ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ തകര്‍പ്പന്‍ വിജയമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കിയത്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ലഖ്‌നൗ വഴങ്ങിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നായകന്‍ റിഷബ് പന്തിന്റെ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ 227 റണ്‍സെടുത്തിരുന്നു. എന്നാല്‍ എട്ട് പന്ത് ബാക്കി നില്‍ക്കെ ബെംഗളൂരു വിജയം സ്വന്തമാക്കുകയായിരുന്നു. മാത്രമല്ല പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് എത്താനും ബെംഗളൂരുവിന് സാധിച്ചു. ഇതോടെ അവസാന അങ്കത്തില്‍ തോല്‍വിയോടെയാണ് പന്തിനും സംഘത്തിനും മടങ്ങേണ്ടി വന്നത്.
സീസണില്‍ മോശം ഫോമില്‍ കളിച്ച ലഖ്‌നൗ നായകന്‍ റിഷബ് പന്തിന്റെ തിരിച്ച് വരവിനുകൂടിയാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. 61 പന്തില്‍ 118 റണ്‍സെടുത്തതാണ് താരം കളി മറന്നിട്ടില്ലെന്ന് തെളിയിച്ചത്. എട്ട് സിക്‌സും 11 ഫോറും അടക്കം 193.44സ്‌ട്രൈക്ക് റേറ്റിലാണ് പന്ത് ബെംഗളൂരുവിനെതിരെ ബാറ്റ് ചെയ്തത്.
ഇതോടെ ജയിച്ചിട്ടും തോറ്റുപോയ ക്യാപ്റ്റന്മാരുടെ പട്ടികയില്‍ ഇടം നേടാനും പന്തിന് സാധിച്ചു. ഐ.പി.എല്‍ മത്സരത്തില്‍ ഒരു സെഞ്ച്വറി നേടിയ ശേഷം തോല്‍വി വഴങ്ങുന്ന ടീമിലെ ക്യാപ്റ്റന്‍ ആകാനാണ് പന്തിന് സാധിച്ചത്. ഈ ലിസ്റ്റില്‍ മുന്നിലുള്ളത് സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 2011 ഐ.പി.എല്‍ സീസണില്‍ കൊച്ചി തസ്‌കേഴ്‌സ് കേരളയോട് സെഞ്ച്വറി നേടിയശേഷം മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടിരുന്നു. മാത്രമല്ല 2021ല്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പഞ്ചാബിനെതിരെയും സെഞ്ച്വറി നേടിയ മത്സരം പരാജയപ്പെട്ടിരുന്നു.
അതേസമയം മത്സരത്തില്‍ ബെംഗളൂരുവിനായി മിന്നും പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയാണ്. 33 പന്തില്‍ ആറ് സിക്‌സും എട്ട് ഫോറും അടക്കം 85 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന് പുറമെ വിരാട് കോഹ്‌ലി 30 പന്തില്‍ 54 റണ്‍സും മായങ്ക് അഗര്‍വാള്‍ 23 പന്തില്‍ പുറത്താവാതെ 41 റണ്‍സുമെടുത്ത് വിജയത്തില്‍ നിര്‍ണായകമായി.
Content Highlight: IPL 2025: Rishabh Pant becomes captain of losing team after scoring a century in IPL match