മുംബൈയുടെ തിരിച്ച് വരവിന് കാരണക്കാരന്‍ അവന്‍; പ്രശംസയുമായി ഗവാസ്‌കര്‍
IPL
മുംബൈയുടെ തിരിച്ച് വരവിന് കാരണക്കാരന്‍ അവന്‍; പ്രശംസയുമായി ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 17th May 2025, 9:10 am

ഐ.പി.എല്‍ ആവേശത്തിലേക്ക് വീണ്ടും എത്തുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകവും ആരാധകരും. ഇന്ത്യ – പാക് സംഘര്‍ഷങ്ങളെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ച ഐ.പി.എല്‍ ഇന്ന് പുനരാരംഭിക്കുകയാണ്. ടീമുകളൊക്കെ ശേഷിക്കുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്താനുള്ള ഒരുക്കത്തിലാണ്.

ടൂര്‍ണമെന്റ് തുടരുമ്പോള്‍ മറ്റൊരു കിരീടമാണ് മുംബൈ ഇന്ത്യന്‍സ് സ്വപനം കാണുന്നത്. കഴിഞ്ഞ കുറച്ച് സീസണുകളില്‍ മോശം പ്രകടനങ്ങളില്‍ പഴി കേട്ട മുംബൈയുടെ തിരിച്ച് വരവിന് കൂടി ഈ സീസണിന്റെ ആദ്യ ഭാഗത്തില്‍ സാക്ഷിയാകാന്‍ ആരാധകര്‍ക്ക് സാധിച്ചിട്ടുണ്ട്.

പതിവ് പോലെ ആദ്യ മത്സരത്തില്‍ തോറ്റാണ് മുന്‍ ചാമ്പ്യന്‍മാര്‍ ഈ സീസണിനും തുടക്കമിട്ടത്. മുംബൈ പിന്നീടുള്ള നാല് മത്സരത്തിലും തോല്‍വി വഴങ്ങിയിരുന്നു. അതിന് ശേഷമുള്ള തുടര്‍ച്ചയായ ആറ് മത്സരങ്ങളില്‍ വിജയിച്ചാണ് തങ്ങളുടെ തിരിച്ച് വരവ് മുംബൈ അറിയിച്ചത്.

ഇപ്പോള്‍ ടൂര്‍ണമെന്റിലെ മുംബൈ ഇന്ത്യന്‍സിന്റെ ഈ സീസണിലെ തിരിച്ച് വരവിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന സുനില്‍ ഗവാസ്‌കര്‍. ഹര്‍ദിക് പാണ്ഡ്യയാണ് മുംബൈ ഇന്ത്യന്‍സിന്റെ തിരിച്ച് വരവിന് കാരണമെന്നും താരത്തിന് കഴിഞ്ഞ സീസണില്‍ നിന്ന് വ്യത്യസ്തമായി അവരുടെ ആരാധകരുടെ പിന്തുണ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ തിരിച്ചുവന്ന രീതി അവിശ്വസനീയമായിരുന്നുവെന്നും കളിക്കളത്തിലെ ഹര്‍ദിക്കിന്റെ ശാന്തമായ പെരുമാറ്റമാണ് അതില്‍ ഒരു പ്രധാന ഘടകമെന്നും താരം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു സുനില്‍ ഗവാസ്‌കര്‍.

‘കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി ഈ സീസണില്‍ ഹര്‍ദിക്കിന് അവരുടെ ആരാധകരുടെ പിന്തുണ ലഭിച്ചു. കഴിഞ്ഞ സീസണില്‍ മുംബൈ കാണികളും ആരാധകരും അത്രയധികം പിന്തുണയ്ക്കാത്തതില്‍ അവന്‍ അല്‍പ്പം അസ്വസ്ഥനായിരുന്നു. എന്നിരുന്നാലും, ഈ വര്‍ഷം അന്തരീക്ഷം മാറി.

അവരെല്ലാം പാണ്ഡ്യക്കൊപ്പമുണ്ട്. വിജയിക്കാന്‍ അവരെല്ലാം അവനെ പ്രേരിപ്പിക്കുന്നു. അവിടെയാണ് അവര്‍ എങ്ങനെ തിരിച്ചുവരുമെന്ന് നമുക്ക് കാണാന്‍ കഴിയുക. അവര്‍ തിരിച്ചുവന്ന രീതി അവിശ്വസനീയമായിരുന്നു. കളിക്കളത്തിലെ ഹര്‍ദിക്കിന്റെ ശാന്തമായ പെരുമാറ്റമാണ് അതില്‍ ഒരു പ്രധാന ഘടകം,’ ഗവാസ്‌കര്‍ പറഞ്ഞു.

ടീം പിഴവുകള്‍ വരുത്തുമ്പോള്‍ ഹര്‍ദിക് സംയമനം പാലിച്ചതാണ് ടീമിന്റെ മനോവീര്യം ശ്രദ്ധയും നിലനിര്‍ത്താന്‍ സഹായിച്ചതെന്നും അതുകൊണ്ടാണ് മുംബൈ ഇത്ര നന്നായി തിരിച്ചുവരാന്‍ കാരണമെന്നും ഗവാസ്‌കര്‍ പറഞ്ഞു. മുംബൈ സാധാരണയായി തിരിച്ച് വരവുകള്‍ നടത്താറുണ്ടെന്നും ഒരിക്കല്‍ കൂടി, ഈ വര്‍ഷം അവര്‍ വിജയങ്ങള്‍ തുടരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഫീല്‍ഡിങ് പിഴവുകള്‍, ക്യാച്ചുകള്‍ നഷ്ടപ്പെടുത്തല്‍ തുടങ്ങിയ പിഴവുകള്‍ ഉണ്ടാകുമ്പോഴും, അവന്‍ സംയമനം പാലിക്കുകയും നിരാശ പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്നു. ഈ സമീപനം ടീമിന്റെ മനോവീര്യവും ശ്രദ്ധയും നിലനിര്‍ത്താന്‍ സഹായിക്കുന്നു.

അതുകൊണ്ടാണ് മുംബൈ ഇത്ര നന്നായി തിരിച്ചുവരാന്‍ കാരണം. അവര്‍ സാധാരണയായി അങ്ങനെ ചെയ്യാറുണ്ട്. 21-ാം തീയതി മുംബൈ ഇന്ത്യന്‍സിന് ഒരു ഹോം മത്സരം കൂടിയുണ്ട്. ഒരിക്കല്‍ കൂടി, ഈ വര്‍ഷം അവര്‍ വിജയങ്ങള്‍ തുടരുമെന്ന് ഒരു മുംബൈ ഇന്ത്യന്‍സ് ആരാധകന്‍ എന്ന നിലയില്‍ ഞാന്‍ പ്രതീക്ഷിക്കുന്നു,’ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: IPL 2025: Sunil Gavaskar says Hardik Pandya is the reason behind Mumbai Indian’s comeback