ബുംറക്കും ഭുവിക്കും ഹെയ്സല്‍വുഡിനും സാധിക്കാത്തത് ചെയ്ത് ലഖ്നൗ പേസര്‍; കയ്യടിക്കടാ...
IPL
ബുംറക്കും ഭുവിക്കും ഹെയ്സല്‍വുഡിനും സാധിക്കാത്തത് ചെയ്ത് ലഖ്നൗ പേസര്‍; കയ്യടിക്കടാ...
ഫസീഹ പി.സി.
Wednesday, 22nd April 2026, 9:53 pm

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള മത്സരം ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. ആദ്യ ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് ആറ് വിക്കറ്റിന് 159 റണ്‍സെടുത്തിട്ടുണ്ട്.രവീന്ദ്ര ജഡേജയുടെ ചെറുത്തുനില്‍പ്പാണ് ഒരു ഘട്ടത്തില്‍ പതറിയ ടീമിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് യുവതാരം വൈഭവ് സൂര്യവംശിക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 11 പന്തുകള്‍ നേരിട്ട താരം വെറും എട്ട് റണ്‍സെടുത്താണ് മടങ്ങിയത്. താരത്തിന്റെ വിക്കറ്റ് വീഴ്ത്തിയത് ലഖ്നൗ ഫാസ്റ്റ് ബൗളര്‍ മൊഹ്സിന്‍ ഖാനാണ്.

ഇത് ആദ്യമായല്ല ഐ.പി.എല്ലില്‍ ഒരു താരം വൈഭവിനെ പുറത്താക്കുന്നത്. എന്നാല്‍, ഈ വിക്കറ്റിന് ഒരു പ്രത്യേകതയുണ്ട്. ലോകോത്തര താരങ്ങളെ ബൗണ്ടറികള്‍ അടിച്ച് വരവേല്‍ക്കുന്ന 15കാരനെ താരം പുറത്താക്കിയത് ഒരു മെയ്ഡൻ എറിഞ്ഞ് കൊണ്ടാണ്.

മത്സരത്തില്‍ നാലാം ഓവറിലാണ് മൊഹ്സിന്‍ തന്റെ ഓവര്‍ എറിയാനെത്തിയത്. സ്ട്രൈക്കില്‍ ഉണ്ടായിരുന്നത് വൈഭവും. പക്ഷേ, പതറാതെ പന്തെറിഞ്ഞ ലഖ്നൗ പേസര്‍ ആദ്യ അഞ്ച് പന്തില്‍ റണ്‍സൊന്നും വിട്ടുനല്‍കിയില്ല. ആ ഓവറിലെ അവസാന പന്തില്‍ വലിയ ഷോട്ടിന് ശ്രമിച്ച വൈഭവിനെ ദിഗ്വേഷ് സിങ് രാഥി കൈയിലൊതുക്കി.

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന മൊഹ്‌സിൻ ഖാൻ. Photo:Crictracker

ഇതോടെ ഐ.പി.എല്ലില്‍ വൈഭവിനെതിരെ മെയ്ഡന്‍ ഓവര്‍ എറിയുന്ന ആദ്യ ബൗളര്‍ എന്ന ഖ്യാതി മൊഹ്സിന്‍ തന്റെ പേരില്‍ ചേര്‍ത്തു. ഈ സീസണില്‍ തന്നെ മികച്ച ബൗളര്‍മാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരെ കണക്കിന് പ്രഹരിച്ച വൈഭവിനെയാണ് താരം പിടിച്ചുകെട്ടിയതെന്നും ഇതിനോട് ചേര്‍ത്ത് വായിക്കണം.

അതേസമയം, മത്സരത്തില്‍ ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ട് തകര്‍ന്നടിഞ്ഞ രാജസ്ഥാനെ കരകയറ്റിയത് ജഡേജയുടെ ഇന്നിങ്സാണ്. താരം 29 പന്തില്‍ 43 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 22 റണ്‍സ് വീതം നേടിയ യശസ്വി ജെയ്സ്വാളും ഷിംറോണ്‍ ഹെറ്റ്‌മെയറുമാണ് ടീമിന്റെ രണ്ടാമത്തെ റണ്‍ഗെറ്റര്‍മാര്‍.

ലഖ്നൗവിനായി മൊഹ്സിന്‍ ഖാനൊപ്പം പ്രിന്‍സ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

Content Highlight: IPL 2026: LSG vs RR: Mohsin Khan became first bowler to bowl a maiden over to Vaibhav Suryavanshi in the IPL

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി