2019ന് ശേഷം ജയിക്കാതെ ചെന്നൈ; ശാപമോക്ഷത്തിനായി ഇനിയും കാത്തിരിക്കണം
Cricket
2019ന് ശേഷം ജയിക്കാതെ ചെന്നൈ; ശാപമോക്ഷത്തിനായി ഇനിയും കാത്തിരിക്കണം
ഫസീഹ പി.സി.
Sunday, 19th April 2026, 2:36 pm

2026ല്‍ ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് തോല്‍വി വഴങ്ങിയിരുന്നു. രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ സണ്‍റൈസേഴ്സ് ഹൈദരാബാദിന് മുന്നിലാണ് ഗെയ്ക്വാദും സംഘവും മുട്ടുകുത്തിയത്. മത്സരത്തില്‍ പത്ത് റണ്‍സിനായിരുന്നു ടീമിന്റെ തോല്‍വി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓറഞ്ച് ആര്‍മി ഒമ്പത് വിക്കറ്റിന് 194 റണ്‍സ് അടിച്ചെടുത്തിരുന്നു. ഇത് പിന്തുടര്‍ന്ന ചെന്നൈയ്ക്ക് പിഴച്ചു. നിശ്ചിത ഓവറില്‍ മുന്‍ ചാമ്പ്യന്മാര്‍ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സില്‍ തങ്ങളുടെ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു.

ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങൾ.

ഇതോടെ ഒരു മോശം സ്ട്രീക്കും ചെന്നൈ നിലനിര്‍ത്തി. 190+ റണ്‍സ് ചെയ്സില്‍ തുടര്‍ച്ചയായ പത്താം തോല്‍വിയാണ് മുന്‍ ചാമ്പ്യന്മാര്‍ കഴിഞ്ഞ ദിവസം കുറിച്ചത്. 2019ന് ശേഷം യെല്ലോ ആര്‍മിക്ക് 190ന് മുകളിലുള്ള സ്‌കോറുകള്‍ പിന്തുടര്‍ന്ന് ജയിക്കാന്‍ സാധിച്ചിട്ടില്ല.

ചെന്നൈ 190+ സ്‌കോര്‍ അവസാനമായി ചെയ്സ് ചെയ്ത് ജയിച്ചത് 2018ലാണ്. അന്ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെയാണ് ടീം തോല്‍പ്പിച്ചത്.

ആര്‍.സി.ബി ഉയര്‍ത്തിയ 205 റണ്‍സിന്റെ വിജയലക്ഷ്യം രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. അതിന് ശേഷം ചെന്നൈയ്ക്ക് ഒരിക്കല്‍ പോലും ടൂര്‍ണമെന്റില്‍ 190 റണ്‍സിന് മുകളിലുള്ള സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കാന്‍ സാധിച്ചിട്ടില്ല.

ചെന്നൈ സൂപ്പർ കിങ്‌സ്.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അവസാന ഓവര്‍ വരെ വിജയം പ്രതീക്ഷച്ചതിന് ശേഷമാണ് ചെന്നൈ തോല്‍വി വഴങ്ങിയത്. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷം രണ്ട് ജയവുമായി ഫോമിലേക്ക് തിരിച്ചെത്തിയതിന് ശേഷമാണ് ടീമിന്റെ ഈ പരാജയം.

ഏപ്രില്‍ 23നാണ് ചെന്നൈയുടെ അടുത്ത മത്സരം. ചിരവൈരികളായ മുംബൈ ഇന്ത്യന്‍സാണ് ഈ മത്സരത്തിലെ എതിരാളികള്‍. മുംബൈയുടെ തട്ടകയമായ വാംഖഡെ സ്റ്റേഡിയത്തിലാണ് ഈ മത്സരം അരങ്ങേറുക.

Content Highlight: IPL 2026: CSK never chased 190+ score in IPL since 2019

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി