ഐ.പി.എല്‍ 2025ലെ 42ാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിന് വിജയം. ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 11 റണ്‍സിന്റെ വിജയമാണ് ഹോം ടീം സ്വന്തമാക്കിയത്.
ആര്‍.സി.ബി ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
സീസണില്‍ ഇതാദ്യമായാണ് ആര്‍.സി.ബി ഹോം ഗ്രൗണ്ടില്‍ വിജയിക്കുന്നത്. ബെംഗളൂരുവില്‍ ഇതിന് മുമ്പ് കളിച്ച മൂന്ന് മത്സരത്തിലും പരാജയപ്പെട്ട ശേഷമാണ് ആര്‍.സി.ബി ചിന്നസ്വാമിയില്‍ പെരിയ വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി ഓപ്പണര്‍മാര്‍ ഇന്നിങ്‌സിന് അടിത്തറയിട്ടു.
ടീം സ്‌കോര്‍ 61ല്‍ നില്‍ക്കവെ ഫില്‍ സാള്‍ട്ടിനെ മടക്കി വാനിന്ദു ഹസരങ്കയാണ് കൂട്ടുകെട്ട് പൊളിച്ചത്. ഷിംറോണ്‍ ഹെറ്റ്‌മെയറിന്റെ കയ്യിലൊതുങ്ങും മുമ്പ് 26 റണ്‍സാണ് താരം അടിച്ചെടുത്തത്.
വണ്‍ ഡൗണായെത്തിയ ദേവ്ദത്ത് പടിക്കലിനെ ഒപ്പം കൂട്ടി വിരാട് വീണ്ടും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനാരംഭിച്ചു. രണ്ടാം വിക്കറ്റില്‍ 95 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ടോട്ടലിലേക്ക് സംഭാവന ചെയ്തത്.
അധികം വൈകാതെ ദേവ്ദത്ത് പടിക്കലിന്റെ വിക്കറ്റും ബെംഗളൂരുവിന് നഷ്ടമായി. 27 പന്തില്‍ 50 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ തന്റെ വേഗതയേറിയ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് പടിക്കല്‍ മടങ്ങിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് വെടിക്കെട്ട് തുടക്കമാണ് യശസ്വി ജെയ്‌സ്വാളും വൈഭവ് സൂര്യവംശിയും ചേര്‍ന്ന് സമ്മാനിച്ചത്. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ഭുവനേശ്വര്‍ കുമാറിനെ സിക്‌സറിന് പറത്തി ജെയ്‌സ്വാള്‍ തുടങ്ങിവെച്ച അറ്റാക് സൂര്യവംശിയുമേറ്റെടുത്തു. കഴിഞ്ഞ മത്സരത്തിലേതെന്ന പോലെ 14കാരനും സിക്‌സറടിക്ക് തുടക്കമിട്ടു.
ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതിന് പിന്നാലെ വൈഭവ് സൂര്യവംശിയെ രാജസ്ഥാന് നഷ്ടമായി. ടീം സ്‌കോര്‍ 52ല്‍ നില്‍ക്കവെ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം മടങ്ങിയത്. 12 പന്തില്‍ 16 റണ്‍സായിരുന്നു സൂര്യവംശിയുടെ സമ്പാദ്യം.
വണ്‍ ഡൗണായെത്തിയ ക്യാപ്റ്റന്‍ റിയാന്‍ പരാഗിനെ ഒപ്പം കൂട്ടി മറ്റൊരു കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നതിനിടെ ജെയ്‌സ്വാളിന് മടക്കി ജോഷ് ഹെയ്‌സല്‍വുഡ് ആര്‍.സി.ബിക്ക് അവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചു.
19 പന്തില്‍ മൂന്ന് സിക്‌സറും ഏഴ് ഫോറുമടക്കം 257.89സ്‌ട്രൈക്ക് റേറ്റില്‍ 49 റണ്‍സാണ് ജെയ്‌സ്വാള്‍ അടിച്ചെടുത്തത്.
ധ്രുവ് ജുറെലും ഷിംറോണ്‍ ഹെറ്റ്‌മെയറും ഒന്നിച്ചപ്പോള്‍ സ്‌കോര്‍ ബോര്‍ഡിന്റെ വേഗം കുറഞ്ഞു. ഇതിനിടെ ഹെറ്റിയെ മടക്കി ഹെയ്‌സല്‍വുഡ് രാജസ്ഥാന് അടുത്ത പ്രഹരമേല്‍പ്പിച്ചു. എട്ട് പന്തില്‍ 11 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.
19ാം ഓവറിലെ മൂന്നാം പന്തില്‍ ജുറിലെയും രാജസ്ഥാന് നഷ്ടപ്പെട്ടു. 34 പന്ത് നേരിട്ട് മൂന്ന് വീതം ഫോറും സിക്‌സറുമായി 47 റണ്‍സാണ് താരം നേടിയത്. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ ഇടപെടലാണ് വിക്കറ്റിന് വഴിയൊരുക്കിയത്.
എട്ടാം നമ്പറിലിറങ്ങിയ ജോഫ്രാ ആര്‍ച്ചര്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായതോടെ 189/7 എന്ന നിലയിലെത്തി.
യാഷ് ദയാലെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ശുഭം ദുബയുടെ വിക്കറ്റും ടീമിന് നഷ്ടമായി. ഏഴ് പന്തില് 12 റണ്‍സുമായി നില്‍ക്കവെ ഫില്‍ സാള്‍ട്ടിന് ക്യാച്ച് നല്‍കിയായിരുന്നു ദുബെ പുറത്തായത്.
മൂന്നാം പന്തില്‍ ഹസരങ്കയും പുറത്തായതോടെ രാജസ്ഥാന്‍ തോല്‍വിയുറപ്പിച്ചു. ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 194ല്‍ പോരാട്ടം അവസാനിപ്പിച്ചു.
ബെംഗളൂരുവിനായി ജോഷ് ഹെയ്‌സല്‍വുഡ് നാല് വിക്കറ്റ് നേടിയപ്പോള്‍ ക്രുണാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റും സ്വന്തമാക്കി. യാഷ് ദയാലും ഭുവനേശ്വര്‍ കുമാറുമാണ് ശേഷിച്ച വിക്കറ്റുകള്‍ നേടിയത്.
Content Highlight: IPL 2025: Royal Challengers Bengaluru defeated Rajasthan Royals