മുംബൈ ഇന്ത്യന്‍സ് അല്ല, കിരീടം നേടുക ഈ ടീം; വമ്പന്‍ പ്രവചനവുമായി ഗവാസ്‌കര്‍
IPL
മുംബൈ ഇന്ത്യന്‍സ് അല്ല, കിരീടം നേടുക ഈ ടീം; വമ്പന്‍ പ്രവചനവുമായി ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 3rd May 2025, 11:16 am

ഐ.പി.എല്ലിലെ പതിനെട്ടാം സീസണ്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സീസണില്‍ 51 മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ പ്ലേ ഓഫ് സ്ഥാനങ്ങള്‍ക്കായി ടീമുകള്‍ കടുത്ത പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഇതുവരെ ഐ.പി.എല്ലിലെ അഞ്ച് തവണ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സും ആദ്യ സീസണിലെ കിരീട ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സുമാണ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്.

ഇപ്പോള്‍ ടൂര്‍ണമെന്റില്‍ കപ്പുയര്‍ത്തുന്ന ടീമിനെ പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. കിരീട സാധ്യതയുള്ള ടീം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണെന്നും അവരുടെ ബാറ്റിങ്ങും ഫീല്‍ഡിങ്ങും മികച്ചതാണെന്നും ഗവാസ്‌കര്‍ പറഞ്ഞു.

മുംബൈ ഇന്ത്യന്‍സ് അതിനോട് വളരെ അടുത്താണെങ്കിലും അവര്‍ കുതിപ്പ് ആരംഭിച്ചതേയുള്ളൂവെന്നും ആ മൊമെന്റം അവര്‍ എങ്ങനെ നിലനിര്‍ത്തുമെന്നത് നിര്‍ണായകമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ടുഡേയില്‍ സംസാരിക്കുകയായിരുന്നു സുനില്‍ ഗവാസ്‌കര്‍.

‘റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. അവര്‍ നന്നായി ബാറ്റ് ചെയ്യുകയും മികച്ച ഫീല്‍ഡിങ് നടത്തുകയും ചെയ്തിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സും കിരീടത്തോട് വളരെ അടുത്താണ്, പക്ഷേ അവര്‍ അവരുടെ കുതിപ്പ് ആരംഭിച്ചതേയുള്ളൂ.

മുന്‍നിര ടീമുകള്‍ക്കെതിരെ മൂന്ന് കഠിനമായ മത്സരങ്ങള്‍ വരാനിരിക്കുന്നതിനാല്‍ അവര്‍ക്ക് അത് നിലനിര്‍ത്താന്‍ കഴിയുമോ എന്നതാണ് ചോദ്യം. ആ മൊമെന്റം അവര്‍ എങ്ങനെ നിലനിര്‍ത്തും എന്നത് നിര്‍ണായകമായിരിക്കും. പക്ഷേ, ആര്‍.സി.ബി തീര്‍ച്ചയായും കിരീട സാധ്യതയുള്ള ടീമാണ്,’ ഗവാസ്‌കര്‍ പറഞ്ഞു.

ഒരു കാലത്തും കാണാത്ത വിധത്തിലുള്ള മികച്ച ഫോമിലാണ് ഈ സീസണില്‍ ബെംഗളൂരു മുന്നോട്ട് പോകുന്നത്. പത്ത് മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയവും മൂന്ന് തോല്‍വിയുമായി ബെംഗളൂരു 14 പോയിന്റോടെ മൂന്നാം സ്ഥാനത്തതാണ്. ടീം എല്ലാ മേഖലയിലും തകര്‍പ്പന്‍ പ്രകടനങ്ങളാണ് നടത്തുന്നത്.

ഇന്ന് (മെയ് മൂന്ന്) ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സീസണിലെ പതിനൊന്നാം മത്സരത്തിനിറങ്ങും. സ്വന്തം ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയിലാണ് മത്സരം.

അതേസമയം, പതിവ് പോലെയാണ് മുംബൈ ഇന്ത്യന്‍സ് സീസണ്‍ തുടങ്ങിയത്. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും മുംബൈ തോല്‍വി വഴങ്ങിയിരുന്നു. മൂന്നാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ജയിച്ചെങ്കിലും പിന്നീടുള്ള രണ്ട് മത്സരങ്ങളില്‍ പിന്നെയും തോറ്റിരുന്നു.

അവസാനം നടന്ന ആറ് മത്സരങ്ങളില്‍ ആറിലും വിജയിച്ച് ഇപ്പോള്‍ ശക്തമായ നിലയിലാണ് മുംബൈ ഇന്ത്യന്‍സ്. പതിനൊന്ന് മത്സരങ്ങളില്‍ ഏഴ് വിജയവും നാല് തോല്‍വിയുമായി ടീം പോയിന്റ് ടേബിളില്‍ ഒന്നാമതാണ്.

Content Highlight: IPL 2025: Sunil Gavaskar predicts Royal Challengers Bengaluru will lift IPL 2025 trophy, not Mumbai Indians