ആരും ആഗ്രഹിക്കാത്ത നേട്ടത്തില്‍ കിങ്; നാണക്കേടില്‍ സഞ്ജുവിനൊപ്പം
Cricket
ആരും ആഗ്രഹിക്കാത്ത നേട്ടത്തില്‍ കിങ്; നാണക്കേടില്‍ സഞ്ജുവിനൊപ്പം
ഫസീഹ പി.സി.
Thursday, 7th May 2026, 11:54 pm

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ലഖ്നൗ സൂപ്പര്‍ ജയന്റ്‌സും എകാന സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുകയാണ്. മഴ മൂലം 19 ഓവറുകളായി വെട്ടിക്കുറച്ച മത്സരത്തില്‍ ബെംഗളൂരു 11 ഓവറുകള്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെടുത്തിട്ടുണ്ട്. രജത് പടിദാറും (29 പന്തില്‍ 60) ടിം ഡേവിഡുമാണ് (ഒരു പന്തില്‍ ഒന്ന്) ക്രീസിലുള്ളത്.

മത്സരത്തില്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയ്ക്ക് തിളങ്ങാന്‍ സാധിച്ചില്ല. നേരിട്ട രണ്ടാം പന്തില്‍ തന്നെ താരം ഡക്കായി മടങ്ങുകയായിരുന്നു. പ്രിന്‍സ് യാദവിന്റെ ഒരു തകര്‍പ്പന്‍ പന്തിലാണ് താരം പുറത്തായത്.

ഇതോടെ ഒരു നാണക്കേടും വിരാട് തന്റെ പേരിനൊപ്പം ചേര്‍ത്തു. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കാവുന്ന താരങ്ങളില്‍ 12ാമത്തെത്തിയിരിക്കുയാണ് മുന്‍ ആര്‍.സി.ബി ക്യാപ്റ്റന്‍.  ശിഖര്‍ ധവാന്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കൊപ്പമാണ് താരം ഈ മോശം നേട്ടം പങ്കിടുന്നത്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ഡക്കുകള്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍

ദിനേശ് കാര്‍ത്തിക് – 234  – 18

രോഹിത് ശര്‍മ – 272  -18

പിയൂഷ് ചൗള – 92 – 16

മന്‍ദീപ് സിങ് – 98 – 15

അജിങ്ക്യ രഹാനെ – 192 – 15

മനീഷ് പാണ്ഡെ – 162 – 14

അമ്പാട്ടി റായുഡു – 187 – 14

ഹര്‍ഭജന്‍ സിങ് – 90 – 13

പാര്‍ത്ഥിവ് പട്ടേല്‍ – 137 – 13

ആര്‍. അശ്വിന്‍ – 98 – 12

ഗൗതം ഗംഭീര്‍ – 152 – 12

ശിഖര്‍ ധവാന്‍ – 221 – 11

ഇഷാന്‍ കിഷന്‍ – 123 – 11

വിരാട് കോഹ്‌ലി – 269 – 11*

സഞ്ജു സാംസണ്‍ – 182 – 11

സൂര്യകുമാര്‍ യാദവ് – 161 – 11

വിരാടിന് പുറമെ, 25 പന്തില്‍ 34 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലിന്റെയും അഞ്ച് പന്തില്‍ നാല് റണ്‍സെടുത്ത ജേക്കബ് ബേഥലിന്റെയും രണ്ട് പന്തില്‍ ഒരു റണ്ണെടുത്ത ജിതേഷ് ശര്‍മയുടെയും വിക്കറ്റുകളും ആര്‍.സി.ബിക്ക് നഷ്ടമായി. പ്രിന്‍സ് യാദവും മുഹമ്മദ് ഷമിയുമാണ് വിക്കറ്റ് വീഴ്ത്തിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ലഖ്നൗ നാല് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തിരുന്നു. ടീമിനായി സെഞ്ച്വറി നേടിയ മിച്ചല്‍ മാര്‍ഷാണ് തിളങ്ങിയത്. താരം 56 പന്തില്‍ ഒമ്പത് വീതം സിക്‌സുകളും ഫോറുകളുമടക്കം 111 റണ്‍സാണ് എടുത്തത്. 23 പന്തില്‍ 38 റണ്‍സെടുത്ത നിക്കോളാസ് പൂരനും പത്ത് പന്തില്‍ പുറത്താവാതെ 32 റണ്‍സെടുത്ത റിഷബ് പന്തും സംഭാവന ചെയ്തു.

മിച്ചല്‍ മാര്‍ഷ്. Photo: IndianPremierLeague/x.com

ബെംഗളൂരുവിനായി ക്രുണാല്‍ പാണ്ഡ്യ, ജോഷ് ഹെയ്‌സല്‍വുഡ്,  റാസിഖ് സലാം എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

Content Highlight: IPL 2026: LSG vs RCB: Virat Kohli equals with Sanju Samson and three others in Indians with most ducks in IPL

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി