തിലകല്ല, അവന്‍ മുംബൈയ്ക്ക് ജയിക്കാമെന്ന ആത്മവിശ്വാസം നല്‍കി: ഡു പ്ലെസി
Cricket
തിലകല്ല, അവന്‍ മുംബൈയ്ക്ക് ജയിക്കാമെന്ന ആത്മവിശ്വാസം നല്‍കി: ഡു പ്ലെസി
ഫസീഹ പി.സി.
Tuesday, 21st April 2026, 7:16 pm

2026 ഐ.പി.എല്ലില്‍ തുടര്‍ച്ചയായ നാല് തോല്‍വികള്‍ക്ക് ശേഷം മുംബൈ ഇന്ത്യന്‍സ് വിജയിച്ചിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മുന്‍ ചാമ്പ്യന്മാര്‍ 99 റണ്‍സിനാണ് തകര്‍ത്തെറിഞ്ഞത്. തിലക് വര്‍മയുടെ സെഞ്ച്വറി കരുത്തിലായിരുന്നു ടീമിന്റെ വിജയം.

മത്സരത്തില്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറ തന്റെ വിക്കറ്റ് വരള്‍ച്ച അവസാനിപ്പിച്ചിരുന്നു. ഗുജറാത്തിന്റെ ഇന്നിങ്‌സില്‍ ആദ്യ ഓവര്‍ എറിഞ്ഞ താരം ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തുകയായിരുന്നു. ജി.ടി ഓപ്പണര്‍ സായി സുദര്‍ശനെയാണ് പേസര്‍ പുറത്താക്കിയത്.

ഇപ്പോള്‍ ബുംറയുടെ ഈ വിക്കറ്റ് നല്‍കിയ ഇംപാക്ടിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ സി.എസ്.കെ താരം ഫാഫ് ഡു പ്ലെസി. ബുംറ ആദ്യ പന്തില്‍ വിക്കറ്റ് വീഴ്ത്തിയത് മുംബൈ ഇന്ത്യന്‍സിന് ഏറ്റവും അത്യാവശ്യമായ വിശ്വാസം പകര്‍ന്ന് നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു.

ഫാഫ് ഡു പ്ലെസി. Photo: Crictracker

മുംബൈ മറ്റ് മത്സരങ്ങളില്‍ ആദ്യ ഓവറില്‍ പത്തിന് മുകളില്‍ റണ്‍സ് വഴങ്ങിയിരുന്നുവെന്നും അത് ടീമിന്റെ ആവേശം കുറച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയില്‍ സംസാരിക്കുകയായിരുന്നു ഡു പ്ലെസി.

‘മുംബൈ ഇന്ത്യന്‍സ് ഇതുവരെയുള്ള മത്സരങ്ങളില്‍ ആദ്യ ഓവറില്‍ പത്ത് റണ്‍സിന് മുകളില്‍ വഴങ്ങിയിരുന്നു. നമ്മള്‍ ഇപ്പോഴും കളിയിലെ മൊമെന്റത്തെ കുറിച്ച് സംസാരിക്കാറുണ്ട്. എന്നാല്‍, ആദ്യ ഓവറില്‍ തന്നെ 13 – 14 റണ്‍സ് വിട്ടുനല്‍കിയാല്‍ അത് ടീമിന്റെ ആവേശം അല്പം കുറക്കും.

ഈ തലമുറയിലെ ഏറ്റവും മികച്ച ബൗളറാണ് ബുംറയെന്നതില്‍ നമുക്ക് ആര്‍ക്കും സംശയമില്ല. അദ്ദേഹം എറിഞ്ഞ ആദ്യ ഓവര്‍ ടീമിന് വലിയൊരു വിശ്വാസമാണ് പകര്‍ന്ന് നല്‍കിയത്. ആ ഒറ്റ ഓവര്‍ കൊണ്ട് ഇന്ന് നമ്മുടെ ദിവസമായിരിക്കുമെന്ന ആത്മവിശ്വാസം ടീമില്‍ നിറക്കാന്‍ അദ്ദേഹത്തിന് സാധിച്ചു,’ ഡു പ്ലെസി പറഞ്ഞു.

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ജസ്പ്രീത് ബുംറ. Photo: iplt20.com

മത്സരത്തില്‍ ആദ്യ ഓവറില്‍ ബുംറ വെറും ഒരു റണ്‍ മാത്രമാണ് വിട്ടുനല്‍കിയത്. അതില്‍ തന്നെയായിരുന്നു താരത്തിന്റെ വിക്കറ്റ് നേട്ടവും. ആറ് മത്സരങ്ങള്‍ക്കും 153 പന്തുകള്‍ക്കും ശേഷമായിരുന്നു ഐ.പി.എല്ലില്‍ ഫാസ്റ്റ് ബൗളര്‍ ഒരു വിക്കറ്റ് സ്വന്തമാക്കിയത്.

ഗുജറാത്തിനെതിരെ മൂന്ന് ഓവറുകളാണ് ബുംറ എറിഞ്ഞത്. അതിലാകട്ടെ വിട്ടുനല്‍കിയത് വെറും 15 റണ്‍സ് മാത്രമാണ്. 5.00 എക്കോണമിയയിലായിരുന്നു താരം പന്തെറിഞ്ഞത്.

Content Highlight: IPL 2026: Faf Du Plessis talks about Jasprit Bumrah’s  first ball wicket against GT

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി