ഐ.പി.എല്‍ 2025ല്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ വിജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് പിങ്ക് ആര്‍മി ജയിച്ചത്.
സൂപ്പര്‍ കിങ്സ് ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യം 17 പന്ത് ശേഷിക്കെ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. തുടര്‍ പരാജയങ്ങള്‍ക്കൊടുവില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ ആശ്വാസ ജയവുമാണ് സീസണില്‍ നിന്ന് സഞ്ജുവിന്റെ സംഘം മടങ്ങുന്നത്.
മത്സരത്തില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ മികച്ച പ്രകടനമാണ് നടത്തിയത്. വണ്‍ ഡൗണായി ഇറങ്ങി 31 പന്തില്‍ 41 റണ്‍സാണ് താരം നേടിയത്. രണ്ട് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്.
ഈ പ്രകടനത്തോടെ സഞ്ജുവിന് ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കാനായി. ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കുന്ന നാലാമത്തെ ക്യാപ്റ്റനാവാനാണ് രാജസ്ഥാന്‍ നായകന്‍ സാധിച്ചത്. 66 ഇന്നിങ്‌സില്‍ നിന്നാണ് താരം ഈ നേട്ടത്തിലെത്തിയത്.
ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ക്യാപ്റ്റന്‍, ഇന്നിങ്സ്
കൂടാതെ മത്സരത്തില്‍ ടി- 20യില്‍ 350 സിക്‌സുകള്‍ നേടാനും സഞ്ജുവിന് കഴിഞ്ഞിരുന്നു. ഈ ഫോര്‍മാറ്റില്‍ 350 സിക്‌സുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടം സഞ്ജുവിനെ സാക്ഷിയാക്കി ധോണി നേടിയെങ്കിലും ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തില്‍ എത്തുന്ന വിക്കറ്റ് കീപ്പറാവാന്‍ താരത്തിനായിരുന്നു.
സഞ്ജുവിന് പുറമെ രാജസ്ഥനായി വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. 33 പന്തില്‍ നാല് വീതം സിക്സും ഫോറും അടക്കം 57 റണ്‍സാണ് വൈഭവ് ചെന്നൈക്കെതിരെ നേടിയത്. യശസ്വി ജെയ്‌സ്വാള്‍ (19 പന്തില്‍ 36), ധ്രുവ് ജുറെല്‍ (12 പന്തില്‍ 31) എന്നിവരും മികച്ച പ്രകടനം നടത്തി.
ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ആര്‍. അശ്വിന്‍ രണ്ട് വിക്കറ്റ് നേടി. അന്‍ഷുല്‍ കംബോജും നൂര്‍ അഹമ്മദും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത സൂപ്പര്‍ കിങ്‌സിനായി ആയുഷ് മാഹ്‌ത്രെ 20 പന്തില്‍ 43 റണ്‍സ് നേടിയപ്പോള്‍ ഡെവാള്‍ഡ് ബ്രെവിസ് 25 പന്തില്‍ 42 റണ്‍സും അടിച്ചെടുത്തു. 32 പന്തില്‍ 39 റണ്‍സ് നേടിയ ശിവം ദുബൈയാണ് മികച്ച പ്രകടനം നടത്തിയ മറ്റൊരു താരം.