ഒരു മികച്ച ക്യാപ്റ്റന്‍ ഒരിക്കലും ഇങ്ങനെ ചെയ്യില്ല; ഗെയ്ക്വാദിനെ വിമര്‍ശിച്ച് ബാലാജി
Cricket
ഒരു മികച്ച ക്യാപ്റ്റന്‍ ഒരിക്കലും ഇങ്ങനെ ചെയ്യില്ല; ഗെയ്ക്വാദിനെ വിമര്‍ശിച്ച് ബാലാജി
ഫസീഹ പി.സി.
Friday, 10th April 2026, 4:32 pm

ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ലക്ഷ്മിപതി ബാലാജി. ഒരു മികച്ച ക്യാപ്റ്റന്‍ തന്റെ സെക്കന്‍ഡറി ബൗളര്‍മാര്‍ മികച്ച പ്രകടനം നടത്തുമ്പോള്‍ തന്നെ അവരുടെ ഓവറുകള്‍ പൂര്‍ത്തിയാക്കണമെന്നും അങ്ങനെ ചെയ്താല്‍ ഒരു 20 റണ്‍സെങ്കിലും ലഭിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.സി.ബിക്കെതിരെ ഓവര്‍ട്ടണെ (ജെയ്മി) ഡെത്ത് ഓവറില്‍ കളിപ്പിച്ചത് ആത്മഹത്യാപരമായ നീക്കമാണെന്നും സി.എസ്.കെയില്‍ ക്യാപ്റ്റന്‍സി അടക്കമുള്ള എല്ലാ മേഖലയിലും പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ ചെന്നൈ താരം എസ്. ബദ്രിനാഥിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ബാലാജി.

ലക്ഷ്മിപതി ബാലാജി. Photo: crictracker

‘ഒരു മികച്ച ക്യാപ്റ്റന്‍ തന്റെ സെക്കന്‍ഡറി ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിയുമ്പോള്‍ തന്നെ അവരുടെ ഓവറുകള്‍ പൂര്‍ത്തിയാക്കണം. അത് ഒരു 20 റണ്‍സെങ്കിലും ലഭിക്കാന്‍ സഹായിക്കും. ആദ്യ രണ്ട് ഓവറില്‍ വെറും 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത ഓവര്‍ട്ടണ്‍ പിന്നീട് വന്ന് രണ്ട് ഓവറുകള്‍ എറിഞ്ഞപ്പോള്‍ വിട്ടുനല്‍കിയത് 40 റണ്‍സാണ്. ഇതിനെകൊണ്ട് എന്ത് പ്രയോജനമാണുള്ളത്.

ഓവര്‍ട്ടണ്‍ നന്നായി പന്തെറിയുമ്പോള്‍ തന്നെ നാല് ഓവറുകളും പൂര്‍ത്തിയാക്കണമായിരുന്നു. ഡെത്ത് ഓവറുകളില്‍ അവന്‍ നാലോ അഞ്ചോ വിക്കറ്റുകള്‍ വീഴ്ത്തി ജയിപ്പി ക്കാന്‍ ഒരു ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റല്ല.

ചെന്നൈയില്‍ പ്രശാന്ത് വീറിന് പകരം അകീല്‍ ഹൊസൈന്‍ കളിക്കണം. പ്ലെയിങ് ഇലവനില്‍ അവന് കൃത്യമായ സ്ഥാനമുണ്ട്. ഡെത്ത് ഓവറില്‍ ഓവര്‍ട്ടണെ പന്തെറിയിപ്പിക്കരുത്. അങ്ങനെ ചെയ്താല്‍ അവിടെ വച്ച് തന്നെ കളി കൈവിട്ടു പോകും. പക്ഷേ, നിലവില്‍ സി.എസ്.കെയ്ക്ക് ടോപ് ഓര്‍ഡര്‍, മിഡില്‍ ഓവര്‍, സ്പിന്‍ ബൗളിങ്, പേസ് ബൗളിങ് എന്നിവക്കൊപ്പം ക്യാപ്റ്റന്‍സിയിലും പ്രശ്‌നങ്ങളുണ്ട്,’ ബാലാജി പറഞ്ഞു.

ഋതുരാജ് ഗെയ്ക്വാദ്. Photo: Chennai Super Kings/ x.com

ആര്‍.സി.ബിക്കെതിരായ മല്‍സരത്തില്‍ ഓവര്‍ട്ടണ്‍ തന്റെ ആദ്യ രണ്ട് ഓവറില്‍ 12 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു. എന്നാല്‍, ഗെയ്ക്വാദ് പിന്നീട് താരത്തെ ഡെത്ത് ഓവറിലാണ് കളിപ്പിച്ചത്. ആ അവസരം ആര്‍.സി.ബി ബാറ്റര്‍ ടിം ഡേവിഡ് മുതലാക്കി. ടിം ഡേവിഡ് ആ ഓവറില്‍ 30 റണ്‍സാണ് അടിച്ചെടുത്തത്. ഇത് മുന്‍നിര്‍ത്തിയാണ് ബാലാജിയുടെ വിമര്‍ശനം.

അതേസമയം, 2026 ഐ.പി.എല്ലില്‍ ചെന്നൈയ്ക്ക് ഇതുവരെ ജയിക്കാന്‍ സാധിച്ചിട്ടില്ല. ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും ടീം പരാജയപ്പെടുകയായിരുന്നു. ഏപ്രില്‍ 11നാണ് മുന്‍ ചാമ്പ്യന്മാര്‍ നാലാം മത്സരത്തിന് ഇറങ്ങുന്നത്. ദല്‍ഹി ക്യാപിറ്റല്‍സാണ് ഈ മത്സരത്തിലെ എതിരാളികള്‍.

Content Highlight: IPL 2026: Lakshmioathy Balaji criticizes Ruturaj Gaikvad’s captaincy

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി