ബി 12 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഇതോടെ ചെന്നൈ സൂപ്പര്‍ കിങ്സിനും മുംബൈ ഇന്ത്യന്‍സിനും ശേഷം കിരീടം നിലനിര്‍ത്തുന്ന ടീമായി ബെംഗളൂരു മാറി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന് തുടക്കം തന്നെ പിഴച്ചിരുന്നു. എട്ട് ഓവറില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പിന്നാലെത്തിയവര്‍ക്കും കാര്യമായി സംഭാവന ചെയ്യാന്‍ സാധിച്ചില്ല.

അഞ്ചാമനായി ഇറങ്ങിയ വാഷിങ്ടണ്‍ സുന്ദറാണ് ടീമിനെ പിടിച്ചുയര്‍ത്തിയത്. താരം 37 പന്തില്‍ 50 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 18 പന്തില്‍ നിഷാന്ത് സിന്ധു ടീമിന്റെ രണ്ടാം ടോപ് സ്‌കോററുമായി.

വാഷിങ്ടൺ സുന്ദർ. Photo: Gujarat Titans/x.com

ആര്‍.സി.ബിക്കായി റാസിഖ് സലാം മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരും രണ്ട് വിക്കറ്റുകളും ക്രുണാല്‍ പാണ്ഡ്യ ഒരു വിക്കറ്റും സ്വന്തമാക്കി. ഇവരുടെ പ്രകടനത്തില്‍ ഗുജറാത്ത് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 155 റണ്‍സ് എന്ന സ്‌കോറില്‍ ഒതുങ്ങി.

മറുപടി ബാറ്റിങ്ങില്‍ 16 പന്തില്‍ 32 റണ്‍സ് അടിച്ച വെങ്കടേഷ് അയ്യര്‍ വെടിക്കെട്ട് പ്രകടനം നടത്തി തിരികെ നടന്നു. പിന്നാലെത്തിയ ദേവ്ദത്ത് പടിക്കല്‍ കാഗീസോ റബാദയ്ക്ക് മുന്നില്‍ വീണു. പിന്നാലെത്തിയ ക്യാപ്റ്റന്‍ രജത് പടിദാറും (13 പന്തില്‍ 15) അഞ്ചാമനായി ഇറങ്ങിയ ക്രുണാലും റാഷിദ് ഖാന്റെ ഓവറില്‍ പുറത്തായി.

വിരാട് കോഹ്‌ലി. Photo: Royal Challengers Bengaluru/x.com

അപ്പോഴെല്ലാം വിരാട് കോഹ്ലി ക്രീസില്‍ ഉറച്ചുനിന്നു. ഏറെ വൈകാതെ താരം തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. പിന്നാലെ ചേര്‍ന്ന ടിം ഡേവിഡ് തകര്‍ത്തടിച്ചു. എന്നാല്‍ 17 പന്തില്‍ 24 റണ്‍സ് നേടി അര്‍ഷദ് ഖാന് വിക്കറ്റ് നല്‍കി മടങ്ങി.

അതോടെ വിരാടും ജിതേഷ് ശര്‍മയും ഒന്നിച്ചു. 42 പന്തില്‍ 75 റണ്‍സെടുത്ത വിരാടും 14 പന്തില്‍ 11 റണ്‍സുമായി ജിതേഷും ബെംഗളുരുവിനെ രണ്ടാം കിരീടനേട്ടത്തിലേക്ക് നയിച്ചു.

Content Highlight: IPL 2026: RCB vs GT: RCB defended IPL title by defeating GT in IPL 2026 final

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി