ഐ.പി.എല്‍ 2026ലെ തങ്ങളുടെ ആദ്യ മത്സരത്തിന് ദല്‍ഹി ക്യാപ്പിറ്റല്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും കളത്തിലിറങ്ങിയിരിക്കുകയാണ്. ലഖ്‌നൗവിന്റെ തട്ടകമായ എകാനയാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി നായകന്‍ അക്‌സര്‍ പട്ടേല്‍ ബൗളിങ് തെരഞ്ഞെടുത്തു.
മുന്‍ സഹതാരങ്ങളായ റിഷബ് പന്തിന്റെയും കുല്‍ദീപ് യാദവിന്റെയും നേര്‍ക്കുനേരുള്ള പോരാട്ടത്തിനാണ് ആരാധകര്‍ കാത്തിരുന്നത്. ഐ.പി.എല്ലില്‍ റിഷബ് പന്തിന് മേലുള്ള ആധിപത്യം കുല്‍ദീപ് യാദവ് തുടരുമോ എന്നതായിരുന്നു ഇവര്‍ പരസ്പരം ചോദിച്ചത്. ടൂര്‍ണമെന്റില്‍ നേര്‍ക്കുനേര്‍ വന്നപ്പോഴെല്ലാം തന്നെ പന്ത് കുല്‍ദീപിന് മുമ്പില്‍ പതറിയിട്ടുണ്ട്.
അഞ്ച് തവണ ഇരു താരങ്ങളും നേര്‍ക്കുനേര്‍ വന്നു. കുല്‍ദീപിന്റെ 25 പന്തില്‍ നേടാന്‍ സാധിച്ചത് വെറും 23 റണ്‍സ് മാത്രം. സ്‌ട്രൈക് റേറ്റ് 92.00. ഇതിനൊപ്പം മൂന്ന് തവണ പന്ത് പുറത്താവുകയും ചെയ്തു.
എന്നാല്‍ ഈ സീസണില്‍ ഇതിനൊരു മാറ്റമുണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ കുല്‍ദീപിന്റെ കയ്യില്‍ പന്ത് കിട്ടും മുമ്പ് തന്നെ ലഖ്‌നൗ നായകന്‍ നിര്‍ഭാഗ്യകരമായ രീതിയില്‍ പുറത്തായിരുന്നു.
An unfortunate run out for Rishabh Pant to begin the season 😮
ഓപ്പണറുടെ റോളിലാണ് പന്ത് ക്രീസിലെത്തിയത്. മൂന്നാം ഓവറിലെ അവസാന പന്തില്‍ സ്‌ട്രൈക്കിലുണ്ടായിരുന്ന മിച്ചല്‍ മാര്‍ഷ് ഒരു സ്‌ട്രെയ്റ്റ് ഷോട്ട് കളിച്ചു. പന്തെറിഞ്ഞ മുകേഷ് കുമാര്‍ ഷോട്ട് കൈപ്പിടിയിലൊതുക്കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല.
എന്നാല്‍ മുകേഷിന്റെ കയ്യിലുരസിയ പന്ത് നേരെ ചെന്നുകൊണ്ടത് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ വിക്കറ്റിലാണ്. ഈ സമയം ക്രീസിന് വെളിയിലായിരുന്ന പന്ത് റണ്‍ ഔട്ടായി പുറത്താവുകയും ചെയ്തു.
ഒമ്പത് പന്ത് നേരിട്ട് ഏഴ് റണ്‍സ് മാത്രമാണ് പന്തിന് നേടാന്‍ സാധിച്ചത്. 77.78 എന്ന സ്‌ട്രൈക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
അതേസമയം, നിലവില്‍ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സ് എന്ന നിലയിലാണ് ലഖ്‌നൗ. പന്തിന് പുറമെ ഏയ്ഡന്‍ മര്‍ക്രം (എട്ട് പന്തില്‍ 11), ആയുഷ് ബദോണി (മൂന്ന് പന്തില്‍ പൂജ്യം), നിക്കോളാസ് പൂരന്‍ (എട്ട് പന്തില്‍ എട്ട്) എന്നിവരുടെ വിക്കറ്റുകളും ടീമിന് നഷ്ടപ്പെട്ടു.