മുംബൈയെ തല്ലിച്ചതച്ച ക്യാപ്റ്റന്‍ ഇന്നിങ്സ്; രജത് ഇനി ഇതിഹാസത്തിനൊപ്പം!
Cricket
മുംബൈയെ തല്ലിച്ചതച്ച ക്യാപ്റ്റന്‍ ഇന്നിങ്സ്; രജത് ഇനി ഇതിഹാസത്തിനൊപ്പം!
ഫസീഹ പി.സി.
Monday, 13th April 2026, 8:14 am

2026 ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു വിജയം സ്വന്തമാക്കിയിരുന്നു. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 18 റണ്‍സിനാണ് ടീമിന്റെ ജയം.

ബെംഗളൂരു ഉയര്‍ത്തിയ 241 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 222 റണ്‍സിന് തങ്ങളുടെ പോരാട്ടം അവസാനിച്ചു. ഫില്‍ സാള്‍ട്ടിന്റെ കരുത്തിലാണ് ഡിഫന്‍ഡിങ് ചാമ്പ്യന്മാര്‍ മൂന്നാം വിജയം സ്വന്തമാക്കിയത്.

രജത് പടിദാർ. Photo: iplt20.com

മത്സരത്തില്‍ ക്യാപ്റ്റന്‍ രജത് പടിദാര്‍ വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. നേരിട്ട് ആദ്യ പന്ത് മുതല്‍ കൂറ്റന്‍ സിക്‌സടിച്ച് തുടങ്ങിയ താരം നേടിയത് 20 പന്തില്‍ 53 റണ്‍സാണ്. അഞ്ച് സിക്‌സുകളും നാല് ഫോറുകളുമാണ് ക്യാപ്റ്റന്‍ അതിര്‍ത്തി കടത്തിയത്. 265.00 എന്ന ഉഗ്രന്‍ സ്‌ട്രൈക്ക് നാട്ടിലായിരുന്നു താരത്തിന്റെ താണ്ഡവം.

നേരിട്ട 17ാം പന്തിലാണ് രജത് തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ ഒരു സൂപ്പര്‍ നേട്ടവും താരം സ്വന്തമാക്കി. ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ക്യാപ്റ്റന്‍ എന്ന നേട്ടമാണ് താരം കുറിച്ചത്. ഈ നേട്ടം ഇതിഹാസ ക്യാപ്റ്റന്‍ ആദം ഗില്‍ക്രിസ്റ്റിനൊപ്പമാണ് താരം പങ്കിടുന്നത്.

2009ലാണ് ഗില്‍ക്രിസ്റ്റ് വേഗതയേറിയ അര്‍ധ സെഞ്ച്വറി അടിച്ചത്. ഡെക്കാന്‍ ചാര്‍ജേഴ്‌സ് ക്യാപ്റ്റനായ താരം അന്ന് 17 ഫിഫ്റ്റി അടിച്ചത് ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ്. 17 വര്‍ഷമായി ഇത് മറികടക്കാനോ ഒപ്പമെത്താനോ മറ്റൊരു ക്യാപ്റ്റനും സാധിച്ചിരുന്നില്ല. അതാണ് പടിദാര്‍ ഇപ്പോള്‍ സ്വന്തമാക്കിയത്.

2009 ഐ.പി.എല്ലിൽ കളിക്കുന്ന ആദം ഗിൽക്രിസ്റ്റ്. Photo: DD SPORTS/facebook.com

ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്മാര്‍

(പന്ത് – താരം – ടീം – എതിരാളി – വര്‍ഷം എന്നീ ക്രമത്തില്‍)

17 – രജത് പടിദാര്‍ – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – മുംബൈ ഇന്ത്യന്‍സ് – 2026*

17 – ആദം ഗില്‍ക്രിസ്റ്റ് – ഡെക്കാന്‍ ചാര്‍ജേഴ്‌സ് – ദല്‍ഹി ക്യാപിറ്റല്‍സ് – 2009

18 – ഫാഫ് ഡു പ്ലെസി – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – ഗുജറാത്ത് ടൈറ്റന്‍സ് – 2024

20 – എം.എസ്. ധോണി – ചെന്നൈ സൂപ്പര്‍ കിങ്സ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 2012

രജതിന് പുറമെ ആര്‍.സി.ബിക്കായി ഫില്‍ സാള്‍ട്ട് 36 പന്തില്‍ 78 റണ്‍സെടുത്തപ്പോള്‍ വിരാട് കോഹ്ലി 38 പന്തില്‍ 50 റണ്‍സും നേടി. ഒപ്പം ടിം ഡേവിഡ് പുറത്താവാതെ 16 പന്തില്‍ 34 റണ്‍സ് സ്‌കോര്‍ ചെയ്തു. മുംബൈക്കായി ശര്‍ദുല്‍ താക്കൂര്‍, ഹര്‍ദിക് പാണ്ഡ്യ, മിച്ചല്‍ സാന്റ്നര്‍, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

 

Content Highlight: IPL 2026: MI vs RCB: Rajat Patidar equals with 17 year old record of Adam Gilchirst’s fastest fifty in IPL by captains

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി