കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സൂപ്പര്‍ താരം റിങ്കു സിങ്ങിന്റെ ഫോമില്‍ ആശങ്ക പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. റിങ്കുവിന്റെ ആത്മവിശ്വാസം കുറയുന്നുവെന്നും സ്പിന്നര്‍മാര്‍ക്കെതിരെയും പേസര്‍മാര്‍ക്കെതിരെയും താരം ഒരു പോലെ പരാജയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

റിങ്കുവിന്റെ ബാറ്റിങ്ങിലെ പഴയ മൂര്‍ച്ചയും കരുത്തും കുറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഇര്‍ഫാന്‍ പത്താന്‍.

ഇര്‍ഫാന്‍ പത്താന്‍.

‘റിങ്കു സിങ് ഇപ്പോള്‍ റണ്‍സ് കണ്ടെത്തുന്നില്ല.  സ്പിന്‍ ബൗളര്‍മാര്‍ക്കെതിരെ മാത്രമല്ല, ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെയും പരാജയപ്പെടുന്നു. അവരുടെ പന്തിൽ പുറത്താവുന്നു.

റിങ്കുവിന്റെ ആത്മവിശ്വാസം കുറഞ്ഞുവരികയെന്നാണ് എനിക്ക് തോന്നുന്നത്. 2023ലെ മികച്ച സീസണിന് ശേഷം അവന്റെ ബാറ്റിങ്ങിലെ പഴയ മൂര്‍ച്ചയും കരുത്തും കാണാനില്ല,’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

ഈ സീസണില്‍ ഇതുവരെ റിങ്കുവിന് തിളങ്ങാന്‍ സാധിച്ചിട്ടില്ല. ആറ് മത്സരങ്ങളില്‍ നിന്ന് വെറും 79 റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. 19.75 ആവറേജും 117.91 സ്‌ട്രൈക്ക് റേറ്റുമാണ് ഇടം കൈയ്യന്‍ ബാറ്റര്‍ക്ക് ഈ സീസണിലുള്ളത്.  35 റണ്‍സാണ് താരത്തിന്റെ ഈ സീസണിലെ ഉയര്‍ന്ന സ്‌കോര്‍.

ഐ.പി.എല്‍ 2026ല്‍ കെ.കെ.ആര്‍ തങ്ങളുടെ ഏഴാം മത്സരത്തിനിറങ്ങുകയാണ്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. ഇതിന് മുന്നോടിയാണ് പത്താന്റെ പ്രതികരണം.

റിങ്കു സിങ്. Photo; KolkataKnightRiders

ഈ മത്സരത്തില്‍ റിങ്കു  രാജസ്ഥാന്‍ റോയല്‍സ് ബൗളര്‍മാരായ സന്ദീപ് ശര്‍മയെയും ജോഫ്ര ആര്‍ച്ചറെയും എങ്ങനെ നേരിടുന്നതെന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇരുവര്‍ക്കുമെതിരെ പന്തിന് ഒരു റണ്‍ എന്ന ശരാശരിയില്‍ മാത്രമാണ് അവന്‍ ഇതുവരെ സ്‌കോര്‍ ചെയ്തിട്ടുള്ളത്.

സ്പിന്‍ ബൗളിങ് റിങ്കുവിനെ ആദ്യമേ ബുദ്ധിമുട്ടിക്കുന്നുണ്ട്. അങ്ങനെയുള്ളപ്പോള്‍ രവി ബിഷ്‌ണോയിയെപ്പോലെ ഒരു മികച്ച സ്പിന്നര്‍ അവന് വലിയ വെല്ലുവിളി ഉയര്‍ത്തും. ആത്മവിശ്വാസം കുറഞ്ഞിരിക്കുന്ന ഈ സമയത് ഇവര്‍ക്കെതിരെ റണ്‍സ് കണ്ടെത്താന്‍ റിങ്കുവിന് സാധിക്കുമോയെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യമെന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: IPL 2026: Irfan Pathan says that Rinku Singh seems to be in low confidence