39 ഓവറുകള്‍; ജയിച്ച ദല്‍ഹിയും തോറ്റ പഞ്ചാബും തിരുത്തി കുറിച്ചത് 13 വര്‍ഷത്തെ ചരിത്രം
Cricket
39 ഓവറുകള്‍; ജയിച്ച ദല്‍ഹിയും തോറ്റ പഞ്ചാബും തിരുത്തി കുറിച്ചത് 13 വര്‍ഷത്തെ ചരിത്രം
ഫസീഹ പി.സി.
Tuesday, 12th May 2026, 9:08 am

2026 ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം ദല്‍ഹി ക്യാപ്റ്റില്‍സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ധര്‍മശാലയില്‍ നടന്ന പഞ്ചാബ് കിങ്സിനോട് മൂന്ന് വിക്കറ്റിനാണ് ടീമിന്റെ വിജയം. ക്യാപ്റ്റന്‍ അക്സര്‍ പട്ടേലിന്റെയും ഡേവിഡ് മില്ലറുടെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ക്യാപിറ്റല്‍സ് വിജയവഴിയില്‍ തിരിച്ചെത്തിയത്.

ഈ മത്സരത്തില്‍ ഒരു അപൂര്‍വതക്ക് കൂടിയാണ് ആരാധകര്‍ സാക്ഷിയായത്. ഇരു ടീമുകളും ബൗളിങ് പൂര്‍ത്തിയാക്കിയത് ഒരു സ്പിന്നര്‍മാരെ പോലും ഉപയോഗിക്കാതെയാണ്. സ്പിന്നറായ ദല്‍ഹി ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ പോലും ഒരു ഓവര്‍ എറിഞ്ഞിട്ടില്ല എന്നതാണ് കൗതുകം.

പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും ദൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ അക്‌സർ പട്ടേലും. Photo: iplt20.com

പഞ്ചാബ് ഇന്നിങ്‌സില്‍ 20 ഓവറുകളിലും ഫാസ്റ്റ് ബൗളര്‍മാരെ അക്സര്‍ പരീക്ഷിച്ചപ്പോള്‍ ശ്രേയസ് 19 ഓവറുകളും ഇത് തന്നെ ആവര്‍ത്തിച്ചു. മിച്ചല്‍ സ്റ്റാര്‍ക്, മുകേഷ് കുമാര്‍, ലുങ്കി എന്‍ഗിഡി, അക്വിബ് നബി, മാധവ് തിവാരി എന്നിവരായിരുന്നു ദല്‍ഹി നിരയില്‍ പന്തെറിഞ്ഞത്.

മറുവശത്ത് അര്‍ഷ്ദീപ് സിങ്, മാര്‍ക്കോ യാന്‍സന്‍, മാര്‍ക്കസ് സ്റ്റോയ്നിസ്, ബെന്‍ ഡ്വാര്‍ഷുയിസ്, യാഷ് താക്കൂര്‍ എന്നിവരാണ് പഞ്ചാബ് നിരയില്‍ ബൗള്‍ ചെയ്തത്.

ഇതോടെ ഒരു സൂപ്പര്‍ നേട്ടവും കുറിക്കപ്പെട്ടു. ഏറ്റവും കൂടുതല്‍ ഓവര്‍ പേസര്‍മാര്‍ എറിഞ്ഞ രണ്ടാമത്തെ ഒരു ഐ.പി.എല്‍ മത്സരം എന്ന നേട്ടമാണിത്. 2013ല്‍ കിങ്സ് ഇലവന്‍ പഞ്ചാബ് – ദല്‍ഹി ഡെയര്‍ ഡെവിള്‍സ് മത്സരത്തിലും 2015ലെ രാജസ്ഥാന്‍ റോയല്‍സ് – ദല്‍ഹി ഡെയര്‍ ഡെവിള്‍സ് മത്സരത്തിലും 36 ഓവറുകള്‍ എറിഞ്ഞിരുന്നു. ഇത് മറികടന്നാണ് പഞ്ചാബ് – ദല്‍ഹി മത്സരം രണ്ടാമതെത്തിയത്. 39.4 ഓവറുകളില്‍ പേസര്‍മാര്‍ ഉപയോഗിച്ച 2008ലെ റോയല്‍ ചലഞ്ചേഴ്സ് ബംഗ്ലൂര്‍- ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരമാണ് ഈ ലിസ്റ്റില്‍ ഒന്നാമത്.

ഏറ്റവും കൂടുതല്‍ ഓവറുകള്‍ പേസര്‍മാര്‍ എറിഞ്ഞ ഐ.പി.എല്‍ മത്സരങ്ങള്‍

(ഓവറുകള്‍ – മത്സരം – വര്‍ഷം എന്നീ ക്രമത്തില്‍)

39.4 – റോയല്‍ ചലഞ്ചേഴ്സ് ബംഗ്ലൂര്‍ vs ചെന്നൈ സൂപ്പര്‍ കിങ്സ് – 2008

39.0 – പഞ്ചാബ് കിങ്സ് vs ദല്‍ഹി ക്യാപിറ്റല്‍സ് – 2026*

36.0 – കിങ്സ് ഇലവന്‍ പഞ്ചാബ് vs ദല്‍ഹി ഡെയര്‍ ഡെവിള്‍സ് – 2013

36.0 – രാജസ്ഥാന്‍ റോയല്‍സ് vs ദല്‍ഹി ഡെയര്‍ ഡെവിള്‍സ് – 2015

35.0 – കിങ്സ് ഇലവന്‍ പഞ്ചാബ് vs ദല്‍ഹി ഡെയര്‍ ഡെവിള്‍സ് – 2011

35.0 – രാജസ്ഥാന്‍ റോയല്‍സ് vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 2013

Content Highlight: IPL 2026: PBKS vs DC became second IPL match to bowl most overs by pacers

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി