പ്രിയാന്‍ഷ് ചെപ്പോക്കില്‍ ചെന്നൈയെ പഞ്ചറാക്കി; പഞ്ചാബ് നേടിയത് മറ്റാര്‍ക്കുമില്ലാത്ത നേട്ടം!
Cricket
പ്രിയാന്‍ഷ് ചെപ്പോക്കില്‍ ചെന്നൈയെ പഞ്ചറാക്കി; പഞ്ചാബ് നേടിയത് മറ്റാര്‍ക്കുമില്ലാത്ത നേട്ടം!
ഫസീഹ പി.സി.
Friday, 3rd April 2026, 10:40 pm

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സും പഞ്ചാബ് കിങ്സും തമ്മില്‍ ഏറ്റുമുട്ടുകയാണ്. നിലവില്‍ 11 ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെടുത്തിട്ടുണ്ട്. 18 പന്തില്‍ 27 റണ്‍സെടുത്ത കൂപ്പര്‍ കനോലിയും നാല് പന്തില്‍ മൂന്ന് റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുമാണ് ക്രീസിലുള്ളത്.

പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെയും പ്രിയാന്‍ഷ് ആര്യയുടെയും വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. പ്രഭ്‌സിമ്രാന്‍ 34 പന്തില്‍ 43 റണ്‍സും പ്രിയാന്‍ഷ് 11 പന്തില്‍ 39 റണ്‍സുമാണ് സ്‌കോര്‍ ചെയ്തത്. സി.എസ്.കെക്കായി മാറ്റ് ഹെന്റിയാണ് വിക്കറ്റ് വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങില്‍ വെടിക്കെട്ട് തുടക്കമാണ് പഞ്ചാബിന് ലഭിച്ചത്. ഓപ്പണര്‍ പ്രിയാന്‍ഷ് താണ്ഡവമാടിയപ്പോള്‍ ടീം സ്‌കോര്‍ വളരെ വേഗം ഉയര്‍ന്നു. മത്സരത്തില്‍ പഞ്ചാബിന് സ്‌കോര്‍ 50 റണ്‍സിലെത്താന്‍ വേണ്ടി വന്നത് വെറും 3.2 ഓവറുകളാണ്.

ഇതോടെ ഒരു സൂപ്പര്‍ നേട്ടവും പഞ്ചാബ് കുറിച്ചു. ഐ.പി.എല്ലില്‍ ചെന്നൈക്കെതിരെ ഏറ്റവും വേഗത്തില്‍ ഫിഫ്റ്റി നേടുന്ന ടീം എന്ന നേട്ടമാണ് പഞ്ചാബ് സ്വന്തമാക്കിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തിരുന്നു. മത്സരത്തില്‍ യുവതാരം ആയുഷ് മാഹ്‌ത്രെ അര്‍ധ സെഞ്ച്വറി നേടി കരുത്ത് കാട്ടി. 43 പന്തില്‍ 73 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

ആയുഷ് മാഹ്ത്രെ. Photo: Chennai Super Kings/x.com

താരത്തിനൊപ്പം 27 പന്തില്‍ പുറത്താവാതെ 45 റണ്‍സുമായി ശിവം ദുബെയും 12 പന്തില്‍ 32 റണ്‍സുമായി സര്‍ഫറാസ് ഖാനും മികവ് പുലര്‍ത്തി. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് 22 പന്തില്‍ 28 റണ്‍സ് സ്‌കോര്‍ ചെയ്തു. ഏഴ് പന്തില്‍ ഏഴ് റണ്‍സ് മാത്രമെടുത്ത സഞ്ജു സാംസണ്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.

പഞ്ചാബിനായി വിജയകുമാര്‍ വൈശാഖ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. യുസ്വേന്ദ്ര ചഹല്‍, മാര്‍ക്കോ യാന്‍സന്‍, സേവ്യര്‍ ബാര്‍ട്ട്‌ലറ്റ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.

Content Highlight: IPL 2026: CSK vs PBKS: Punjab Kings registered he quickest team 50 against CSK in the IPL

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി