കിങ് വാഴുന്ന ലിസ്റ്റില്‍ നാലാമനായി ഗില്‍; സൂപ്പര്‍ നേട്ടത്തില്‍ കൂട്ടായി ആശാനും!
Cricket
കിങ് വാഴുന്ന ലിസ്റ്റില്‍ നാലാമനായി ഗില്‍; സൂപ്പര്‍ നേട്ടത്തില്‍ കൂട്ടായി ആശാനും!
ഫസീഹ പി.സി.
Saturday, 16th May 2026, 11:04 pm

2026 ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരം ഈഡന്‍ ഗാര്‍ഡന്‍സില്‍ പുരോഗമിക്കുകയാണ്. നിലവില്‍ 15 ഓവറുകള്‍ പിന്നിടുമ്പോള്‍ ഗുജറാത്ത് ഒരു വിക്കറ്റിന് 163 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ജോസ് ബട്‌ലറുമാണ് ക്രീസിലുള്ളത്.

ഗില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നത്. താരം 46 പന്തുകള്‍ നേരിട്ട് 84 റണ്‍സാണ് ഇതുവരെ നേടിയത്. ഏഴ് സിക്‌സുകളും അഞ്ച് ഫോറുകളുമാണ് താരം അടിച്ചത്.

ശുഭ്മൻ ഗിൽ. Photo: IndianPremierLeague/x.com

ഇതോടെ ഒരു സൂപ്പര്‍ നേട്ടവും ഗില്‍ കുറിച്ചു. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ 50+ റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ ഓപ്പണര്‍ എന്ന നേട്ടമാണ് താരം സ്വന്തം പേരില്‍ എഴുതിയത്. ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനൊപ്പമാണ് താരം നാലാം സ്ഥാനം പങ്കിടുന്നത്. ഇരുവരും ഓപ്പണാരമാരായി ഇറങ്ങി 34 തവണയാണ് 50 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ളത്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ 50+ റണ്‍സ് നേടുന്ന ഇന്ത്യന്‍ ഓപ്പണര്‍മാര്‍

(താരം – ഇന്നിങ്സ് – എണ്ണം എന്നീ ക്രമത്തില്‍)

വിരാട് കോഹ്ലി – 140 – 51

ശിഖര്‍ ധവാന്‍ – 202 – 49

കെ.എല്‍. രാഹുല്‍ – 115 – 45

ശുഭ്മന്‍ ഗില്‍ – 109 – 34

ഗൗതം ഗംഭീര്‍ – 123 – 34

മറുവശത്തത് ബട്‌ലര്‍ 27 പന്തില്‍ 38 റണ്‍സുമായാണ് ബാറ്റ് ചെയ്യുന്നത്. കൊല്‍ക്കത്തയ്ക്ക് നാല് പന്തില്‍ ഒരു റണ്ണെടുത്ത നിഷാന്ത് സിന്ധുവിന്റെ വിക്കറ്റ് നഷ്ടമായിട്ടുണ്ട്. സുനില്‍ നരെയ്നാണ് വിക്കറ്റ്. കൂടാതെ, 13 പന്തില്‍ 23 റണ്‍സെടുത്ത സായ് സുദര്‍ശന്‍ റിട്ടയേര്‍ഡ് ഹാര്‍ട്ടായും മടങ്ങി.

ഫിൻ അലൻ. Photo: IndianPremierLeague/x.com

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഹാട്രിക് അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ രണ്ട് വിക്കറ്റിന് 247 റണ്‍സെടുത്തിരുന്നു. ഫിന്‍ അലന്‍ 35 പന്തുകളില്‍ നിന്ന് 93 റണ്‍സെടുത്ത് ടോപ് സ്‌കോററായി.

ആംഗ്രിഷ് രഘുവംശി 44 പന്തില്‍ 82 റണ്‍സെടുത്തും കാമറൂണ്‍ ഗ്രീന്‍ 28 പന്തില്‍ 52 റണ്‍സ് നേടി പുറത്താവാതെ നിന്നു. ഗുജറാത്തിനായി മുഹമ്മദ് സിറാജും സായി കിഷോറും ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

Content Highlight: IPL 2026: KKR vs GT: Shubhman Gill equals with Gautham Gambhir in most 50+ scores by Indian openers in IPL

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി