ചരിത്രം കുറിച്ച് മുംബൈ; ദില്‍ സേ ആര്‍മിക്ക് ഇങ്ങനെയൊരു വിജയമാദ്യം!
Cricket
ചരിത്രം കുറിച്ച് മുംബൈ; ദില്‍ സേ ആര്‍മിക്ക് ഇങ്ങനെയൊരു വിജയമാദ്യം!
ഫസീഹ പി.സി.
Monday, 30th March 2026, 2:16 pm

2026 ഐ.പി.എല്ലിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. വാംഖഡെയില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്തക്കെതിരെ ആറ് വിക്കറ്റിനായിരുന്നു മുന്‍ ചാമ്പ്യന്മാരുടെ വിജയം. അതോടെ 14 വര്‍ഷങ്ങള്‍ക്ക് ശേഷം മുംബൈ സീസണിലെ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കി.

മത്സരത്തില്‍ ആദ്യം ബാറ്റ് കൊല്‍ക്കത്ത 221 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തിയിരുന്നു. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെയും അംഗ്രിഷ് രഘുവംശിയുടെയും അര്‍ധ സെഞ്ച്വറി കരുത്തിലായിരുന്നു നെറ്റ്‌സ് 200+ സ്‌കോര്‍ കണ്ടെത്തിയത്.

ഇത് പിന്തുടര്‍ന്ന മുംബൈ ഈ ലക്ഷ്യം 19.1 ഓവറില്‍ മറികടക്കുകയായിരുന്നു. ഓപ്പണിങ്ങില്‍ സെഞ്ച്വറി കൂട്ടുകെട്ട് ഉയര്‍ത്തി റിയാന്‍ റിക്കില്‍ട്ടണും രോഹിത് ശര്‍മയുമാണ് ദില്‍ സേ ആര്‍മിക്ക് വിജയം സമ്മാനിച്ചത്.

രോഹിത്തും റിക്കില്‍ട്ടണും താണ്ഡവമാടിയതോടെ മുംബൈ ആദ്യമായി ഐ.പി.എല്ലില്‍ 220+ സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിച്ചു. ഇതിന് മുമ്പ് ടൂര്‍ണമെന്റില്‍ ഏഴ് തവണ മുന്‍ ചാമ്പ്യന്മാര്‍ 220 റണ്‍സിന് മുകളിലുള്ള സ്‌കോര്‍ പിന്തുടര്‍ന്നിരുന്നു. എന്നാല്‍, അപ്പോഴെല്ലാം ടീം പരാജയം രുചിച്ചു.

മുംബൈ ഇന്ത്യൻസ്. Photo: IndianPremierLeague/x.com

ഇപ്പോള്‍ മറ്റൊരു വിജയത്തോടെ ഈ നാണക്കേട് മാറ്റിയെടുത്തിരിക്കുകയാണ് മുംബൈ. ഇതോടെ ഐ. പി.എല്ലില്‍ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന റണ്‍ചെയ്സും ടീം കുറിച്ചു. 219 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതായിരുന്നു മുന്‍ ചാമ്പ്യന്മാരുടെ ഇതിന് മുമ്പത്തെ ഏറ്റവും ഉയര്‍ന്ന റണ്‍ ചെയ്സ്. 2021ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെയായിരുന്നു ഈ വിജയം.

മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും ഉയര്‍ന്ന റണ്‍ ചെയ്സ്

(ടാര്‍ഗറ്റ് – എതിരാളി – വര്‍ഷം എന്നീ ക്രമത്തില്‍)

221 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 2026

219 – ചെന്നൈ സൂപ്പര്‍ കിങ്സ് – 2021

215 – പഞ്ചാബ് കിങ്സ് – 2023

213 – രാജസ്ഥാന്‍ റോയല്‍സ് – 2023

201 – സണ്‍റൈസേഴ്സ് ഹൈദരബാദ് – 2023

200 – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 2023

Content Highlight: IPL 2026: MI vs KKR: Mumbai Indians registers their highest run chase

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി