സഞ്ജു സാംസണിന്റെ പരിക്ക് ഭേദമാകാത്തതിനാല്‍ റിയാന്‍ പരാഗ് തന്നെയാണ് ചിന്നസ്വാമിയിലും രാജസ്ഥാനെ നയിക്കുന്നത്.
സീസണില്‍ നേരത്തെ രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് രണ്ട് പോയിന്റ് നേടിയിരുന്നു. അന്ന് നഷ്ടപ്പെടുത്തിയ പോയിന്റ് തിരികെ പിടിക്കാനാണ് രാജസ്ഥാന്‍ ഒരുങ്ങുന്നത്.
എന്നാല്‍ ഐ.പി.എല്‍ 2025ല്‍ സ്വന്തം തട്ടകത്തില്‍ ഇതുവരെ വിജയിക്കാന്‍ സാധിക്കാതിരുന്ന റോയല്‍ ചലഞ്ചേഴ്‌സാകട്ടെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ ആദ്യ വിജയമാണ് ലക്ഷ്യമിടുന്നത്.
സ്വന്തം മണ്ണില്‍ പരാജയപ്പെട്ട് എതിരാളികളുടെ തട്ടകത്തിലെത്തി വിജയിക്കുന്നതാണ് ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ‘പിന്തുടരുന്ന’ പാറ്റേണ്‍
ചെപ്പോക്കിലും വാംഖഡെയിലും ഇഡന്‍ ഗാര്‍ഡന്‍സിലും ജയ്പൂരിലും മുല്ലാന്‍പൂരിലും എതിരാളികളുടെ തട്ടകത്തില്‍ കളിച്ച അഞ്ച് മത്സരത്തിലും ജയം സ്വന്തമാക്കിയപ്പോള്‍ സ്വന്തം മണ്ണിലെ മൂന്ന് മത്സരത്തിലും ബെംഗളൂരു തോല്‍വി വഴങ്ങി.
പഞ്ചാബ് കിങ്സിനെതിരെയാണ് ബെംഗളൂരു അവസാനം സ്വന്തം തട്ടകത്തില്‍ പരാജയപ്പെട്ടത്. ഈ തോല്‍വിക്ക് പിന്നാലെ ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു ഗ്രൗണ്ടില്‍ ഏറ്റവുമധികം മത്സരങ്ങള്‍ പരാജയപ്പെടുന്ന ടീം എന്ന അനാവശ്യ നേട്ടം ബെംഗളൂരുവിന്റെ പേരില്‍ കുറിക്കപ്പെട്ടിരുന്നു.
ചിന്നസ്വാമിയില്‍ ആര്‍.സി.ബിയുടെ 46ാം പരാജയമായിരുന്നു അത്. മറ്റൊരു ടീമും തന്നെ തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ ഇത്രയധികം മത്സരങ്ങളില്‍ പരാജയപ്പെട്ടിട്ടില്ല.
എന്നാല്‍ ഈ തോല്‍വിക്കുള്ള മറുപടി പഞ്ചാബിന്റെ തട്ടകത്തിലെത്തി നല്‍കിയാണ് ആര്‍.സി.ബി കരുത്ത് കാട്ടിയത്.
അതേസമയം, രാജസ്ഥാന്‍ റോയല്‍സാകട്ടെ ജയമുറപ്പിച്ച ശേഷം തോല്‍വി ചോദിച്ചുവാങ്ങിയ മത്സരങ്ങളുടെ ആഘാതം മറികടക്കാനുള്ള ശ്രമത്തിലാണ്.
രാജസ്ഥാനെതിരായ മത്സരം മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 28 എന്ന നിലയിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാറ്റിങ് തുടരുന്നത്. പത്ത് പന്തില്‍ ഏഴ് റണ്‍സുമായി ഫില്‍ സാള്‍ട്ടും എട്ട് പന്തില്‍ 14 റണ്‍സുമായി വിരാട് കോഹ്ലിയുമാണ് ക്രീസില്‍.