ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള മത്സരത്തില്‍ ബെംഗളൂരു വിജയം സ്വന്തമാക്കിയിരുന്നു. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ 12 റണ്‍സിന്റെ തോല്‍വിയാണ് മുംബൈ വഴങ്ങിയത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമാണ് ബെംഗളൂരുവിനോട് മുന്‍ ചാമ്പ്യന്‍മാര്‍ ഹോം ഗ്രൗണ്ടില്‍ തോല്‍ക്കുന്നത്.
മത്സരത്തില്‍ രോഹിത് നന്നായി തുടങ്ങിയെങ്കിലും പവര്‍പ്ലേയില്‍ യാഷ് ദയാല്‍ താരത്തെ പുറത്താക്കുകയായിരുന്നു. ഒമ്പത് പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 17 റണ്‍സാണ് രോഹിത്തിന് നേടാന്‍ സാധിച്ചത്. നാല് മത്സരങ്ങളിലും ആദ്യ ആറ് ഓവറുകളില്‍ തന്നെ രോഹിത് മടങ്ങിയത് മുംബൈക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്.
എന്നിരുന്നാലും വരാനിരിക്കുന്ന മത്സരങ്ങളില്‍ രോഹിത്തിന്റെ ശക്തമായ പ്രകടനം പ്രതീക്ഷിക്കുന്നതായി സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. രോഹിത് ഉടന്‍ തന്നെ വലിയ സ്‌കോര്‍ നേടിയില്ലെങ്കിലും പവര്‍പ്ലേയിലൂടെ 30 അല്ലെങ്കില്‍ 40 റണ്‍സ് നേടണമെന്ന് ടീം ആഗ്രഹിക്കുന്നുവെന്ന് ഗവാസ്‌കര്‍ പറഞ്ഞു.
‘വരാനിരിക്കുന്ന മത്സരങ്ങളില്‍ മുംബൈ അദ്ദേഹത്തില്‍ നിന്ന് ഒരു മികച്ച ഇന്നിങ്‌സ് പ്രതീക്ഷിക്കും. ഉടന്‍ തന്നെ അദ്ദേഹത്തിന് വലിയ സ്‌കോര്‍ നേടാനായില്ലെങ്കിലും, സ്ഥിരമായി 30-40 റണ്‍സ് നേടുന്നത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.
മുംബൈ ഇന്ത്യന്‍സിനായാലും ഇന്ത്യയ്ക്കായാലും രോഹിത് കളിക്കുന്ന ഏത് ടീമിനായാലും, പ്രത്യേകിച്ച് പവര്‍പ്ലേയില്‍ രോഹിത് ക്രീസില്‍ ഉണ്ടെങ്കില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയും. അദ്ദേഹത്തിന് സംഭാവന നല്‍കാന്‍ കഴിവുണ്ട്. എന്നിരുന്നാലും അദ്ദേഹത്തിന്റെ ഷോട്ട് സെലക്ഷന്‍ മാറ്റേണ്ടി വരും,’ ഗവാസ്‌കര്‍ പറഞ്ഞു.