ഐ.പി.എല്ലിലെ കരുത്തരുടെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വിജയവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 12 റണ്‍സിന്റെ വിജയമാണ് ബെംഗളൂരു സ്വന്തമാക്കിയത്.
ആര്‍.സി.ബി ഉയര്‍ത്തിയ 222 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈയ്ക്ക് 209 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഹര്‍ദിക് പാണ്ഡ്യയും തിലക് വര്‍മയും മികച്ച ഇന്നിങ്‌സ് പുറത്തെടുത്തെങ്കിലും ടീമിന് വിജയിക്കാന്‍ മാത്രം സാധിച്ചില്ല.
2015ന് ശേഷം വാംഖഡെയില്‍ ബെംഗളൂരുവിന്റെ ആദ്യ ജയമാണിത്. നേരത്തെ 2008ന് ശേഷം ചെപ്പോക്കിലും ആര്‍.സി.ബി വിജയം സ്വന്തമാക്കിയിരുന്നു.
Noise before the games. ⬇️
1️⃣7️⃣ years since RCB won against the homeside at Chepauk
1️⃣0️⃣ years since RCB won against the homeside at Wankede.
And now. 🤷♂️
— Royal Challengers Bengaluru (@RCBTweets) April 7, 2025
മത്സരത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഫില്‍ സാള്‍ട്ടിനെ വീഴ്ത്തി ട്രെന്റ് ബോള്‍ട്ട് ആര്‍.സി.ബിയെ ഞെട്ടിച്ചു. ബോള്‍ട്ടിന്റെ ഫസ്റ്റ് ഓവര്‍ വിക്കറ്റ് മാജിക്കില്‍ മുംബൈ ഏര്‍ളി അഡ്വാന്റേജ് നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഡോമിനേഷന് അനുവദിക്കാതെ ആര്‍.സി.ബി രണ്ടാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
വണ്‍ ഡൗണായെത്തിയ ദേവ്ദത്ത് പടിക്കലിനെ ഒപ്പം കൂട്ടി വിരാട് കോഹ്‌ലി സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. രണ്ടാം വിക്കറ്റില്‍ 91 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്.
കൂട്ടുകെട്ട് തകര്‍ന്നെങ്കിലും പിന്നാലെയെത്തിയ ക്യാപ്റ്റന്‍ രജത് പാടിദാറിനെ ഒപ്പം കൂട്ടി വിരാട് സ്‌കോര്‍ ബോര്‍ഡിന്റെ വേഗത കുറയാതെ കാത്തു.
15ാം ഓവറിലെ ആദ്യ പന്തില്‍ വിരാടിനെ മടക്കി ഹര്‍ദിക് പാണ്ഡ്യ റോയല്‍ ചലഞ്ചേഴ്‌സിനെ സമ്മര്‍ദത്തിലാക്കി. 42 പന്തില്‍ 67 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്. ടി-20യില്‍ ഇത് 99ാം തവണയാണ് വിരാട് 50+ സ്‌കോര്‍ സ്വന്തമാക്കുന്നത്.
അതേ ഓവറില്‍ ലിയാം ലിവിങ്‌സ്റ്റണെയും മടക്കി ഹര്‍ദിക് ആര്‍.സി.ബിക്ക് ഇരട്ട പ്രഹരം നല്‍കി. സില്‍വര്‍ ഡക്കായാണ് സൂപ്പര്‍ താരം മടങ്ങിയത്.
ജിതേഷ് ശര്‍മ ക്രീസിലെത്തിയതോടെ ആര്‍.സി.ബി വീണ്ടും മികച്ച പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി. അഞ്ചാം വിക്കറ്റില്‍ 69 റണ്‍സാണ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
32 പന്തില്‍ 64 റണ്‍സുമായി മികച്ച രീതിയില്‍ ബാറ്റ് വീശിയ പാടിദാറിനെ ട്രെന്റ് ബോള്‍ട്ട് മടക്കി. വിക്കറ്റ് കീപ്പര്‍ റിയാന്‍ റിക്കല്‍ടണിന്റെ മികച്ച ക്യാച്ചാണ് ആര്‍.സി.ബി നായകന് പവലിയനിലേക്കുള്ള വഴിയൊരുക്കിയത്.
— Royal Challengers Bengaluru (@RCBTweets) April 7, 2025
ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ആര്‍.സി.ബി 221 റണ്‍സ് നേടി. 19 പന്തില്‍ നാല് സിക്‌സറും രണ്ട് ഫോറുമായി ജിതേഷ് ശര്‍മ പുറത്താകാതെ നിന്നു.
— Royal Challengers Bengaluru (@RCBTweets) April 7, 2025
മുംബൈയ്ക്കായി ഹര്‍ദിക് പാണ്ഡ്യയും ട്രെന്റ് ബോള്‍ട്ടും രണ്ട് വിക്കറ്റ് വീതം നേടി. വിഘ്‌നേഷ് പുത്തൂരാണ് ശേഷിച്ച വിക്കറ്റെടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് അത്രകണ്ട് മികച്ച തുടക്കമല്ല ലഭിച്ചത്. രണ്ടാം ഓവറില്‍ തന്നെ രോഹിത് ശര്‍മയെ ടീമിന് നഷ്ടമായിരുന്നു നഷ്ടമായി. ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ രോഹിത് കാര്യമായ ഒരു ഇംപാക്ടും ഉണ്ടാക്കാതെ തിരിച്ചുനടന്നു. ഒമ്പത് പന്തില്‍ 17 റണ്‍സാണ് താരം നേടിയത്. സീസണിലെ രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോറാണിത്.
