2026 ഐ.പി.എല്ലില്‍ തുടര്‍ച്ചയായ മൂന്നാം പരാജയത്തിന് പിന്നാലെ സി.എസ്.കെയുടെ ഓപ്പണര്‍മാരായ സഞ്ജു സാംസണിനെയും ഋതുരാജ് ഗെയ്ക്വാദിനെയും രൂക്ഷമായി വിമര്‍ശിച്ച് ആകാശ് ചോപ്ര. ആദ്യ മൂന്ന് മത്സരങ്ങളില്‍ ഇരുവരും എന്താണ് ചെയ്തതെന്നും ഇവര്‍ റണ്‍സ് കണ്ടെത്തിയില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ചെന്നൈ മുന്നോട്ട് പോകുമെന്നും അദ്ദേഹം ചോദിച്ചു.
ടീമില്‍ ഏറ്റവും പരിചയസമ്പത്തുള്ളത് സഞ്ജുവും ഗെയ്ക്വാദുമാണെന്നും എന്നാല്‍ ഈ അനുഭവസമ്പത്ത് കൊണ്ട് ഇരുവരും ഒന്നും നേടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.
ആകാശ് ചോപ്ര. Photo: Mahi Patel/x.com
‘ഈ തോല്‍വിയുടെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കേണ്ടത്? 250 റണ്‍സ് പിന്തുടരുക എന്നത് ഒരിക്കലും എളുപ്പമല്ല. ഇപ്പോള്‍ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചു. എന്നാല്‍ ഓപ്പണര്‍മാര്‍ എന്താണ് ഈ മത്സരങ്ങളില്‍ ചെയ്തത്.
സഞ്ജു സാംസണും ഋതുരാജ് ഗെയ്ക്വാദും സ്ഥിരതയോടെ റണ്‍സ് കണ്ടെത്താതെ പരാജയപ്പെട്ടാല്‍ എങ്ങനെയാണ് കാര്യങ്ങള്‍ നടക്കുക. ആയുഷ് മാഹ്‌ത്രെ മൂന്നില്‍ ഒരു മത്സരത്തില്‍ മാത്രമാണ് റണ്‍സ് കണ്ടത്തിയത്. ഡെവാള്‍ഡ് ബ്രെവിസ് ടീമിലില്ല.
സര്‍ഫറാസ് ഖാന്‍ മികച്ച പ്രകടനം നടത്തി. എന്നാല്‍, അവനെക്കൊണ്ട് ഒറ്റയ്ക്ക് എങ്ങനെ ടീമിനെ വിജയിപ്പിക്കാന്‍ സാധിക്കും. ടീമിന്റെ ഉത്തരവാദിത്തം ടോപ് ഓര്‍ഡറില്‍ ഉള്ളവര്‍ ഏറ്റെടുക്കണം. ചെന്നൈയില്‍ ഏറ്റവും കൂടുതല്‍ പരിചയസമ്പത്തുള്ളത് സഞ്ജുവിനും ഗെയ്ക്വാദിനുമാണ്. എന്നാല്‍, ഇതുവരെ റണ്‍സ് കണ്ടെത്താത്തതിനാല്‍ ആ അനുഭവസമ്പത്തില്‍ നിന്ന് ഇരുവരും ഒന്നും നേടിയിട്ടില്ലെന്നാണ് തോന്നുന്നത്,’ ചോപ്ര പറഞ്ഞു.
സീസണില്‍ ഇതുവരെ സഞ്ജുവിനും ഗെയ്ക്വാദിനും തിളങ്ങാന്‍ സാധിച്ചിട്ടില്ല. ആറ്, ഏഴ്, ഒമ്പത് എന്നിങ്ങനെയാണ് സഞ്ജുവിന്റെ ആദ്യ മൂന്ന് മത്സരങ്ങളിലെ സ്‌കോര്‍. മറുവശത്ത് ഗെയ്ക്വാദ് മൂന്ന് മത്സരങ്ങളില്‍ സ്‌കോര്‍ ചെയ്തത് ആറ്, 28, ഏഴ് എന്നിങ്ങനെയാണ്.