ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് പരാജയപ്പെടുത്തിയിരുന്നു. ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 42 റണ്‍സിന്റെ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഉദയസൂര്യന്മാര്‍ തകര്‍പ്പന്‍ ജയം നേടിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് ആയിരുന്നു നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 19.5 ഓവറില്‍ 189 റണ്‍സിന് ബെംഗളൂരു ഓള്‍ ഔട്ട് ആവുകയായിരുന്നു.
𝗢𝗿𝗮𝗻𝗴𝗲 𝗮𝗹𝗲𝗿𝘁 in Lucknow! 🧡@SunRisers secure back-to-back wins with a convincing all-round show against #RCB 👏
സീസണില്‍ മികച്ച രീതിയില്‍ മുന്നേറുന്ന ബെംഗളൂരു സൂപ്പര്‍ താരം വിരാട് കോഹ്ലി കഴിഞ്ഞ ദിവസം ഹൈദരാബാദിനെതിരെയും തിളങ്ങിയിരുന്നു. 25 പന്തില്‍ 43 റണ്‍സ് നേടിയാണ് വിരാട് മടങ്ങിയത്. ഒരു സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും താരത്തിന് സ്വന്തമാക്കാനായി. റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിനായി 800 ഫോറുകള്‍ എന്ന നേട്ടമാണ് വിരാട് സ്വന്തം പേരില്‍ കുറിച്ചത്. ഐ.പി.എല്ലില്‍ നിന്നും ചാമ്പ്യന്‍സ് ലീഗ് ടി 20 യില്‍ നിന്നുമാണ് താരം ഇത്രയും ഫോറുകള്‍ നേടിയത്.
കഴിഞ്ഞ ദിവസം ഐ.പി.എല്ലില്‍ 750 ഫോറുകള്‍ എന്ന നാഴികകല്ലും ബെംഗളൂരു ബാറ്റര്‍ നേടിയിരുന്നു. ഐ.പി.എല്ലില്‍ 756 ഫോറും ചാമ്പ്യന്‍സ് ലീഗില്‍ 45 ഫോറുകളാണ് വിരാട് അടിച്ചെടുത്തെടുത്തത്.
വിരാടിന് പുറമെ ഫില്‍ സാല്‍ട്ടും 32 പന്തില്‍ 62 റണ്‍ സുമായി ടീമിനായി തിളങ്ങി. ക്യാപ്റ്റന്‍ ജിതേഷ് 15 പന്തില്‍ 24 റണ്‍സ് നേടിയും സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനായി ഇഷാന്‍ കിഷന്‍ 48 പന്തില്‍ പുറത്താവാതെ 94 റണ്‍സുമായി തകര്‍പ്പന്‍ പ്രകടനം നടത്തി. 195.83 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത ഇടം കൈയന്‍ ബാറ്ററുടെ ഇന്നിങ്സ് അഞ്ച് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു.
ബൗളിങ്ങില്‍ ഉദയസൂര്യന്മാര്‍ക്ക് വേണ്ടി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഈഷന്‍ മലിംഗ, ജയദേവ് ഉനത്കട്ട്, ഹര്‍ഷല്‍ പട്ടേല്‍, ഹര്‍ഷ് ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റും നേടി.