4742 ദിവസങ്ങള്‍ക്ക് ശേഷം; കണ്ണീരിനൊടുവില്‍ ചിരിച്ച് മുംബൈ
Cricket
4742 ദിവസങ്ങള്‍ക്ക് ശേഷം; കണ്ണീരിനൊടുവില്‍ ചിരിച്ച് മുംബൈ
ഫസീഹ പി.സി.
Monday, 30th March 2026, 10:55 am

2026 ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്തയെ ആറ് വിക്കറ്റിനാണ് ടീം പരാജയപ്പെടുത്തിയത്. രോഹിത് ശര്‍മയുടെയും റയാന്‍ റിക്കില്‍ട്ടണിന്റെയും സെഞ്ച്വറി കൂട്ടുകെട്ടിന്റെ കരുത്തിലായിരുന്നു ദില്‍ സേ ആര്‍മിയുടെ വിജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് കൊല്‍ക്കത്ത ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെയും യുവതാരം അംഗ്രിഷ് രഘുവംശിയുടെയും അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ 221 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ അതേ നാണയത്തില്‍ തന്നെ മുംബൈ തിരിച്ചടിച്ചു.

റിയാന്‍ റിക്കില്‍ട്ടണും രോഹിത് ശര്‍മയും സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയാണ് മുംബൈയെ മുന്നോട്ട് നയിച്ചത്. ഇരുവരും അര്‍ധ സെഞ്ച്വറിയടിച്ച് ടീമിനെ വിജയത്തോട് അടുപ്പിച്ച് തിരികെ നടന്നെങ്കിലും പിന്നാലെ വന്നവര്‍ റണ്‍മല താണ്ടി മുന്‍ ചാമ്പ്യന്മാര്‍ക്ക് വിജയം സമ്മാനിച്ചു.

റിയാൻ റിക്കിൽട്ടണും രോഹിത് ശർമയും. Photo: IndianPremierLeague/x.com

അതോടെ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ വിജയിക്കാന്‍ മുംബൈയ്ക്ക് സാധിച്ചു. ഐ.പി.എല്ലില്‍ ചരിത്രത്തില്‍ ഇത് അഞ്ചാം തവണ മാത്രമാണ് മുംബൈ തങ്ങളുടെ ആദ്യ മത്സരത്തില്‍ വിജയിക്കുന്നത്. അതിനാല്‍ തന്നെ ടീമിന്റെ ഈ വിജയത്തിന് മധുരമേറെയാണ്.

ഐ.പി.എല്ലില്‍ മുംബൈ തങ്ങളുടെ ആദ്യ മത്സരത്തില്‍ വിജയിക്കുന്നത് 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. അതായത് 4742 ദിവസങ്ങള്‍ക്ക് ശേഷമാണ് മുംബൈ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കുന്നത്. 2013 സീസണിലായിരുന്നു ദില്‍ സേ ആര്‍മി അവസാനമായി തങ്ങളുടെ ആദ്യ മത്സരം വിജയിച്ചത്.

മുംബൈ ഇന്ത്യൻസ്. Photo: IndianPremierLeague/x.com

പിന്നീടങ്ങോട്ട് 2025 വരെയുള്ള സീസണുകളില്‍ തോല്‍വിയോടെയാണ് മുംബൈ ടൂര്‍ണമെന്റ് ആരംഭിച്ചത്. ഇതിനിടെ പരാജയത്തോടെ ആരംഭിച്ച അഞ്ച് സീസണില്‍ കപ്പടിച്ചതോടെ ദൈവത്തിന്റെ പോരാളികള്‍ എന്ന വിളിപ്പേരും ടീം സ്വന്തമാക്കി.

രോഹിത് നീലക്കുപ്പായക്കാരെ ടൂര്‍ണമെന്റിലെ വിജയകരമായ ടീമുകളില്‍ ഒന്നാക്കി മാറ്റിയപ്പോഴും ആദ്യ മത്സരത്തിലെ തോല്‍വി മുംബൈയെ പിന്തുടര്‍ന്നു. ഇപ്പോള്‍ വര്‍ഷങ്ങളുടെ കണ്ണീരിനൊടുവില്‍ ആരാധകരുടെ പ്രിയ ടീം വിജയത്തോടെ സീസണ്‍ ആരംഭിച്ച് തങ്ങളുടെ നാണക്കേടില്‍ നിന്ന് കരകയറിയിരിക്കുകയാണ്.

ആദ്യ മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സ്

2008 v റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (തോല്‍വി)

2009 v ചെന്നൈ സൂപ്പര്‍ കിങ്സ് (ജയം)

2010 v രാജസ്ഥാന്‍ റോയല്‍സ് (ജയം)

2011 v ദല്‍ഹി ഡെയര്‍ഡെവിള്‍സ് (ജയം)

2012 v ചെന്നൈ സൂപ്പര്‍ കിങ്സ് (ജയം)

2013 v റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു (തോല്‍വി)

2014 v കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (തോല്‍വി)

2015 v കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (തോല്‍വി)

2016 v റൈസിങ് പൂനെ സൂപ്പര്‍ജയന്റ്സ് (തോല്‍വി)

2017 v റൈസിങ് പൂനെ സൂപ്പര്‍ജയന്റ്സ് (തോല്‍വി)

2018 v ചെന്നൈ സൂപ്പര്‍ കിങ്സ് (തോല്‍വി)

2019 v ദല്‍ഹി ക്യാപിറ്റല്‍സ് (തോല്‍വി)

2020 v ചെന്നൈ സൂപ്പര്‍ കിങ്സ് (തോല്‍വി)

2021 v റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു (തോല്‍വി)

2022 v ദല്‍ഹി ക്യാപിറ്റല്‍സ് (തോല്‍വി)

2023 v റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു (തോല്‍വി)

2024 v ഗുജറാത്ത് ടൈറ്റന്‍സ് (തോല്‍വി)

2025 v ചെന്നൈ സൂപ്പര്‍ കിങ്സ് (തോല്‍വി)

2026 v കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (ജയം)

Content Highlight: IPL 2026: Mumbai Indians secured a win in their opening match in IPL after 14 years

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി