ആദ്യം രോഹിത്, പിന്നാലെ റിസ്വി; ഒറ്റ മത്സരത്തില്‍ മാറിമറിഞ്ഞ് ഓറഞ്ച് ക്യാപ്
Cricket
ആദ്യം രോഹിത്, പിന്നാലെ റിസ്വി; ഒറ്റ മത്സരത്തില്‍ മാറിമറിഞ്ഞ് ഓറഞ്ച് ക്യാപ്
ഫസീഹ പി.സി.
Saturday, 4th April 2026, 10:26 pm

ഐ.പി.എല്‍ 2026ല്‍ ഡബിള്‍ ഹെയ്ഡര്‍ മാച്ച് ഡേയിലെ ആദ്യ മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സ് മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചിരുന്നു. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ക്യാപിറ്റല്‍സിന്റെ വിജയം. സമീര്‍ റിസ്വിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ടീമിന് രണ്ടാം ജയം സമ്മാനിച്ചത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറ് വിക്കറ്റിന് 162 റണ്‍സെടുത്തിരുന്നു. ടീമിനായി സൂപ്പര്‍ താരം രോഹിത് ശര്‍മ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. 26 പന്തില്‍ 35 റണ്‍സായിരുന്നു ഓപ്പണറുടെ സമ്പാദ്യം.

രോഹിത് ശർമ. Photo: IndianPremierLeague/x.com

ആദ്യ മത്സരത്തില്‍ രോഹിത് അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു. അതോടെ താരം ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കി. രണ്ട് മത്സരങ്ങളില്‍ 113 റണ്‍സെടുത്തായിരുന്നു 38കാരന്‍ ഒന്നാമതെത്തിയത്.

മത്സരത്തിന് മുമ്പ് ഈ ലിസ്റ്റില്‍ ഒന്നാമത് പഞ്ചാബ് താരം കൂപ്പര്‍ കനോലിയായിരുന്നു. 108 റണ്‍സായിരുന്നു താരത്തിനുണ്ടായിരുന്നത്. ഇത് മറികടന്നായിരുന്നു രോഹിത് ഓറഞ്ച് ക്യാപ് തന്റെ തലയിലെത്തിച്ചത്.

എന്നാല്‍, രോഹിത്തിന്റെ ആ ഒന്നാം സ്ഥാനത്തിന് അധിക സമയം ആയുസുണ്ടായിരുന്നില്ല. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സ് അവസാനിക്കുന്നതിന് മുമ്പ് തന്നെ താരത്തിന് രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടി വന്നു.

സമീർ റിസ്‌വി. Photo: IndianPremierLeague/x.com

മുംബൈക്കെതിരെ ദല്‍ഹി നിരയില്‍ തകര്‍ത്ത് കളിച്ച സമീര്‍ റിസ്വിയാണ് രോഹിത്തില്‍ നിന്ന് ഓറഞ്ച് ക്യാപ് തട്ടിപ്പറിച്ചത്. ഈ സീസണിലെ രണ്ടാം മത്സരത്തില്‍ ദല്‍ഹി താരം സ്‌കോര്‍ ചെയ്തത് 90 റണ്‍സാണ്. 51 പന്തുകള്‍ മാത്രം നേരിട്ടായിരുന്നു താരത്തിന്റെ താണ്ഡവം.

ഈ ഇന്നിങ്സോടെ റണ്‍വേട്ടക്കാരില്‍ റിസ്വി തലപ്പത്തെത്തുകയായിരുന്നു. നിലവില്‍ 22 കാരന് സീസണില്‍ 160 റണ്‍സുണ്ട്. ആദ്യ മത്സരത്തില്‍ താരം 47 പന്തില്‍ 70 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു.

 

Content Highlight: IPL 2026: MI vs DC: Sameer Rizvi holds the orange cap of IPL 2026 after surpassing Rohit Sharma in same match

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി