ചെന്നൈ ഉയര്‍ത്തിയ 208 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് 104 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. ഇതോടെ ചെന്നൈ സീസണിലെ മൂന്നാം വിജയം സ്വന്തമാക്കി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് മൂന്നാം ഓവറില്‍ തന്നെ 14 പന്തില്‍ 22 റണ്‍സെടുത്ത ഋതുരാജ് ഗെയ്ക്വാദിനെ നഷ്ടമായി. അള്ളാ ഗസന്‍ഫറാണ് താരത്തെ പുറത്താക്കിയത്. ഏറെ വൈകാതെ വണ്‍ ഡൗണായി ഇറങ്ങിയ സര്‍ഫറാസ് ഖാന്‍ മിച്ചല്‍ സാന്റ്‌നര്‍ക്ക് വിക്കറ്റ് നല്‍കി മടങ്ങി. എട്ട് പന്തില്‍ 14 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
അതോടെ അകീല്‍ ഹൊസൈന്‍ ക്രീസിലെത്തി. താരത്തെ കാഴചക്കാരനാക്കി സഞ്ജു ടീം സ്‌കോര്‍ ഉയര്‍ത്തി. അവസാന പന്തില്‍ ഫോറടിച്ച് താരം സെഞ്ച്വറിയും പൂര്‍ത്തിയാക്കി. താരം 54 പന്തില്‍ 101 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. അതോടെ ചെന്നൈ ആറ് വിക്കറ്റിന് 207 റണ്‍സിലെത്തി.
സഞ്ജു സാംസൺ. Photo: IndianPremierLeague/x.com
മറുപടി ബാറ്റിങ്ങില്‍ മുംബൈക്ക് തുടക്കം തന്നെ പിഴച്ചിരുന്നു. മൂന്ന് ഓവറില്‍ മൂന്ന് താരങ്ങള്‍ കൂടാരം കയറി. രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി അകീല്‍ ഹൊസൈനും ഒരു വിക്കറ്റുമായി മുകേഷ് ചൗധരിയുമാണ് മുംബൈ ടോപ് ഓര്‍ഡറിനെ തകര്‍ത്തത്.
പിന്നാലെ ഒന്നിച്ച സൂര്യകുമാര്‍ യാദവ് – തിലക് വര്‍മ സഖ്യം ടീമിനെ രക്ഷിക്കാന്‍ ശ്രമം നടത്തി. എന്നാല്‍, ഏറെ വൈകാതെ തിലക് 29 പന്തില്‍ 37 റണ്‍സുമായി അകീല്‍ ഹൊസൈന് വിക്കറ്റ് നല്‍കി മടങ്ങി. പിന്നാലെത്തിയ ഹര്‍ദിക് പാണ്ഡ്യയും ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡും നൂര്‍ അഹമ്മദിന്റെ ഓവറിലെ ആദ്യ രണ്ട് പന്തില്‍ തന്നെ തിരികെ നടന്നു.
അതിന് ശേഷം ക്രീസിലെത്തിയ ഒരു താരത്തിന് വലിയ റണ്‍സ് കണ്ടെത്താന്‍ സാധിക്കാതിരുന്നതോടെ മുംബൈ ഇന്നിങ്സ് 104ല്‍ അവസാനിച്ചു. ഇതോടെ ഐ.പി.എല്ലില്‍ അവസാന അഞ്ച് മത്സരങ്ങളില്‍ മുംബൈക്കെതിരെ വിജയം സ്വന്തമാക്കാന്‍ ചെന്നൈയ്ക്ക് സാധിച്ചു.
Content Highlight: IPL 2026: CSK vs MI: Chennai Super Kings defeated Mumbai Indians by 103 runs