വരുണും തൂക്കി ഒരു 'സെഞ്ച്വറി'; തോല്‍വിയിലും ചരിത്രം കുറിച്ച് ചക്രവര്‍ത്തി
Cricket
വരുണും തൂക്കി ഒരു 'സെഞ്ച്വറി'; തോല്‍വിയിലും ചരിത്രം കുറിച്ച് ചക്രവര്‍ത്തി
ഫസീഹ പി.സി.
Saturday, 18th April 2026, 8:21 am

ഐ.പി.എല്ലില്‍ ഒരു തകര്‍പ്പന്‍ മൈല്‍സ്റ്റോണ്‍ സ്വന്തമാക്കിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. കെ.കെ.ആറിനായി 100 വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടമാണ് സ്പിന്നര്‍ തന്റെ പേരില്‍ ചാര്‍ത്തിയത്.

കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടന്ന മത്സരത്തിലാണ് ചക്രവര്‍ത്തിയുടെ ഈ നേട്ടം. മത്സരത്തില്‍ താരം രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. നാല് ഓവറില്‍ വെറും 34 റണ്‍സ് മാത്രമാണ് താരം വിട്ടുനല്‍കിയത്.

ക്യാപ്റ്റൻ അജിൻക്യ രഹാനെക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന വരുൺ ചക്രവർത്തി. Photo: iplt20.com

ജോസ് ബട്‌ലര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെയാണ് വരുണ്‍ പുറത്താക്കിയത്. ഇതോടെ താരത്തിന് കെ.കെ.ആറിനായി വിക്കറ്റുകളുടെ എണ്ണം 101 ആയി ഉയര്‍ത്തി. 86 ഇന്നിങ്സുകളില്‍ കളിച്ചാണ് സ്പിന്നര്‍ തന്റെ അക്കൗണ്ടില്‍ ഇത്ര വിക്കറ്റുകള്‍ ചേര്‍ത്തത്.

സുനില്‍ നരെയ്‌നും ആന്ദ്രേ റസലുമാണ് വരുണിന്റെ മുന്നേ ഈ നേട്ടത്തില്‍ എത്തിയത്. നരെയ്ന്‍ 192 ഇന്നിങ്‌സില്‍ കളിച്ച് 196 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. റസല്‍ 133 ഇന്നിങ്‌സില്‍ നിന്ന് 122 വിക്കറ്റുകളും സ്വന്തമാക്കി.

അതേസമയം, മത്സരത്തില്‍ കൊല്‍ക്കത്ത തോല്‍വി വഴങ്ങിയിരുന്നു. ഇത് ടീമിന്റെ സീസണിലെ അഞ്ചാമത്തെ തോല്‍വിയാണ്. മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് മുന്‍ ചാമ്പ്യന്മാര്‍ ഗുജറാത്തിന് മുന്നില്‍ അടിയറവ് പറഞ്ഞത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങൾ. Photo: iplt20.com

കൊല്‍ക്കത്തയ്ക്ക് വേണ്ടി 55 പന്തില്‍ 79 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീന്‍ തിളങ്ങിയപ്പോള്‍ സുനില്‍ നരെയ്ന്‍, രമണ്‍ദീപ് സിങ്, വൈഭവ് അറോറ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുവശത്ത് ഗുജറാത്തിനായി ശുഭ്മന്‍ ഗില്‍ 50 പന്തില്‍ 86 റണ്‍സെടുത്തു. കാഗിസോ റബാദ മൂന്ന് വിക്കറ്റുകളും മുഹമ്മദ് സിറാജ്, അശോക് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. പ്രസീദ് കൃഷ്ണയും റഷീദ് ഖാനും ഒരു വിക്കറ്റുകളും നേടി.

Content Highlight: IPL 2026: KKR vs GT: Varun Chakaravarthy became third player to take 100 wickets for Kolkata Knight Riders

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി