വിജയത്തിനൊപ്പം ഗുജറാത്തിന് ബോണസും; കൊല്‍ക്കത്തയെ വീഴ്ത്തിയപ്പോള്‍ കരഞ്ഞത് ചെന്നൈ!
Cricket
വിജയത്തിനൊപ്പം ഗുജറാത്തിന് ബോണസും; കൊല്‍ക്കത്തയെ വീഴ്ത്തിയപ്പോള്‍ കരഞ്ഞത് ചെന്നൈ!
ഫസീഹ പി.സി.
Saturday, 18th April 2026, 7:17 am

2026 ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ് മൂന്നാം വിജയം സ്വന്തമാക്കിയിരുന്നു. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ടീമിന്റെ വിജയം.

കൊല്‍ക്കത്ത ഉയര്‍ത്തിയ 181 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ കരുത്തിലാണ് ടൈറ്റന്‍സ് വിജയിച്ചത്.

ഗുജറാത്ത് ടൈറ്റൻസ് താരങ്ങൾ. Photo: iplt20.com

വിജയത്തോടെ ഗുജറാത്ത് ഒരു നേട്ടവും സ്വന്തമാക്കി. ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 40 വിജയങ്ങള്‍ നേടുന്ന ടീമെന്ന പട്ടമാണ് മുന്‍ ചാമ്പ്യന്മാര്‍ നേടിയെടുത്തത്. വെറും 65 മത്സരങ്ങളില്‍ കളിച്ചാണ് ടീം ഇത്രയും വിജയങ്ങള്‍ കരസ്ഥമാക്കിയത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മറികടന്നാണ് ഗുജറാത്ത് മുന്നിലെത്തിയത്. സി.എസ്.കെ 68 മത്സരങ്ങളില്‍ നിന്നാണ് 40 വിജയങ്ങള്‍ നേടിയത്.

ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 40 വിജയങ്ങള്‍ നേടുന്ന ടീമുകള്‍, മത്സരങ്ങള്‍

ഗുജറാത്ത് ടൈറ്റന്‍സ് – 65

ചെന്നൈ സൂപ്പര്‍ കിങ്സ് – 68

മുംബൈ ഇന്ത്യന്‍സ് – 70

സണ്‍റൈസേഴ്സ് ഹൈദരബാദ് – 71

ഗുജറാത്തിനായി ഗില്‍ 50 പന്തില്‍ 86 റണ്‍സെടുത്ത് തിളങ്ങി. ജോസ് ബട്‌ലര്‍ (15 പന്തില്‍ 25), സായ് സുദര്‍ശന്‍ (16 പന്തില്‍ 22), ഗ്ലെന്‍ ഫിലിപ്‌സ് (16 പന്തില്‍ 19) എന്നിവരും മികവ് പുലര്‍ത്തി.

ശുഭ്മൻ ഗിൽ. Photo: IndianPremierLeague/x.com

കൊല്‍ക്കത്തക്കായി വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. സുനില്‍ നരെയ്ന്‍, രമണ്‍ദീപ് സിങ്, വൈഭവ് അറോറ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയ്ക്ക് വേണ്ടി കാമറൂണ്‍ ഗ്രീന്‍ 55 പന്തില്‍ 79 റണ്‍സെടുത്ത് ടോപ് സ്‌കോററായി. റോവ്മന്‍ പവല്‍ 20 പന്തില്‍ 27 റണ്‍സും ടിം സിഫെര്‍ട്ട് 14 പന്തില്‍ 19 റണ്‍സും സംഭാവന ചെയ്തു.

ഗുജറാത്തിനായി കാഗിസോ റബാഡ മൂന്ന് വിക്കറ്റുകളും മുഹമ്മദ് സിറാജ്, അശോക് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റുകളും നേടി. പ്രസീദ് കൃഷ്ണയും റഷീദ് ഖാനും ഒരു വിക്കറ്റുകളും പിഴുതു.

Content Highlight: IPL 2026: GT vs KKR: Gujarat Titans became the team with fastest 40 IPL wins by surpassing CSK

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി