സഞ്ജുവിന്റെ 27 റണ്‍സില്‍ വിരാടിന് അടിപതറി; ഇനി ചേട്ടന്‍ വാഴും!
Cricket
സഞ്ജുവിന്റെ 27 റണ്‍സില്‍ വിരാടിന് അടിപതറി; ഇനി ചേട്ടന്‍ വാഴും!
ഫസീഹ പി.സി.
Monday, 18th May 2026, 8:45 pm

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. നിലവില്‍ ഓവറുകള്‍ 12 പിന്നിടുമ്പോള്‍ ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെടുത്തിട്ടുണ്ട്. 13 പന്തിൽ 11 റൺസ് നേടിയ ഡെവാൾഡ് ബ്രെവിസും അഞ്ച് പന്തിൽ രണ്ട് റൺസെടുത്ത ശിവം ദുബെയുമാണ് ക്രീസിലുള്ളത്.

ചെന്നൈയ്ക്ക് ആദ്യം നഷ്ടമായത് മലയാളി താരം സഞ്ജു സാംസണിന്റെ വിക്കറ്റാണ്. 13 പന്തുകള്‍ നേരിട്ട വിക്കറ്റ് കീപ്പര്‍ 27 റണ്‍സെടുത്താണ് കൂടാരം കയറിയത്. ഒരു സിക്സറും അഞ്ച് ഫോറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 207.69 സ്‌ട്രൈക്ക് റേറ്റും 31കാരനുണ്ടായിരുന്നു.

സഞ്ജു സാംസൺ. Photo: IndianPremierLeague/x.com

സഞ്ജുവിന് വലിയ ഇന്നിങ്സ് പുറത്തെടുക്കാൻ സാധിച്ചില്ലെങ്കിലും ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാന്‍ നേടിയെടുത്തു. ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് വിക്കറ്റ് കീപ്പര്‍ സ്വന്തമാക്കിയത്. താരത്തിന് നിലവില്‍ എസ്. ആര്‍. എച്ചിനെതിരെ 901 റണ്‍സുണ്ട്.

വിരാട് കോഹ്‌ലിയെ മറികടന്നാണ് സഞ്ജുവിന്റെ നേട്ടം. വിരാടിന് ഹൈദരാബാദിനെതിരെ 874 റണ്‍സാണുള്ളത്.

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍

(താരം – ഇന്നിങ്സ് – റണ്‍സ് എന്നീ ക്രമത്തില്‍)

സഞ്ജു സാംസണ്‍ – 26 – 901

വിരാട് കോഹ്‌ലി -25 – 874

ശ്രേയസ് അയ്യര്‍ – 21 – 641

റിഷബ് പന്ത് – 19 – 626

ഫാഫ് ഡു പ്ലെസി – 20 – 624

നിതീഷ് റാണ – 18 – 614

അജിന്‍ക്യ രഹാനെ – 24 – 582

ചെന്നൈയ്ക്ക് സഞ്ജുവിന് പുറമെ, 19 പന്തില്‍ 32 റണ്‍സെടുത്ത കാര്‍ത്തിക് ശര്‍മയുടെയും 19 പന്തില്‍ 15 റണ്‍സെടുത്ത ഋതുരാജ് ഗെയ്ക്വാദിന്റെയും എട്ട് പന്തില്‍ 13 റണ്‍സെടുത്ത ഉര്‍വില്‍ പട്ടേലിന്റെയും വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്. ഹൈദരാബാദിനായി പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ സാകിബ് ഹുസൈന്‍ ഒരു വിക്കറ്റും വീഴ്ത്തി.

Content Highlight: IPL 2026: CSK vs SRH: Sanju Samson became player with most runs against SRH in IPL by surpassing Virat Kohli

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി