കൊല്‍ക്കത്തയുടെ നടുവൊടിച്ച് 'ഫിഫ്റ്റി'; ഇത് ചെന്നൈയുടെ കോഹി'നൂര്‍' മാജിക്
Cricket
കൊല്‍ക്കത്തയുടെ നടുവൊടിച്ച് 'ഫിഫ്റ്റി'; ഇത് ചെന്നൈയുടെ കോഹി'നൂര്‍' മാജിക്
ഫസീഹ പി.സി.
Wednesday, 15th April 2026, 4:46 pm

ഐ.പി.എല്‍ 2026ല്‍ ചെന്നൈ സൂപ്പര്‍ കിങ്സ് രണ്ടാം വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകമായ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 32 റണ്‍സിനായിരുന്നു ടീം പരാജയപ്പെടുത്തിയത്. വിജയത്തോടെ യെല്ലോ ആര്‍മി എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

മത്സരത്തില്‍ ബൗളര്‍ നൂര്‍ അഹമ്മദ് മിന്നും പ്രകടനം നടത്തിയിരുന്നു. നാല് ഓവറുകള്‍ എറിഞ്ഞ് താരം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. വെറും 21 റണ്‍സ് വിട്ടുനല്‍കിയായിരുന്നു താരത്തിന്റെ പ്രകടനം. 5.25 എക്കോണമിയിലാണ് അഫ്ഗാന്‍ സ്പിന്നര്‍ പന്തെറിഞ്ഞത്.

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന നൂർ അഹമ്മദ്. Photo: iplt20.com

ഇതോടെ നൂര്‍ ഒരു നാഴികക്കല്ലും പിന്നിട്ടു. ഐ.പി.എല്ലില്‍ 50 വിക്കറ്റുകള്‍ എന്ന മൈല്‍സ്റ്റോണിലാണ് എത്തിയത്. കൊല്‍ക്കത്തയ്ക്ക് എതിരെ ഒരു വിക്കറ്റ് വീഴ്ത്തിയതോടെയാണ് താരത്തിന്റെ ഈ നേട്ടം.

നിലവില്‍ നൂറിന് ഐ.പി.എല്ലില്‍ 52 വിക്കറ്റുകളുണ്ട്. 42 മത്സരങ്ങളില്‍ കളിച്ചാണ് വിക്കറ്റുകളില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ അഫ്ഗാന്‍ താരവുമായി നൂര്‍ അഹമ്മദ്.

ഗുജറാത്ത് ടൈറ്റന്‍സ് സ്പിന്നറായ റഷീദ് ഖാന്‍ ഈ ലിസ്റ്റില്‍ ഒന്നാമത്. താരത്തിന് 140 മത്സരങ്ങള്‍ നിന്ന് 163 വിക്കറ്റുകളാണുള്ളത്.

മത്സരത്തില്‍ നൂറിന് പുറമെ കംബോജ് രണ്ട് വിക്കറ്റുകളും നേടി. ഖലീല്‍ അഹമ്മദും അകീല്‍ ഹൊസൈനും ഓരോ വിക്കറ്റുകളുമെടുത്തു.

സഞ്ജു സാംസൺ. Photo: iplt20.com

ബാറ്റിങ്ങില്‍ സഞ്ജു സാംസണ്‍ 32 പന്തില്‍ 48 റണ്‍സെടുത്ത് തിളങ്ങി. ഒപ്പം ഡെവാള്‍ഡ് ബ്രെവിസ് (29 പന്തില്‍ 41), ആയുഷ് മാഹ്‌ത്രെ (17 പന്തില്‍ 38), സര്‍ഫറാസ് ഖാന്‍ (18 പന്തില്‍ 23), ശിവം ദുബെ (12 പന്തില്‍ 13*) എന്നിവരും മികവ് പുലര്‍ത്തി.

ഏപ്രില്‍ 18 നാണ് ചെന്നൈയുടെ അടുത്ത മത്സരം. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് എതിരാളികള്‍. എസ്.ആര്‍.എച്ചിന്റെ ഹോം ഗ്രൗണ്ടായ ഉപ്പല്‍ സ്റ്റേഡിയമാണ് ഈ മത്സരത്തിന് വേദിയാവുക.

Content Highlight: IPL 2026: CSK vs KKR: Noor Ahmed completed  50 wickets in IPL

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി