ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ജയ്പൂരില്‍ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയിരിക്കുകയാണ്. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് എതിരാളികള്‍. ഗ്രീന്‍ ഇനിഷ്യേറ്റീവിന്റെ ഭാഗമായി റോയല്‍ ചലഞ്ചേഴ്‌സ് പച്ച ജേഴ്‌സിയണിഞ്ഞാണ് കളത്തിലിറങ്ങിയിരിക്കുന്നത്.
മത്സരത്തില്‍ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബൗളിങ് തെരഞ്ഞെടുത്തു.
സ്വന്തം കാണികള്‍ക്ക് മുമ്പില്‍ തിളങ്ങാന്‍ സാധിക്കാതെയാണ് സഞ്ജു സാംസണ്‍ മടങ്ങിയത്. 19 പന്തില്‍ 15 റണ്‍സ് മാത്രമാണ് പിങ്ക് സിറ്റിയുടെ നായകന് കണ്ടെത്താന്‍ സാധിച്ചത്.
ഭുവനേശ്വര്‍ കുമാറിന്റെയും യാഷ് ദയാലിന്റെയും ജോഷ് ഹെയ്‌സല്‍വുഡിന്റെയും പേസിനെ അതിജീവിച്ച താരം ക്രുണാല്‍ പാണ്ഡ്യയുടെ സ്പിന്നിന് മുമ്പില്‍ പരാജയപ്പെട്ടു. പാണ്ഡ്യയെ സ്‌റ്റെപ്പ് ഔട്ട് ചെയ്ത് അതിര്‍ത്തി കടത്താനുള്ള സഞ്ജുവിന്റെ ശ്രമം പാളുകയും ജിതേഷ് ശര്‍മ താരത്തെ സ്റ്റംപ് ചെയ്ത് മടക്കുകയുമായിരുന്നു.
— Royal Challengers Bengaluru (@RCBTweets) April 13, 2025
കഴിഞ്ഞ ഒമ്പത് വര്‍ഷത്തില്‍ ഇത് മൂന്നാം തവണയാണ് സഞ്ജു സാംസണ്‍ സ്റ്റംപിങ്ങിലൂടെ പുറത്താകുന്നത്. മൂന്ന് തവണയും ഇത്തരത്തില്‍ പുറത്താക്കിയതാകട്ടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും.
കഴിഞ്ഞ സീസണിലാണ് സഞ്ജു ഇതിന് മുമ്പ് സ്റ്റംപിങ്ങിലൂടെ പുറത്തായത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ദിനേഷ് കാര്‍ത്തിക്കാണ് താരത്തെ സ്റ്റംപ് ചെയ്ത് മടക്കിയത്. അന്നാകട്ടെ 13 പന്തില്‍ 17 റണ്‍സാണ് താരം കണ്ടെത്തിയത്.
𝗗𝗲𝗰𝗲𝗶𝘃𝗲𝗱! 🫣
Captain Sanju Samson is stumped off a wide delivery ☝️
ഇതിന് മുമ്പ് 2022ലെ പ്ലേ ഓഫ് മത്സരത്തിലും ദിനേഷ് കാര്‍ത്തിക് സഞ്ജുവിനെ സ്റ്റംപിങ്ങിലൂടെ മടക്കിയിരുന്നു. അന്നും മികച്ച സ്‌കോര്‍ സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. 21 പന്തില്‍ 23 റണ്‍സാണ് സഞ്ജു കണ്ടെത്തിയത്.
ഈ രണ്ട് മത്സരത്തിലും രാജസ്ഥാന്‍ വിജയിച്ചിരുന്നു എന്നതാണ് രസകരമായ മറ്റൊരു വസ്തുത.
ക്യാപ്റ്റന്റെ റോളിലെത്തിയ ശേഷം ഇത് മൂന്നാം തവണ മാത്രമാണ് സഞ്ജു സ്റ്റംപിങ്ങിലൂടെ പുറത്താകുന്നത്. ഇതിന് മുമ്പ് 2016ലും 2014ലുമാണ് സഞ്ജു സ്റ്റംപിങ്ങിലൂടെ മടങ്ങുന്നത്.
(എതിരാളികള്‍ – സ്‌കോര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
ദല്‍ഹി ഡെയര്‍ഡെവിള്‍സ് – 15 (14) – 2014
കിങ്‌സ് ഇലവന്‍ പഞ്ചാബ് – 30 (29) – 2014
റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് – 10 (13) – 2016
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 23 (21) – 2022
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 17 (13) – 2024
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 15 (19) – 2025*
(2016ല്‍ ദല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പവും ശേഷിച്ച വര്‍ഷങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സിനുമൊപ്പമാണ് സഞ്ജു കളത്തിലിറങ്ങിയത്)
അതേസമയം, മത്സരം 14 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍ എന്ന നിലയിലാണ് ഹോം ടീം. സഞ്ജുവിന് പുറമെ 22 പന്തില്‍ 30 റണ്‍സടിച്ച റിയാന്‍ പരാഗിന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായിരിക്കുന്നത്.