കിഷന്റെ കനലാട്ടത്തില്‍ ചെന്നൈയെ തകര്‍ത്ത് ഹൈദരാബാദ് പ്ലേഓഫില്‍; കോളടിച്ച് ഗുജറാത്തും
Cricket
കിഷന്റെ കനലാട്ടത്തില്‍ ചെന്നൈയെ തകര്‍ത്ത് ഹൈദരാബാദ് പ്ലേഓഫില്‍; കോളടിച്ച് ഗുജറാത്തും
ഫസീഹ പി.സി.
Monday, 18th May 2026, 11:48 pm

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ്. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ടീമിന്റെ വിജയം. ഇഷാന്‍ കിഷന്റെ കരുത്തിലാണ് ടീം ജയം സ്വന്തമാക്കിയത്.

ചെന്നൈ ഉയര്‍ത്തിയ 181 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് ആറ് പന്തുകള്‍ ബാക്കി നില്‍ക്കെ മറിക്കടക്കുകയായിരുന്നു. ഇതോടെ ഹൈദരാബാദ് ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം പ്ലേഓഫില്‍ പ്രവേശിച്ചു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് സഞ്ജു സാംസണ്‍ മികച്ച തുടക്കം നല്‍കിയിരുന്നു. 13 പന്തില്‍ 27 റണ്‍സെടുത്ത് താരം പാറ്റ് കമ്മിന്‍സിന് വിക്കറ്റ് നല്‍കി മൂന്നാം ഓവറില്‍ തന്നെ മടങ്ങി. പിന്നാലെത്തിയ ഉര്‍വില്‍ പട്ടേലിനെ (എട്ട് പന്തില്‍ 13) സാകിബ് ഹുസൈനും കാര്‍ത്തിക് ശര്‍മയെ (19 പന്തില്‍ 32) കമ്മിന്‍സും പുറത്താക്കി.

ഡെവാൾഡ് ബ്രെവിസ്. Photo: Chennai Super Kings/x.com

ഏറെ വൈകാതെ ഋതുരാജ് ഗെയ്ക്വാദ് (21 പന്തില്‍ 15) കമ്മിന്‍സിന് മുന്നില്‍ അടിയറവ് പറഞ്ഞു. അതോടെ ഡെവാള്‍ഡ് ബ്രെവിസും ശിവം ദുബെയും ഒന്നിച്ചു. മികച്ച കൂട്ടുകെട്ടുമായി മുന്നേറിയ സഖ്യം പിന്നീട് പിരിഞ്ഞു. ആദ്യം 26 പന്തില്‍ 44 റണ്‍സുമായി ബ്രെവിസും തൊട്ടടുത്ത ഓവറില്‍ ദുബെ 23 പന്തില്‍ 26 റണ്‍സുമായും തിരികെ നടന്നു. ഇഷാന്‍ മലിംഗക്കും സാകിബ് ഹുസൈനുമാണ് വിക്കറ്റ്.

പിന്നാലെത്തിയ പ്രശാന്ത് വീര്‍ ഒമ്പത് പന്തില്‍ 11 റണ്‍സെടുത്ത് പ്രഫുല്‍ ഹിംഗെയുടെ പന്തില്‍ മടങ്ങി. അകീല്‍ ഹൊസൈന്‍ ഒരു പന്തില്‍ മൂന്ന് റണ്‍സുമായി പുറത്താവാതെ നിന്നതോടെ ചെന്നൈ ഏഴ് വിക്കറ്റിന് 180 റണ്‍സിലെത്തി.

മറുപടി ബാറ്റിങ്ങില്‍ മുകേഷ് ചൗധരി എറിഞ്ഞ മൂന്നാം ഓവറില്‍ ട്രാവിസ് ഹെഡും ( ആറ് പന്തില്‍ ആറ്) എട്ടാം ഓവറില്‍ അകീല്‍ ഹൊസൈന്റെ മുന്നില്‍ അഭിഷേക് ശര്‍മയും (21 പന്തില്‍ 26) പുറത്തായി. അതോടെ ഒന്നിച്ച ഇഷാന്‍ കിഷനും ഹെന്റിക് ക്ലാസനും ചേര്‍ന്ന് 75 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നൂര്‍ അഹമ്മദിന്റെ പന്തില്‍ സഞ്ജുവിന്റെ ഒരു ഉഗ്രന്‍ സ്റ്റംപിങ്ങിലൂടെ ക്ലാസന്‍ പുറത്തായതോടെയാണ് ഈ സഖ്യം പിരിഞ്ഞത്. 26 പന്തില്‍ 47 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

അഞ്ചാമനായി ഇറങ്ങിയ നിതീഷ് കുമാര്‍ റെഡ്ഡി ഏഴ് പന്തില്‍ 11 റണ്‍സെടുത്ത് മുകേഷ് ചൗധരിക്ക് വിക്കറ്റ് നല്‍കി കൂടാരം കയറി. പിന്നാലെത്തിയ സലീല്‍ അറോറയെ കൂട്ടുപിടിച്ച് കിഷന്‍ ടീമിനെ വിജയത്തിന് അടുത്തെത്തിച്ചു. 18ാം ഓവറിലെ മൂന്നാം പന്തില്‍ അന്‍ഷുല്‍ കാംബോജിന് വിക്കറ്റ് നല്‍കി കിഷന്‍ തിരികെ നടന്നു. 47 പന്തില്‍ 70 റണ്‍സാണ് താരം നേടിയത്.

അതോടെ സ്മരണ്‍ രവിചന്ദ്രന്‍ ക്രീസിലെത്തി. ഓവറിലെ അവസാന പന്തില്‍ ഫോറടിച്ച് സ്മരണ്‍ ടീമിന് വിജയം സമ്മാനിച്ചു. സലീല്‍ അഞ്ച് പന്തില്‍ പത്ത് റണ്‍സും സ്മരണ്‍ രണ്ട് പന്തില്‍ അഞ്ച് റണ്‍സുമായും പുറത്താവാതെ നിന്നു.

Content Highlight: IPL 2026: CSK vs SRH: SRH qualified for play off along with GT by defeating CSK

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി