നേരത്തെ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ നടന്ന മത്സരത്തിനിടെയാണ് സഞ്ജുവിന് പരിക്കേല്‍ക്കുന്നത്. ചെയസിങ്ങില്‍ ആദ്യ വിക്കറ്റില്‍ യശസ്വി ജെയ്സ്വാളിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തവെയാണ് സഞ്ജുവിന് ഇടുപ്പിന് പരിക്കേല്‍ക്കുകയായിരുന്നു.
ക്യാപ്പിറ്റല്‍സ് സൂപ്പര്‍ സ്പിന്നര്‍ വിപ്രജ് നിഗത്തെ ഒരു ഫോറും സിക്സറിനും പറത്തി മികച്ച രീതിയില്‍ ക്രീസില്‍ തുടരവെയാണ് സഞ്ജുവിന് പരിക്കേല്‍ക്കുന്നത്.
ഓവറിലെ മൂന്നാം പന്ത് വൈഡ് ലൈന്‍ ലെങ്തിലായിരുന്നു. ഷോട്ടിന് ശ്രമിച്ച സഞ്ജുവിന് കൃത്യമായി കണക്ട് ചെയ്യാനായില്ല. ഈ ഷോട്ടിന് ശ്രമിക്കവെ സഞ്ജുവിന്റെ ഇടുപ്പിന് പരിക്കേല്‍ക്കുകയായിരുന്നു.
നോ ബോളായിരുന്ന ഈ പന്തില്‍ ഫ്രീ ഹിറ്റ് ലഭിച്ചെങ്കിലും സഞ്ജുവിന്റെ ഷോട്ട് ഫീല്‍ഡറുടെ കൈയിലൊതുങ്ങി. സിംഗിളോടാന്‍ പോലും സാധിക്കാതെ സഞ്ജു പ്രയാസപ്പെടുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ബാറ്റിങ് തുടരാന്‍ സാധിക്കാതെ സഞ്ജു തിരികെ നടന്നത്. 19 പന്തില്‍ 31 റണ്‍സാണ് സഞ്ജു നേടിയത്.
ഈ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെട്ടിരുന്നു. സൂപ്പര്‍ ഓവറിലായിരുന്നു രാജസ്ഥാന്റെ പരാജയം. ഒരുപക്ഷേ സഞ്ജുവിന് പരിക്കേറ്റിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ആര്‍.ആര്‍ വിജയിക്കാനും സാധ്യതകളേറെയായിരുന്നു.
ഇതിന് ശേഷം സ്വന്തം തട്ടകത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലും സഞ്ജു കളത്തിലിറങ്ങിയിരുന്നില്ല. സഞ്ജുവിന്റെ അഭാവത്തില്‍ ആദ്യ മത്സരങ്ങളിലേതെന്ന പോലെ റിയാന്‍ പരാഗാണ് ടീമിനെ നയിച്ചത്. മത്സരത്തില്‍ രാജസ്ഥാന്‍ രണ്ട് റണ്‍സിന് പരാജയപ്പെടുകയും ചെയ്തു.
എട്ട് മത്സരത്തില്‍ നിന്നും അഞ്ച് ജയവും മൂന്ന് തോല്‍വിയുമായി പട്ടികയില്‍ മൂന്നാമതാണ് റോയല്‍ ചലഞ്ചേഴ്‌സ്. പരാജയപ്പെട്ട മൂന്ന് മത്സരത്തിനും ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയമാണ് വേദിയായത് എന്ന പ്രത്യേകതയുമുണ്ടായിരുന്നു.
ഹോം സ്‌റ്റേഡിയത്തില്‍ ജയിക്കാന്‍ സാധിക്കുന്നില്ല എന്ന ചീത്തപ്പേര് മാറ്റാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ഒരുങ്ങുമ്പോള്‍ സീസണില്‍ നേരത്തെ ജയ്പൂരില്‍ ആര്‍.സി.ബിയോടേറ്റ പരാജയത്തിന് മറുപടി നല്‍കാനാണ് റോയല്‍സ് ഒരുങ്ങുന്നത്.
Content Highlight: IPL 2025: Reports says Sanju Samson will not play against Royal Challengers Bengaluru