30.5 കോടി; ഗ്രീനിനെ സ്വന്തമാക്കി കൊല്‍ക്കത്ത; കാര്യങ്ങള്‍ ഇങ്ങനെ...
Sports News
30.5 കോടി; ഗ്രീനിനെ സ്വന്തമാക്കി കൊല്‍ക്കത്ത; കാര്യങ്ങള്‍ ഇങ്ങനെ...
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 15th December 2025, 4:13 pm

2026 ഐ.പി.എല്ലിനോടനുബന്ധിച്ച് നടക്കുന്ന മിനി താരലേലം ഡിസംബര്‍ 16ന് ദുബായിലാണ് നടക്കുന്നത്. എന്നാല്‍ മിനി ലേലത്തിന് മുന്നോടിയായി സ്റ്റാര്‍ സ്‌പോര്‍ട് സംഘടിപ്പിച്ച മോക്ക് ഓക്ഷനില്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം കാമറൂണ്‍ ഗ്രീനിനെ സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡ്‌ഴ്‌സ്. കൊല്‍ക്കത്തയെ
റപ്രസന്റ് ചെയ്ത മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പയാണ് ഗ്രീനിനെ 30.5 കോടിക്ക് സ്വന്തമാക്കിയത്.

മോക് ഓക്ഷന് കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ മിനി താരലേലത്തില്‍ ഗ്രീനിനെ കൊല്‍ക്കത്ത തന്നെ സ്വന്തമാക്കാനുള്ള സാധ്യതയാണുള്ളത്. ടി-20യില്‍ മിന്നും പ്രകടനമാണ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ കാഴ്ചവെച്ചത്. ലേലത്തിനെത്തുന്ന പ്രധാന ഓവര്‍സീസ് താരങ്ങളിലൊരാളും ഗ്രീനാണ്.

ഐ.പി.എല്ലില്‍ നിന്ന് 29 മത്സരങ്ങള്‍ കളിച്ച താരം 16 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. മാത്രമല്ല ബാറ്റിങ്ങില്‍ 707 റണ്‍സാണ് താരം അടിച്ചെടുത്തത്. 100* ഉയര്‍ന്ന സ്‌കോറിലായിരുന്നു ഗ്രീനിന്റെ പ്രരടനം. 2023ല്‍ മുംബൈക്ക് വേണ്ടി കളത്തിലിറങ്ങിയപ്പോളാണ് സെഞ്ച്വറി അടിച്ചത്.

2024 സീസണില്‍ ബെംഗളൂരുവിന് വേണ്ടിയായിരുന്നു താരം കളിച്ചത്. സീസണില്‍ 13 മത്സരങ്ങളില്‍ 255 റണ്‍സായിരുന്നു താരം നേടിയത്. ഇത്തവണ കളത്തിലിറങ്ങുമ്പോള്‍ ഈ ഓള്‍ റൗണ്‍ഡറെ റാഞ്ചാന്‍ എല്ലാ ഫ്രാഞ്ചൈസിയും കച്ചമുറുക്കുമെന്ന് ഉറപ്പാണ്.

ലേലത്തില്‍ കൊല്‍ക്കത്തയുടെ അക്കൗണ്ടിലാണ് ഏറ്റവും കൂടുതല്‍ തുകയുള്ളത്. 2025ലെ മെഗാ താരലേത്തില്‍ 51 കോടി രൂപയുമായി ഇറങ്ങിയ കൊല്‍ക്കത്ത 2026ലെ മിനി ലേലത്തിന് ഇറങ്ങുന്നത് 64.3 കോടി രൂപയുമായാണ്. സൂപ്പര്‍ താരമായ ആന്ദ്രെ റസല്‍ അടക്കമുള്ള താരങ്ങളെ കൊല്‍ക്കത്ത വിട്ടയച്ചിരുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിര്‍ത്തിയ താരങ്ങള്‍

റിങ്കു സിങ്, അംകൃഷ് രഘുവംശി, റോവ്മാന്‍ പവല്‍, അജിന്‍ക്യാ രഹാനെ, മനീഷ് പാണ്ഡെ, സുനില്‍ നരെയ്ന്‍, രമണ്‍ദീപ് സിങ്, അനുകുല്‍ റോയ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിദ് റാണ, വൈഭവ് അറോറ, ഉമ്രാന്‍ മാലിക്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിട്ടുനല്‍കിയ താരങ്ങള്‍

ലുവിനിത് സിസോദിയ, ക്വിന്റണ്‍ ഡി കോക്, റഹ്‌മാനുള്ള ഗുര്‍ബാസ്, മൊയീന്‍ അലി, വെങ്കിടേശ് അയ്യര്‍, ആന്ദ്രെ റസല്‍, മായങ്ക് മാര്‍ക്കാണ്ഡെ (ട്രേഡ് ഔട്ട്), ചേതന്‍ സക്കറിയ, അന്റിച്ച് നോര്‍ക്യ, സ്പെന്‍സര്‍ ജോണ്‍സന്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ അക്കൗണ്ടില്‍ അവശേഷിക്കുന്ന തുക – 64.3 കോടി

അവശേഷിക്കുന്ന സ്ലോട്ട് – 13

Content Highlight: IPL 2026 Mini Action: Kolkata Knight Riders acquire Cameron Green in mock auction