ധോണി എന്ന് തിരിച്ചെത്തും? പുതിയ അപ്‌ഡേഷനിങ്ങനെ....
Cricket
ധോണി എന്ന് തിരിച്ചെത്തും? പുതിയ അപ്‌ഡേഷനിങ്ങനെ....
ഫസീഹ പി.സി.
Wednesday, 15th April 2026, 3:09 pm

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആരാധകര്‍ അവരുടെ തലയുടെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ്. ഇപ്പോള്‍ അവര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. എം.എസ് ധോണിയുടെ ആരോഗ്യ സ്ഥിതിയില്‍ വലിയ പുരോഗതിയുണ്ടെന്നാണ് വിവരം. താരം പൂര്‍ണ ഫിറ്റ്‌നസ് നേടാനുള്ള തയ്യാറെടുപ്പിലുമാണ്.

ചെന്നൈയുടെ അടുത്ത മത്സരം ഏപ്രില്‍ 18ന് സണ്‍റൈസേഴ്സ് ഹൈദരാബാദുമായാണ്. ഈ മത്സരത്തിനായി ധോണി ഹൈദരബാദിലേക്ക് യാത്ര ചെയ്യുമോ എന്ന കാര്യത്തില്‍ ഉടന്‍ തന്നെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നാളെ രാവിലെ ഇക്കാര്യത്തില്‍ താരം തീരുമാനടുത്തേക്കും. റേവ് സ്‌പോര്‍ട്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഐ.പി.എല്‍ 2026 സീസണ്‍ ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് ധോണിയ്ക്ക് പരിക്കേറ്റത്. കാലിനായിരുന്നു താരത്തിന് പരിക്ക്. നേരത്തെ താരം ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ കളിക്കാന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള മത്സരത്തില്‍ എത്തുമെന്നും വാര്‍ത്തകള്‍ പുറത്ത് വന്നു. എന്നാല്‍, ഫിറ്റ്‌നസ് വീണ്ടെടുക്കാത്തതിനാൽ മുന്‍ ക്യാപ്റ്റന്‍ കളിക്കാതിരിക്കുകയായിരുന്നു.

അതേസമയം, ചെന്നൈ കഴിഞ്ഞ ദിവസം തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കിയിരുന്നു. എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്തയെയാണ് ടീം തോല്‍പ്പിച്ചത്. അഞ്ചാം മത്സരത്തില്‍ 32 റണ്‍സിനായിരുന്നു മുന്‍ ചാമ്പ്യന്മാരുടെ വിജയം.

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങൾ. Photo: Chennai Super Kings/x.com

സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ട ചെന്നൈ നാലാം മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് നൈറ്റ് റൈഡേഴ്‌സിനെയും മുന്‍ ചാമ്പ്യന്മാര്‍ മുട്ടുകുത്തിച്ചത്.

വിജയത്തോടെ സൂപ്പര്‍ കിങ്സ് പോയിന്റ് ടേബിളിലും മുന്നേറ്റമുണ്ടാക്കി. നാല് പോയിന്റ് നേടിയ ടീം മുംബൈ ഇന്ത്യന്‍സിനെ പിന്തള്ളി പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

Content Highlight: IPL 2026: MS Dhoni to take a final call tomorrow morning on whether he will travel to Hyderabad for the SRH game: Report

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി