കാത്തിരിപ്പിനും കണ്ണീരിനും വിരാമമിട്ട് പതിനെട്ടാം സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കന്നി കിരീടത്തില്‍ മുത്തമിട്ടിരിക്കുന്നു. ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തിയാണ് മോഹ കപ്പ് ടീം സ്വന്തമാക്കിയത്. കരിയറില്‍ എല്ലാം നേടിയിട്ടും അന്യമായി നിന്ന കപ്പും സ്വന്തമാക്കി ടീമിന്റെ 18ാം നമ്പറുകാരനും സ്വപ്ന സാക്ഷാത്കാരത്തിന്റെ നെറുകയിലെത്തിയിരിക്കുന്നു.
കന്നി കിരീടം ബെംഗളൂരു സ്വന്തമാക്കിയതോടെ ടൂര്‍ണമെന്റിലെ എട്ടാം ചാമ്പ്യന്മാരാണ് ഉദിച്ചുയര്‍ന്നത്. റോയല്‍ ചലഞ്ചേഴ്സ് ഉയര്‍ത്തിയ 191 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. ഇതോടെ ആദ്യ കിരീടമെന്ന പഞ്ചാബ് കിങ്‌സിന്റെ മോഹവും പൊലിഞ്ഞു.
ഇപ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിന്റെ വിജയത്തെ കുറിച്ച് സംസാരിക്കുകയാണ് ടീമിന്റെ മുഖ്യ പരിശീലകന്‍ ആന്‍ഡി ഫ്‌ലവര്‍. ലേലത്തില്‍ കൈകൊണ്ട തീരുമാനങ്ങളാണ് തങ്ങളുടെ വിജയത്തിന് അടിത്തറ നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. ശക്തമായ ബൗളിങ് യൂണിറ്റ് വേണ്ടതിന്റെ ആവശ്യകത മനസിലാക്കി അതില്‍ ശ്രദ്ധ കൊടുത്തെന്നും പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു.
‘ലേലത്തില്‍ കൈകൊണ്ട തീരുമാനങ്ങളാണ് ഞങ്ങളുടെ വിജയത്തിന് അടിത്തറ നല്‍കിയത്. വലിയ താരങ്ങള്‍ക്കായി തുക ചെലവഴിക്കുന്നതിന് പകരം മൂല്യമുള്ള താരങ്ങളെ ടീമില്‍ എത്തിക്കുക എന്നായിരുന്നു മോ ബോബറ്റിന്റെ തന്ത്രങ്ങളില്‍ പ്രധാനം. ശക്ത ബൗളിങ് യൂണിറ്റ് കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് അതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു,’ ഫ്‌ലവര്‍ പറഞ്ഞു.
മെഗാ ലേലത്തിലൂടെ ടീമിലെത്തിച്ച് മികച്ച പ്രകടനങ്ങള്‍ നടത്തിയ താരങ്ങളെ കുറിച്ചും ആന്‍ഡി ഫ്‌ലവര്‍ സംസാരിച്ചു.
‘ഒരുപാട് താരങ്ങളെ ടീമിലെത്തിക്കാത്തതില്‍ ലേലത്തിലെ ആദ്യ ദിവസത്തില്‍ ഞങ്ങള്‍ വിമര്‍ശനം നേരിട്ടു. പക്ഷെ ആ നിലപാട് ഭുവനേശ്വര്‍ കുമാര്‍, ക്രുണാല്‍ പാണ്ഡ്യ, ടിം ഡേവിഡ്, റൊമാരിയോ ഷെഫേര്‍ഡ് എന്നീ മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ സഹായിച്ചു.