സഞ്ജു എന്നാ സുമ്മാവാ... സാക്ഷാല്‍ തലക്കും ചിന്നത്തലക്കും സാധിക്കാത്തത്; ചരിത്രത്തില്‍ ചേട്ടന്‍ മാത്രം!
Cricket
സഞ്ജു എന്നാ സുമ്മാവാ... സാക്ഷാല്‍ തലക്കും ചിന്നത്തലക്കും സാധിക്കാത്തത്; ചരിത്രത്തില്‍ ചേട്ടന്‍ മാത്രം!
ഫസീഹ പി.സി.
Thursday, 23rd April 2026, 10:36 pm

ഐ.പി.എല്ലില്‍ ചരിത്രം കുറിച്ച് മലയാളി താരം സഞ്ജു സാംസണ്‍. ടൂര്‍ണമെന്റില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സെഞ്ച്വറിയടിക്കുന്ന ആദ്യ സി.എസ്.കെ താരമെന്ന പട്ടമാണ് മലയാളി ബാറ്റര്‍ തന്റെ അക്കൗണ്ടിലാക്കിയത്. ഐ.പി.എല്ലിൽ ഇപ്പോൾ നടക്കുന്ന ചെന്നൈ – മുംബൈ മത്സരത്തില്‍ സെഞ്ച്വറി നേടിയതോടെയാണ് താരത്തിന്റെ ഈ ചരിത്രനേട്ടം.

മത്സരത്തില്‍ ആദ്യ ഓവറില്‍ ക്രീസിലെത്തിയ അവസാന പന്തില്‍ ഫോറടിച്ചാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 54 പന്തുകള്‍ നേരിട്ട മലയാളി 101 റണ്‍സെടുത്ത പുറത്താവാതെ നിന്നു. 187.64 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റേന്തിയ താരം ആറ് സിക്‌സുകളും പത്ത് ഫോറുകളുമാണ് അതിര്‍ത്തി കടത്തിയത്.

Photo: IndianPremierLeague/x.com

ഈ സെഞ്ച്വറി ഇന്നിങ്സോടെ മുംബൈക്കെതിരെയുള്ള ഒരു ചെന്നൈ താരത്തിന്റെ ഉയര്‍ന്ന സ്‌കോറും സ്വാഭാവികമായും സഞ്ജു തന്റെ പേരിൽ കുറിച്ചു. ഇതുവരെ ഋതുരാജ് ഗെയ്ക്വാദ് എടുത്ത 88* ആയിരുന്നു മുംബൈക്കെതിരെയുള്ള ഒരു ചെന്നൈ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. അതാണ് ഇപ്പോള്‍ മലയാളി ബാറ്ററുടെ വെടിക്കെട്ടില്‍ പഴങ്കഥയായത്.

മുംബൈ ഇന്ത്യന്‍സിനെതിരെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ ചെന്നൈ താരങ്ങള്‍, സ്‌കോര്‍

സഞ്ജു സാംസണ്‍ – 101*

ഋതുരാജ് ഗെയ്ക്വാദ് – 88*

മൈക്കല്‍ ഹസി – 86*

സുരേഷ് റെയ്‌ന – 83*

സുരേഷ് റെയ്‌ന – 82*

മാത്യു ഹെയ്ഡന്‍ – 81

ഷെയ്ന്‍ വാട്‌സണ്‍ – 80

സഞ്ജുവിന് പുറമെ മത്സരത്തില്‍ ഋതുരാജ് ഗെയ്ക്വാദും ഡെവാള്‍ഡ് ബ്രെവിസും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഗെയ്ക്വാദ് 14 പന്തില്‍ 22 റണ്‍സെടുത്തപ്പോള്‍ ബ്രെവിസ് 11 പന്തില്‍ 21 റണ്‍സും സ്‌കോര്‍ ചെയ്തു. ഇവരുടെ പ്രകടനത്തില്‍ ചെന്നൈ ആറ് വിക്കറ്റിന് 207 റണ്‍സ് എന്ന നിലയിലെത്തി.

മുംബൈക്കായി അല്ലാഹ് ഗസന്‍ഫറും അശ്വനി കുമാറും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. മിച്ചല്‍ സാന്റ്‌നര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ശേഷിക്കുന്ന വിക്കറ്റുകള്‍ നേടി.

നിലവില്‍ മുംബൈ മറുപടി ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. എട്ട് ഓവറുകള്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റിന് 46 റണ്‍സാണ് എടുത്തത്. 17 പന്തില്‍ 20 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും 17 പന്തില്‍ 16 റണ്‍സെടുത്ത തിലക് വര്‍മയുമാണ് ക്രീസിലുള്ളത്.

ക്വിന്റണ്‍ ഡി കോക്ക് (പത്ത് പന്തില്‍ ഏഴ്), നമന്‍ ധിര്‍ (ഒരു പന്തില്‍ പൂജ്യം), ഡാനിഷ് മലേവര്‍ (ഒരു പന്തില്‍ പൂജ്യം) എന്നിവരെയാണ് നഷ്ടമായത്. അകീല്‍ ഹൊസൈന്‍ രണ്ട് വിക്കറ്റുകളും മുകേഷ് ചൗധരി ഒരു വിക്കറ്റും വീഴ്ത്തി.

Content Highlight: IPL 2026: CSK vs MI: Sanju Samson became first CSK player to hit century against Mumbai Indians in IPL

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി