ധോണി തലപ്പത്തുള്ള ലിസ്റ്റില്‍ സഞ്ജുവും; ഇനി രാഹുലിനൊപ്പം
Cricket
ധോണി തലപ്പത്തുള്ള ലിസ്റ്റില്‍ സഞ്ജുവും; ഇനി രാഹുലിനൊപ്പം
ഫസീഹ പി.സി.
Wednesday, 15th April 2026, 1:07 pm

ഐ.പി.എല്‍ 2026ല്‍ ചെന്നൈ സൂപ്പര്‍ കിങ്സ് രണ്ടാം വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകമായ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 32 റണ്‍സിനായിരുന്നു യെല്ലോ ആര്‍മിയുടെ വിജയം.

ചെന്നൈ ഉയര്‍ത്തിയ 193 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 160 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. നൂര്‍ അഹമ്മദിന്റെ കരുത്തിലാണ് ചെന്നൈ വിജയം നേടിയത്.

സഞ്ജു സാംസൺ. Photo: Chennai Super Kings/x.com

മത്സരത്തില്‍ സഞ്ജു സാംസണ്‍ മികച്ച ബാറ്റിങ്ങുമായി തിളങ്ങിയിരുന്നു. 32 പന്തില്‍ 48 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. മൂന്ന് സിക്‌സുകളും നാല് ഫോറുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് അതിര്‍ത്തി കടന്നത്. 150.00 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.

ഇതോടെ ഒരു നേട്ടവും സഞ്ജു സ്വന്തമാക്കി. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ 30+ സ്‌കോര്‍ നേടിയ നാലാമത്തെ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് താരം തന്റെ പേരില്‍ ചേര്‍ത്തത്. ടൂര്‍ണമെന്റില്‍ സഞ്ജു വിക്കറ്റ് കീപ്പറായി ഇറങ്ങി 46 തവണ 30ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്.

സഞ്ജു ഈ നേട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വിക്കറ്റ് കീപ്പര്‍ കെ.എല്‍ രാഹുലിനൊപ്പമാണ്. താരവും വിക്കറ്റ് കീപ്പറായി ഇറങ്ങി 46 തവണയാണ് 30+ സ്‌കോര്‍ നേടിയത്. 66 തവണ 30 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത എം.എസ്. ധോണിയാണ് ഈ ലിസ്റ്റില്‍ മുന്നിലുള്ളത്.

ഐ.പി.എല്ലില്‍ വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ 30+ സ്‌കോറുകള്‍

എം.എസ്. ധോണി – 66

ദിനേശ് കാര്‍ത്തിക് – 58

റിഷബ് പന്ത് – 50

സഞ്ജു സാംസണ്‍ – 46

കെ.എല്‍ രാഹുല്‍ – 46

ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങൾ. Photo: IndianPremierLeague/x.com

ഏപ്രില്‍ 18 നാണ് ചെന്നൈയും സഞ്ജുവും അടുത്ത മത്സരത്തിനിറങ്ങുന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് എതിരാളികള്‍. എസ്.ആര്‍.എച്ചിന്റെ ഹോം ഗ്രൗണ്ടായ ഉപ്പല്‍ സ്റ്റേഡിയമാണ് വേദി.

 

Content Highlight: IPL 2026: CSK vs KKR: Sanju Samson equals with KL Rahul in most 30+ score as Wicketkeeper in IPL

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി