അവനും രഹാനെയും ഏറ്റവും മോശം ബാറ്ററാകാന്‍ മത്സരിക്കുന്നു; സൂപ്പര്‍ താരത്തെ രൂക്ഷമായി വിമര്‍ശിച്ച് ശ്രീകാന്ത്
Cricket
അവനും രഹാനെയും ഏറ്റവും മോശം ബാറ്ററാകാന്‍ മത്സരിക്കുന്നു; സൂപ്പര്‍ താരത്തെ രൂക്ഷമായി വിമര്‍ശിച്ച് ശ്രീകാന്ത്
ഫസീഹ പി.സി.
Tuesday, 21st April 2026, 4:31 pm

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്റെ ഫോമിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. പരാഗ് ബാറ്റ് കൊണ്ടും ബൗള്‍ കൊണ്ടും ഒന്നും ചെയ്യുന്നില്ലെന്നും ഗ്രൗണ്ടില്‍ സ്‌റ്റൈലിഷായി നടക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

പരാഗും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനയും തമ്മില്‍ സീസണിലെ ഏറ്റവും മോശം ബാറ്റര്‍മാരാകാന്‍ മത്സരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.

ക്രിസ് ശ്രീകാന്ത്.

‘പരാഗ് ബാറ്റിങ്ങിലും ബൗളിങ്ങും ഒന്നും ചെയ്യുന്നില്ല. ഗ്രൗണ്ടില്‍ സ്‌റ്റൈലിഷായി നടക്കാന്‍ മാത്രമേ അവന് അറിയൂ. അവനും രഹാനെയും തമ്മില്‍ ഏറ്റവും മോശം ബാറ്റാറാകാന്‍ ഇപ്പോള്‍ ഒരു മത്സരം നടക്കുന്നുണ്ട്.

ഒരു സീസണില്‍ പരാഗ് മികച്ച രീതിയില്‍ കളിച്ചിരുന്നു. എന്നാല്‍, അതിന് ശേഷം അവന്റെ ഭാഗത്ത് നിന്ന് മികച്ച പ്രകടനങ്ങള്‍ ഉണ്ടായിരുന്നില്ല,’ ശ്രീകാന്ത് പറഞ്ഞു.

മുംബൈ ഇന്ത്യൻസിനെതിരെയുള്ള മത്സരത്തിൽ ബാറ്റ് ചെയ്യുന്ന റിയാൻ പരാഗ്. Photo: iplt20.com

ആര്‍.ആര്‍ ക്യാപ്റ്റന്‍ പരാഗിന് ഈ സീസണില്‍ ഇതുവരെ തിളങ്ങാന്‍ സാധിച്ചിട്ടില്ല. ആറ് ഇന്നിങ്‌സില്‍ കളിച്ച താരം വെറും 61 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയ പത്ത് പന്തില്‍ 20 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 12.20 ആവറേജും 122.00 സ്‌ട്രൈക്ക് റേറ്റും മാത്രമാണ് താരത്തിന് സീസണിലുള്ളത്.

അജിൻക്യ രഹാനെ. Photo: iplt20.com

അതേസമയം, രഹാനെയുടെ സ്ഥിതി കുറച്ച് മെച്ചപ്പെട്ടതാണ്. ഏഴ് ഇന്നിങ്‌സില്‍ ബാറ്റേന്തിയ താരത്തിന് 152 റണ്‍സുണ്ട്. മുംബൈക്കെതിരെ നേടിയ 40 പന്തില്‍ 67 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഒരു അര്‍ധ സെഞ്ച്വറിയുണ്ടെങ്കിലും കൊല്‍ക്കത്ത ക്യാപ്റ്റന്‍ അവസാന രണ്ട് മത്സരങ്ങളില്‍ ഡക്കായായിരുന്നു. 25.33 ആവറേജിലും 144.76 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് ചെയ്യുന്നത്.

Content Highlight: IPL 2026: Kris Srikanth criticizes that Riyan Parag and Ajinkya rahane are competing for becoming worst batter

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി