ചെന്നൈയ്ക്കും മുംബൈയ്ക്കും അടിതെറ്റി; ഗില്ലിന്റെ ഗുജറാത്ത് സിംഹാസനം വാഴും
Cricket
ചെന്നൈയ്ക്കും മുംബൈയ്ക്കും അടിതെറ്റി; ഗില്ലിന്റെ ഗുജറാത്ത് സിംഹാസനം വാഴും
ഫസീഹ പി.സി.
Monday, 4th May 2026, 10:48 am

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് മികച്ച ജയം സ്വന്തമാക്കിയിരുന്നു. അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ടീമിന്റെ വിജയം. ജേസണ്‍ ഹോള്‍ഡറുടെ കരുത്തിലാണ് ടൈറ്റന്‍സ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജയിച്ചുകയറിയത്.

പഞ്ചാബ് ഉയര്‍ത്തിയ 164 റണ്‍സിന്റെ വിജയലക്ഷ്യം ഗുജറാത്ത് ഒരു പന്ത് ശേഷിക്കെ ഗുജറാത്ത് മറികടക്കുകയായിരുന്നു. ഇതോടെ ഗില്ലും സംഘവും സീസണിലെ ആറാം വിജയം രുചിച്ചു.

ഗുജറാത്ത് ടൈറ്റൻസ് താരങ്ങൾ. Photo: iplt20.com

മത്സരത്തിലെ വിജയത്തോടെ ഒരു സൂപ്പര്‍ നേട്ടവും ഗുജറാത്ത് സ്വന്തമാക്കി. ഐ.പി.എല്ലില്‍ ആദ്യ 70 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിജയമുള്ള ടീം എന്ന നേട്ടമാണ് ടൈറ്റന്‍സ് തങ്ങളുടെ പേരില്‍ എഴുതി ചേര്‍ത്തത്. 43 വിജയങ്ങളുമായാണ് മുന്‍ ചാമ്പ്യന്മാര്‍ തലപ്പത്തെത്തിയിരിക്കുന്നത്.

ഐ.പി.എല്ലിലെ ഏറ്റവും വിജയകരമായ ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും മുംബൈ ഇന്ത്യന്‍സിനെയും മറികടന്നാണ് ഗുജറാത്തിന്റെ ഈ നേട്ടം. ഈ ലിസ്റ്റില്‍ 41 വിജയങ്ങളുമായി ചെന്നൈയായാണ് രണ്ടാമത്. മൂന്നാമതുള്ള മുംബൈ ഇന്ത്യന്‍സിന് 40 വിജയങ്ങളുമുണ്ട്.

മത്സരത്തില്‍ സായി സുദര്‍ശന്‍ 41 പന്തില്‍ 57 റണ്‍സുമായും വാഷിങ്ടണ്‍ സുന്ദര്‍ 23 പന്തില്‍ പുറത്താവാതെ 40 റണ്‍സുമായും തിളങ്ങി. ജോസ് ബട്ലര്‍ 22 പന്തില്‍ 26 റണ്‍സ് നേടിയതും വിജയത്തില്‍ നിര്‍ണായകമായി.

സായ് സുദർശൻ.

ബൗളിങ്ങില്‍ ജേസണ്‍ ഹോള്‍ഡര്‍ നാല് വിക്കറ്റുകള്‍ എടുത്ത് മിന്നും പ്രകടനം നടത്തി. ഒപ്പം മുഹമ്മദ് സിറാജും കാഗിസോ റബാദയും രണ്ട് വിക്കറ്റുകളെടുത്തപ്പോള്‍ റാഷിദ് ഖാന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

മറുവശത്ത് സുര്യന്‍ഷ് ഷെഡ്ജ 29 പന്തില്‍ 57 റണ്‍സെടുത്തപ്പോള്‍ മാര്‍ക്കസ് സ്റ്റോയ്‌നിസ് 31 പന്തില്‍ 40 റണ്‍സും നേടി. മാര്‍ക്കോ യാന്‍സന്‍ 11 പന്തില്‍ 20 റണ്‍സ് സ്‌കോര്‍ ചെയ്ത് മികവ് പുലര്‍ത്തി. ബൗളിങ്ങില്‍ വൈശാഖ് വിജയകുമാര്‍, അര്‍ഷദീപ് സിങ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും സ്റ്റോയ്നിസ്, യാന്‍സന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീതവും വീഴ്ത്തി.

Content Highlight: IPL 2026: Gujarat Titans top the list of most wins after first 70 games in IPL

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി