ചേട്ടന്‍ തുടങ്ങി പിള്ളേര്‍ ഏറ്റെടുത്തു; തിരുത്തി കുറിക്കപ്പെട്ടത് ടൂര്‍ണമെന്റ് ചരിത്രം തന്നെ
IPL
ചേട്ടന്‍ തുടങ്ങി പിള്ളേര്‍ ഏറ്റെടുത്തു; തിരുത്തി കുറിക്കപ്പെട്ടത് ടൂര്‍ണമെന്റ് ചരിത്രം തന്നെ
ഫസീഹ പി.സി.
Saturday, 30th May 2026, 7:48 pm

ആരാധകരെ ആവേശത്തിലാഴ്ത്തി ഐ.പി.എല്‍ 2026 അവസാനത്തോടെ അടുക്കുകയാണ്. ഇനി ടൂര്‍ണമെന്റില്‍ കലാശപ്പോര് മാത്രമാണുള്ളത്. നാളെ (മെയ് 31) അഹമ്മദാബാദ് നടക്കുന്ന ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സുമാണ് പരസ്പരം പോരടിക്കുക.

സീസണിൽ ഒരു മത്സരം ബാക്കിയാണെങ്കിലും ഒരു ചരിത്രം തന്നെ ഇതിനോടകം കുറിക്കപ്പെട്ടിട്ടുണ്ട്. ടൂർണമെന്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ പിറന്ന സീസൺ എന്ന തകർപ്പൻ നേട്ടമാണ് എഴുതി ചേർത്തത്. ഐ.പി.എൽ 19ാം എഡിഷനിൽ പിറന്നത് 15 സെഞ്ച്വറികളാണ്. ഈ സീസൺ തകർത്തെറിഞ്ഞത് 2024ൽ കുറിക്കപ്പെട്ട 14 സെഞ്ച്വറികളുടെ റെക്കോഡാണ്.

മലയാളി താരം സഞ്ജു സാംസണാണ് ഈ സീസണിൽ സെഞ്ച്വറി വേട്ടക്ക് തുടക്കം കുറിച്ചത്. ഏപ്രില്‍ 11ന് ചെപ്പോക്കില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന മത്സരത്തിലായിരുന്നു ഐ.പി.എല്‍ 2026ലെ ആദ്യ സെഞ്ച്വറി. ചെന്നൈ സൂപ്പര്‍ കിങ്സിന് ആദ്യ വിജയം സമ്മാനിച്ചായിരുന്നു ആരാധകരുടെ പ്രിയ ‘ചേട്ടന്‍’ സീസണിലെ ആദ്യ മൂന്നക്കം കുറിച്ചത്.

സഞ്ജു സാംസണ്‍. Photo: IndianPremierLeague/x.com

സഞ്ജുവിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് താരം ക്വിന്റണ്‍ ഡി കോക്ക് സെഞ്ചൂറിയന്മാരുടെ ലിസ്റ്റിൽ തന്റെ പേര് ചേര്‍ത്തു. പഞ്ചാബ് കിങ്സിനെതിരെ യായിരുന്നു പ്രോട്ടിയാസ് വിക്കറ്റ് കീപ്പറുടെ സെഞ്ച്വറി തിളക്കം. മൂന്നാമനായി മുംബൈയുടെ തന്നെ താരം ഈ ലിസ്റ്റിന്റെ ഭാഗമായി. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തിലക് വര്‍മയായിരുന്നു ഈ സെഞ്ചൂറിയന്‍.

പിന്നീട് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മയും സെഞ്ച്വറി കരസ്ഥമാക്കി. ദല്‍ഹിക്കെതിരെയായിരുന്നു സീസണിലെ അഞ്ചാം സെഞ്ച്വറി പിറന്നത്. അടുത്ത സെഞ്ച്വറി കുറിച്ചത് സഞ്ജു തന്നെയായിരുന്നു. മുംബൈ ഇന്ത്യന്‍സിനെ അവരുടെ തട്ടകത്തില്‍ തല്ലിയൊതുക്കിയാണ് മലയാളി ബാറ്റര്‍ തന്റെ രണ്ടാം സെഞ്ച്വറി അടിച്ചത്.

