ഐ.പി.എല്‍ 2025ലെ ആദ്യ ക്വാളിഫയറില്‍ തൊട്ടതെല്ലാം പാളി പഞ്ചാബ് കിങ്‌സ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 101ന് പുറത്തായി.
പവര്‍പ്ലേയില്‍ ടീം സ്‌കോര്‍ 50 കടക്കും മുമ്പേ നാല് വിക്കറ്റ് നഷ്ടപ്പെട്ട പഞ്ചാബ് ഇന്നിങ്‌സിന് അടിത്തറയൊരുക്കാന്‍ പോലും ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്കായില്ല. ജോഷ് ഹെയ്‌സല്‍വുഡും യാഷ് ദയാലും ഭുവുനേശ്വര്‍ കുമാറുമടങ്ങിയ സ്പീഡ് ഗണ്ണുകള്‍ ഹോം ടീമിനെ കശക്കിവിട്ടു.
— Royal Challengers Bengaluru (@RCBTweets) May 29, 2025
പ്രിയാന്‍ഷ് ആര്യ അഞ്ച് പന്തില്‍ നാല് റണ്‍സിനും പ്രഭ്സിമ്രാന്‍ സിങ് പത്ത് പന്തില്‍ 18 റണ്‍സിനും ജോഷ് ഇംഗ്ലിസ് ഏഴ് പന്തില്‍ നാല് റണ്‍സിനും പുറത്തായി. മൂന്ന് പന്തില്‍ രണ്ട് റണ്‍സ് മാത്രം സ്വന്തമാക്കിയാണ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മടങ്ങിയത്.
മത്സരത്തിലേക്ക് ആര്‍.സി.ബി തങ്ങളുടെ സ്പിന്‍ ബൗളര്‍മാരെ ഇന്‍ട്രൊഡ്യൂസ് ചെയ്തതോടെ പഞ്ചാബ് കൂടുതല്‍ സമ്മര്‍ദത്തിലായി. പ്രത്യേകിച്ചും സുയാഷ് ശര്‍മയെന്ന റിസ്റ്റ് സ്പിന്നറുടെ മുമ്പില്‍ പഞ്ചാബ് താരങ്ങള്‍ കളി മറന്നു.
പന്തെടുത്ത ആദ്യ ഓവറില്‍ തന്നെ ഇരട്ട വിക്കറ്റുമായാണ് സുയാഷ് തിളങ്ങിയത്. ഓവറിലെ രണ്ടാം പന്തില്‍ തന്നെ വെടിക്കെട്ട് വീരന്‍ ശശാങ്ക് സിങ്ങിന് ഡ്രസ്സിങ് റൂമിലേക്കുള്ള വഴി കാണിച്ചുകൊടുത്ത് സുയാഷ് വേട്ടയാരംഭിച്ചു. അഞ്ച് പന്തില്‍ മൂന്ന് റണ്ണുമായി ക്ലീന്‍ ബൗള്‍ഡായാണ് താരം പുറത്തായത്. സുയാഷിന്റെ ഗൂഗ്ലി റീഡ് ചെയ്യാനാകാതെ ശശാങ്ക് വിക്കറ്റ് സമ്മാനിച്ച് തിരിച്ചുനടന്നു.
— Royal Challengers Bengaluru (@RCBTweets) May 29, 2025
ടീം സ്‌കോര്‍ 60ല്‍ നില്‍ക്കവെ ആറാം വിക്കറ്റായി ശശാങ്കിനെ നഷ്ടപ്പെട്ടതോടെ പഞ്ചാബ് തങ്ങളുടെ ഗെയിം പ്ലാന്‍ പൊളിച്ചെഴുതാന്‍ നിര്‍ബന്ധിതരായി. പ്രഭ്‌സിമ്രാന്‍ സിങ്ങിനെ പിന്‍വലിച്ച് മുഷീര്‍ ഖാനെ ടീം ഇംപാക്ട് പ്ലെയറായി കളത്തിലിറക്കി.
തന്റെ അടുത്ത ഓവറിലെ മൂന്നാം പന്തില്‍ സുയാഷ് അടുത്ത വിക്കറ്റും സ്വന്തമാക്കി. അപകടകാരിയായ മാര്‍കസ് സ്റ്റോയ്‌നിസിനെ ബൗള്‍ഡാക്കിക്കൊണ്ടായിരുന്നു സുയാഷ് പഞ്ചാബിന്റെ മൂര്‍ദ്ധാവില്‍ അടുത്ത പ്രഹരമേല്‍പ്പിച്ചത്. ഇതോടെ ഇന്നിങ്‌സിലെ ഒമ്പതാം പന്തില്‍ താരം തന്റെ മൂന്നാം വിക്കറ്റും വീഴ്ത്തി.
— Royal Challengers Bengaluru (@RCBTweets) May 29, 2025
അതേസമയം, പഞ്ചാബ് കിങ്‌സിനെ 101 റണ്‍സില്‍ പുറത്താക്കി റോയല്‍ ചലഞ്ചേഴ്‌സ് കരുത്തുകാട്ടി. അസ്മത്തുള്ള ഒമര്‍സായിയെ പുറത്താക്കി ജോഷ് ഹെയ്‌സല്‍വുഡാണ് പഞ്ചാബിനെ ഓള്‍ ഔട്ടിലേക്ക് തള്ളിയിട്ടത്. ജിതേഷ് ശര്‍മയുടെ തകര്‍പ്പന്‍ ക്യാച്ചിലൊതുങ്ങും മുമ്പ് താരം 12 പന്തില്‍ 18 റണ്‍സ് നേടിയിരുന്നു.
ആര്‍.സി.ബിക്കായി സുയാഷ് ശര്‍മ, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. യാഷ് ദയാല്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ റൊമാരിയോ ഷെപ്പേര്‍ഡും ഭുവനേശ്വര്‍ കുമാറും ഓരോ താരങ്ങളെയും മടക്കി.
Towering high for our bowlers, lowest target ever in the IPL playoffs to chase for our batters! 🔥