ഓപ്പണര്‍മാരെ മാത്രം ആശ്രയിക്കാന്‍ കഴിയില്ല; ബെംഗളൂരുവിനെക്കുറിച്ച് ഹര്‍ഭജന്‍ സിങ്
IPL
ഓപ്പണര്‍മാരെ മാത്രം ആശ്രയിക്കാന്‍ കഴിയില്ല; ബെംഗളൂരുവിനെക്കുറിച്ച് ഹര്‍ഭജന്‍ സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 24th May 2025, 9:05 am

+ഐ.പി.എല്ലില്‍ ബെംഗളൂരുവിനെ പരാജയപ്പെടുത്തി സണ്‍റൈസസ് ഹൈദരാബാദ്. ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 42 റണ്‍സിന്റെ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് ആയിരുന്നു നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 19.5 ഓവറില്‍ 189 റണ്‍സിന് ബെംഗളൂരു ഓള്‍ ഔട്ട് ആവുകയായിരുന്നു.

എങ്കിലും ബെംഗളൂരുവിന് വേണ്ടി വിരാട് കോഹ്ലി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. 25 പന്തില്‍ 43 റണ്‍സ് നേടിയാണ് വിരാട് മടങ്ങിയത്. ഒരു സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഇപ്പോള്‍ വിരാടിനെ പ്രശംസിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്.

റണ്‍സ് നേടേണ്ട ഉത്തരവാദിത്തം എപ്പോഴും വിരാട് കോഹ്ലിയുടേതല്ലെന്നും അവന്‍ ഒരു വലിയ കളിക്കാരനായതിനാല്‍ നിങ്ങള്‍ അങ്ങനെ പ്രതീക്ഷിക്കുകയാണെന്നും ഹര്‍ഭജന്‍ പറഞ്ഞു. ഇടവേളയ്ക്ക് ശേഷം ബെംഗളൂരുവിന് മുന്നോട്ട് പോകാന്‍ സാധിക്കുന്നില്ലെന്നും മാത്രമല്ല ബെംഗളൂരുവിന് ഓപ്പണര്‍മാരെ മാത്രം ആശ്രയിക്കാന്‍ സാധിക്കില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു.

‘റണ്‍സ് നേടേണ്ട ഉത്തരവാദിത്തം എപ്പോഴും വിരാട് കോഹ്ലിയുടേതല്ല. അദ്ദേഹം ഒരു വലിയ കളിക്കാരനായതിനാല്‍ എല്ലാ മത്സരങ്ങളിലും അദ്ദേഹം സംഭാവന നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, പക്ഷേ എല്ലാ സീസണിലും 500 റണ്‍സ് എന്ന നേട്ടം അദ്ദേഹം നേടിയിട്ടുണ്ട്.

ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന 3-4 പേരെ അവന്‍ (വിരാട്) കണ്ടെത്തേണ്ടതുണ്ട്. 20 ദിവസത്തെ ഇടവേള അവരുടെ (ആര്‍.സി.ബി) ആക്കം തകര്‍ത്തുവെന്ന് ഞാന്‍ കരുതുന്നു. ലീഗ് സസ്‌പെന്റ് ചെയ്തതിന് ശേഷം മോശം പ്രകടനം കാഴ്ചവെച്ച ടീമുകള്‍ വിജയവഴിയിലേക്ക് തിരിച്ചെത്തി. ഹൈദരാബാദും ലഖ്നൗവും മത്സരങ്ങള്‍ ജയിച്ചു, പക്ഷേ മുന്‍നിര ടീമുകളായ ബെംഗളൂരുവും ഗുജറാത്തും തോല്‍വികള്‍ ഏറ്റുവാങ്ങി. ബെംഗളൂരുവിന് അവരുടെ ഓപ്പണര്‍മാരെ മാത്രം ആശ്രയിക്കാന്‍ കഴിയില്ല,’ ഹര്‍ഭജന്‍ സിങ് പറഞ്ഞു.

ഹൈദരാബാദിന് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ച ഇഷാന്‍ കിഷന്റെ കരുത്തിലാണ് 231 എന്ന ഉയര്‍ന്ന റണ്‍സില്‍ എത്തിയത്. ബെംഗളൂരുവിനെതിരെ ഹൈദരാബാദ് സ്വന്തമാക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആണിത്. ഇഷാന്‍ കിഷന്‍ 48 പന്തില്‍ പുറത്താവാതെ 94 റണ്‍സുമായി തകര്‍പ്പന്‍ പ്രകടനം നടത്തി. 195.83 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത ഇടം കൈയന്‍ ബാറ്ററുടെ ഇന്നിങ്‌സ് അഞ്ച് സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു.

ബെംഗളൂരുവിന് വേണ്ടി ഫില്‍ സാള്‍ട്ട് 32 പന്തില്‍ 62 റണ്‍സും ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ 15 പന്തില്‍ 24 റണ്‍സും നേടിയിരുന്നു. എന്നാല്‍ ഹൈദരാബാദിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തില്‍ തകര്‍ന്നടിയുകയായിരുന്നു ബെംഗളൂരു.

ബൗളിങ്ങില്‍ ഉദയസൂര്യന്മാര്‍ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ആയിരുന്നു. 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. ഈഷന്‍ മലിംഗ, ജയദേവ് ഉനത്കട്ട്, ഹര്‍ഷല്‍ പട്ടേല്‍, ഹര്‍ഷ് ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Content Highlight: IPL 2025: RCB vs SRH: Harbhajan Singh talks about Royal Challengers Bengaluru