— Royal Challengers Bengaluru (@RCBTweets) April 7, 2025
അധികം വൈകാതെ റിയാന്‍ റിക്കല്‍ടണും പുറത്തായി. പത്ത് പന്തില്‍ 17 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.
നാലാം നമ്പറില്‍ ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവിനെ ഒപ്പം കൂട്ടി വില്‍ ജാക്‌സ് ചെറുത്തുനില്‍പ്പിനുള്ള ശ്രമം ആരംഭിച്ചു. മൂന്നാം വിക്കറ്റില്‍ 41 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ജാക്‌സ് പുറത്തായി. 18 പന്തില്‍ 22 റണ്‍സാണ് താരം നേടിയത്.
തിലക് വര്‍മയാണ് ശേഷം ക്രീസിലെത്തിയത്. കഴിഞ്ഞ മത്സരത്തില്‍ റിട്ടയേര്‍ഡായതിന്റെ സകല നിരാശയും ഇറക്കിവെക്കാനുള്ള ഉറച്ച തീരുമാനത്തോടെയാണ് തിലക് ക്രീസിലെത്തിയത്.
സൂര്യക്കൊപ്പം ഉറച്ചുനിന്ന് സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ റോയല്‍ ചലഞ്ചേഴ്‌സ് സൂര്യയെ പുറത്താക്കി. യാഷ് ദയാലിന്റെ പന്തില്‍ ലിയാം ലിവിങ്സ്റ്റണ് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. മത്സരത്തില്‍ നേരത്തെ ബെംഗളൂരു താരങ്ങളുടെ പിഴവില്‍ ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും അത് മുതലാക്കാന്‍ സൂര്യകുമാറിന് സാധിച്ചില്ല. 26 പന്തില്‍ 28 റണ്‍സിന് താരം പുറത്തായി.
ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ രണ്ടും കല്‍പ്പിച്ചാണ് ക്രീസിലെത്തിയത്. ആദ്യ നിമിഷം മുതല്‍ക്കുതന്നെ ആക്രമിച്ചുകളിച്ച ഹര്‍ദിക് മറുവശത്തുള്ള തിലകിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്തു. സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യയ്‌ക്കെതിരെ ബാക് ടു ബാക് സിക്‌സറുകളുമായി ഹര്‍ദിക് കളം നിറഞ്ഞാടി.
അഞ്ചാം വിക്കറ്റില്‍ 89 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ഈ കൂട്ടുകെട്ട് ടീമിനെ വിജയത്തിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും ദില്‍ സേ ആരാധകരുടെ നെഞ്ചില്‍ ഇടിത്തീ വീഴ്ത്തി ഭുവനേശ്വര്‍ കുമാര്‍ തിലക് വര്‍മയെ പുറത്താക്കി. 29 പന്തില്‍ 56 റണ്‍സാണ് താരം നേടിയത്.
തിലക് വര്‍മ പുറത്തായി അധികം വൈകാതെ ഹര്‍ദിക് പാണ്ഡ്യയും മടങ്ങി. ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്തില്‍ ലിയാം ലിവിങ്സ്റ്റണ് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
15 പന്തില്‍ 42 റണ്‍സാണ് പാണ്ഡ്യ ടോട്ടലിലേക്ക് ചേര്‍ത്തുവെച്ചത്. നാല് സിക്‌സറും മൂന്ന് ഫോറും അടക്കം 280.00 സ്‌ട്രൈക്ക് റേറ്റിലാണ് ക്യാപ്റ്റന്‍ സ്‌കോര്‍ ചെയ്തത്.
അവസാന ഓവറില്‍ 19 റണ്‍സാണ് മുംബൈ ഇന്ത്യന്‍സിന് വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ മിച്ചല്‍ സാന്റ്‌നറിനെ പുറത്താക്കി ക്രുണാല്‍ പാണ്ഡ്യ ടീമിന് പ്രഹരമേല്‍പ്പിച്ചു. ആരാധകര്‍ സിക്‌സറെന്നുറപ്പിച്ച ഷോട്ട് ബൗണ്ടറി ലൈനിന് തൊട്ടടുത്ത് നിന്നും ടിം ഡേവിഡ് കൈപ്പിടിയിലൊതുക്കി.
ഓവറിലെ രണ്ടാം പന്തിലും പാണ്ഡ്യ വിക്കറ്റ് നേടി. സിക്‌സര്‍ ലക്ഷ്യം വെച്ച് ദീപക് ചഹര്‍ തൊടുത്തുവിട്ട ഷോട്ട് തകര്‍പ്പന്‍ ടീം വര്‍ക്കിലൂടെ ആര്‍.സി.ബി വിക്കറ്റാക്കി മാറ്റുകയായിരുന്നു.
WHAT JUST HAPPENED. 🤯
WHAT JUST HAPPENED. 🤯
WHAT JUST HAPPENED. 🤯
WHAT. A. CATCH. 🤯
— Royal Challengers Bengaluru (@RCBTweets) April 7, 2025
ഓവറിലെ അഞ്ചാം പന്തില്‍ അവസാനപ്രതീക്ഷയായ നമന്‍ ധിറിനെയും മടക്കി ആര്‍.സി.ബി വിജയം ഉറപ്പിച്ചു.
നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് മാത്രമാണ് മുംബൈയ്ക്ക് നേടാന്‍ സാധിച്ചത്.
ബെംഗളൂരുവിനായി ക്രുണാല്‍ പാണ്ഡ്യ നാല് വിക്കറ്റ് വീഴ്ത്തി. ജോഷ് ഹെയ്‌സല്‍വുഡും യാഷ് ദയാലും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഭുവി ശേഷിച്ച വിക്കറ്റും നേടി.
Content Highlight: IPL 2025: Royal Challengers Bengaluru defeated Mumbai Indians