സെഞ്ച്വറി നേടിയ അഭിഷേക് ശർമ. Photo: IndianPremierLeague/x.com

ഗുജറാത്ത് ഓപ്പണര്‍ സായ് സുദര്‍ശനും ശതകം നേടി ഈ ലിസ്റ്റില്‍ ഇടം പിടിച്ചു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവായിരുന്നു ഈ സെഞ്ച്വറിയുടെ ഇരകള്‍. പിന്നാലെ ദല്‍ഹിയുടെ ഓപ്പണറും വിക്കറ്റ് കീപ്പറുമായ കെ.എല്‍. രാഹുലും മൂന്നക്കം കടന്ന് കഴിവ് തെളിയിച്ചു.

കെ.എൽ രാഹുൽ. Photo: IndianPremierLeague/x.com

രാഹുല്‍ പഞ്ചാബിനെതിരെ താണ്ഡവമാടിയത് ഐ.പി.എല്ലില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ അടിച്ചെടുത്തായിരുന്നു. മത്സരത്തില്‍ 152 റണ്‍സ് എടുത്തിട്ടും താരത്തിന് തോല്‍വി രുചിക്കേണ്ടി വന്നു.

ഇവര്‍ക്കൊപ്പം രാജസ്ഥാന്‍ റോയല്‍സ് താരം വൈഭവ് സൂര്യവംശിയും സെഞ്ചൂറിയന്മാരുടെ ലിസ്റ്റില്‍ പേര് ചേര്‍ത്തു. ഒമ്പതാമനായി മുംബൈയുടെ റിയാന്‍ റിക്കില്‍ട്ടണും പത്തമനായി പഞ്ചാബിന്റെ കൂപ്പര്‍ കനോലിയും നൂറടിച്ചു. മൂവരുടെയും ബാറ്റിങ് ചൂടറിഞ്ഞത് ഹൈദരാബാദായിരുന്നു.

വൈഭവ് സൂര്യവംശി.Photo: espncricinfo.com

പിന്നാലെ ആര്‍.സി.ബിയെ പഞ്ഞിക്കിട്ട് ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് ഓപ്പണര്‍ മിച്ചല്‍ മാര്‍ഷും സീസണിലെ എലീറ്റ് ലിസ്റ്റില്‍ ഇടം കണ്ടെത്തി. ഒരിക്കല്‍ കൂടി ദല്‍ഹിയെ സെഞ്ച്വറി ചൂടറിയിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓപ്പണര്‍ ഫിന്‍ അലനും തന്റെ പേര് ചേര്‍ത്തു.

സാക്ഷാല്‍ കിങ് വിരാട് കോഹ്‌ലിയായിരുന്നു ഈ സീസണിലെ അടുത്ത സെഞ്ചൂറിയന്‍. കൊല്‍ക്കത്തയായിരുന്നു താരത്തിന്റെ താണ്ഡവത്തിന് ഇരയായത്. പിന്നാലെ ശ്രേയസ് അയ്യരും മൂന്നക്കവുമായി തിളങ്ങി. ഇത് ലഖ്നൗവിനെതിരെയായിരുന്നു. ഇതോടെ 14 സെഞ്ച്വറികള്‍ എന്ന 2024ന്റെ റെക്കോഡിനൊപ്പമെത്തി.

വിരാട് കോഹ്‌ലി. Photo: IndianPremierLeague/x.com

കഴിഞ്ഞ ദിവസം രാജസ്ഥാനെതിരെ മൂന്നക്കം കടന്ന് ഗുജറാത്ത് നായകന്‍ ശുഭ്മന്‍ ഗില്‍ സീസണിലെ 15ാം
സെഞ്ചൂറിയനായി മാറി. ഇതോടെ പുതിയ ചരിത്രവും കുറിക്കപ്പെട്ടു.

Content Highlight: IPL 2026 became the season with most IPL century; Sanju Samson was the first centurion of this season

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി