അവൻ പുറത്താകുന്നതിന് കാരണം അഹങ്കാരം, ക്യാപ്റ്റനായതിനാലാണ് ടീമിൽ തുടരുന്നത്; രൂക്ഷ വിമർശനവുമായി ശ്രീകാന്ത്
Cricket
അവൻ പുറത്താകുന്നതിന് കാരണം അഹങ്കാരം, ക്യാപ്റ്റനായതിനാലാണ് ടീമിൽ തുടരുന്നത്; രൂക്ഷ വിമർശനവുമായി ശ്രീകാന്ത്
ഫസീഹ പി.സി.
Monday, 13th April 2026, 10:54 am

2026 ഐ.പി.എല്ലില്‍ ടേബിള്‍ ടോപ്പേഴ്സായ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ അഞ്ചാം മത്സരത്തിനിറങ്ങുകയാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് എതിരാളികള്‍. എസ്.ആര്‍.എച്ചിന്റെ തട്ടകമായ ഉപ്പല്‍ സ്റ്റേഡിയമാണ് വേദി.

നാലില്‍ നാലും ജയിച്ചാണ് രാജസ്ഥാന്‍ റോയല്‍സ് കളത്തിലിറങ്ങുന്നത്. മറുവശത്ത് ഹൈദരബാദിനുള്ളത് ഒറ്റ വിജയം മാത്രമാണ്.

ഇപ്പോള്‍ ഈ മത്സരത്തിന് മുന്നോടിയായി ആര്‍.ആര്‍. ക്യാപ്റ്റന്‍ റിയാന്‍ പരാഗിനെ വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. പരാഗ് ടീമില്‍ തുടരുന്നത് ക്യാപ്റ്റനായത് കൊണ്ട് മാത്രമാണെന്നും ഒരുപാട് സീസണുകളില്‍ കളിച്ചിട്ടുണ്ടെങ്കിലും വളരെ കുറച്ച് തവണ മാത്രമേ താരം മികച്ച പ്രകടനം നടത്തിയിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ് ശ്രീകാന്ത്.

പരാഗ് വളരെ പെട്ടെന്ന് പുറത്താകാന്‍ കാരണം അഹങ്കാരമാണെന്നും താരം കൂടുതല്‍ ഉത്തരവാദിത്തം കാണിച്ചിരുന്നെങ്കില്‍ കഴിഞ്ഞ മത്സരത്തില്‍ 16ാം ഓവറില്‍ തന്നെ വിജയിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.

‘ക്യാപ്റ്റനായത് കൊണ്ട് മാത്രമാണ് റിയാന്‍ പരാഗ് ടീമില്‍ തുടരുന്നത്. സ്‌റ്റൈല്‍ കാണിക്കാന്‍ ശ്രമിച്ച് വളരെ അശ്രദ്ധമായാണ് അവന്‍ കഴിഞ്ഞ മത്സരത്തില്‍ പുറത്തായത്. ഒരുപാട് സീസണുകളില്‍ കളിച്ചിട്ടുണ്ടെങ്കിലും വളരെ കുറച്ച് തവണ മാത്രമേ അവന്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ളൂ. അഹങ്കാരമാണ് അവന്‍ പുറത്തായതിന് കാരണം.

കുറച്ച് കൂടി ഉത്തരവാദിത്തം കാണിച്ച് ഫോമിലേക്ക് തിരിച്ചെത്താനാണ് പരാഗ് ശ്രമിക്കേണ്ടയിരുന്നത്. ആര്‍.സി.ബിക്കെതിരെ സൂര്യവംശിയുടെ പ്രകടനത്തിനൊപ്പം നില്‍ക്കുന്ന രീതിയില്‍ ജുറെല്‍ (ധ്രുവ്) വളരെ അനായാസമായാണ് കളിച്ചത്. ജുറെല്‍ മൂന്നാം നമ്പറില്‍ കളിക്കുന്നത് ടീമിന് മുന്‍തൂക്കം നല്‍കുന്നുണ്ട്. എന്നിരുന്നാലും 16ാം ഓവറില്‍ തന്നെ രാജസ്ഥാന് ജയിക്കാമായിരുന്നു,’ ശ്രീകാന്ത് പറഞ്ഞു.

മുംബൈ ഇന്ത്യൻസിനെതിരെയുള്ള മത്സരത്തിൽ ബാറ്റ് ചെയ്യുന്ന റിയാൻ പരാഗ്. Photo: iplt20.com

ആര്‍.സി.ബിക്കെതിരെയുള്ള മത്സരത്തില്‍ ബാറ്റര്‍മാര്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ പരാഗിന് വലിയ സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അഞ്ച് പന്തില്‍ വെറും മൂന്ന് റണ്‍സെടുത്തായിരുന്നു താരത്തിന്റെ മടക്കം.

ഈ സീസണില്‍ ഇതുവരെ പരാഗിന് തിളങ്ങാന്‍ സാധിച്ചിട്ടില്ല. നാല് മത്സരങ്ങളില്‍ വെറും 45 റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. 20 റണ്‍സാണ് ആര്‍.ആര്‍ ക്യാപ്റ്റന്റെ ഈ സീസണിലെ ഉയര്‍ന്ന സ്‌കോര്‍.

 

Content Highlight: IPL 2026: Kris Srikanth criticizes Rajasthan Royals captain Riyan Parag

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി